തലയിൽ മുണ്ടിട്ടു നടക്കൂ മലയാളീ : മാത്യുക്കുട്ടി ഈശോ

Spread the love

ന്യൂയോർക്ക്  :   “എൽ.ഡി.എഫ്. വരും എല്ലാം ശരിയാകും” എന്ന മുദ്രാവാക്യവുമായി വന്ന ഒന്നാം പിണറായി സർക്കാർ രണ്ടാം തവണയും ഭരണം പിടിക്കുന്നതിനായി ഇലക്ഷന് രണ്ടു മാസം മുമ്പ് കുറച്ചു കിറ്റുകളും നൽകി വീടുകൾ തോറും കയറിയിറങ്ങി വാർധക്യ പെൻഷനുകളും വിതരണം ചെയ്‌ത്‌ മലയാളികളെ വെറും കഴുതകളാക്കി. നിലവാരം കുറഞ്ഞ സാധനങ്ങൾ ഉൾപ്പെടുത്തി 350 രൂപയുടെ വിലക്കുള്ള സാധനങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ കിറ്റുകൾ 500 രൂപ വിലപിടിച്ചതാണ് എന്ന് കബളിപ്പിച്ച് നൽകിയപ്പോൾ ഇടതു സർക്കാർ കരുതലിന്റെ സർക്കാർ ആണെന്ന് പാവം മലയാളികൾ വിശ്വസിച്ച് ഇടതിന് വീണ്ടും വോട്ടു ചെയ്തു വിജയിപ്പിച്ചു. അങ്ങനെ വിജയിച്ചു

രണ്ടാമതും അധികാരത്തിൽ വന്നതിനു ശേഷം കിറ്റുകൾ അപ്രത്യക്ഷമായി. ഈ കിറ്റിടപാടിൽ തന്നെ രണ്ടു രീതിയിലാണ് പാവം മലയാളികൾ കബളിപ്പിക്കപ്പെട്ടത്. ഒന്നാമത് 350 രൂപയുടെ സാധനങ്ങൾ 500 രൂപാ വിലപിടിച്ചതാണെന്നു കളവു പറഞ്ഞു 100 മുതൽ 150 രൂപാ വരെ ഓരോ കിറ്റിനും നേതാക്കൾ കീശയിലിട്ടു. രണ്ടാമത്, ഇതിനായി മുടക്കിയ തുക മുഴുവൻ പൊതു ഖജനാവിൽ വന്ന പാവങ്ങളുടെ നികുതി പണത്തിൽ നിന്നുമാണ് നൽകിയത്. വൈകിട്ടന്തിയോളം പണിയെടുത്ത് അൽപ്പം മദ്യപിക്കാമെന്നു കരുതുന്ന പാവപ്പെട്ടവനെ ഞെക്കിപ്പിഴിഞ്ഞെടുക്കുന്ന മദ്യ നികുതി. ജീവിത മാർഗ്ഗത്തിനായി തൊഴിലിടങ്ങളിലേക്ക് ബൈക്കിൽ പോകുന്ന തൊഴിലാളി അടിക്കുന്ന ഓരോ തുള്ളി പെട്രോളിനും നൽകുന്ന നികുതി. ഇവയിൽ നിന്നും കയ്യിട്ടുവാരി കുറെ കീശയിലിട്ട് ബാക്കിക്ക് കിറ്റ് നൽകി ഭരണനേട്ടം എന്നും കരുതലെന്നും കൊട്ടിഘോഷിക്കുന്ന ചൂഷണ സർക്കാർ.

ഇപ്പോഴിതാ കോവിഡ് കാലത്തെ പി.പി.ഇ കിറ്റുകളും മറ്റു മെഡിക്കൽ ഉപകരണങ്ങളും വാങ്ങിയതിൽ കോടിക്കണക്കിനു അഴിമതി നടത്തിയതിനു അന്വേഷണം പ്രഖ്യാപിച്ച് ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു. ഇത്തരം അഴിമതിയാരോപണങ്ങളിൽ ഇടപെട്ടു ലോകായുക്ത കേസെടുത്താൽ തങ്ങൾ കുടുങ്ങും എന്ന് മുൻ കൂട്ടി കണ്ട് ലോകായുക്തയുടെ പത്തി മടക്കിക്കാൻ അതിനെ നിർവീര്യമാക്കാൻ ഓർഡിനൻസ് പുറപ്പെടുവിച്ച കരുതലിന്റെ സർക്കാർ. ബന്ധു നിയമനങ്ങളും പിൻ വാതിൽ നിയമനങ്ങളും മരണപ്പെട്ട തല്പര നേതാക്കളുടെ കടങ്ങൾ വീട്ടാൻ പൊതു ഖജനാവിൽ നിന്നും വികസനമെന്ന പേരിൽ കടമെടുക്കുന്ന ഫണ്ടിൽനിന്നും വഴിവിട്ട സഹായങ്ങൾ നൽകിയതും ചോദ്യം ചെയ്ത് ലോകായുക്തയിൽ വന്നിരിക്കുന്ന കേസുകളെ ഭയക്കുന്ന സർക്കാർ. ഇപ്പോൾ ഭരണം എന്തെങ്കിലും നടക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

എന്തെല്ലാം അതിക്രമങ്ങളാണ് ദൈവത്തിൻറെ സ്വന്തം നാട് എന്നറിയപ്പെടുന്ന നമ്മുടെ സുന്ദര കേരളത്തിൽ നടമാടുന്നത്? ഇപ്പോൾ കേരളം ചെകുത്താന്റെ സ്വന്തം നാടായി മാറിയിരിക്കുന്നു. പ്രവാസികlൾക്ക് കേരളത്തിലേക്ക് പോകുവാൻ ഭയമായിരിക്കുന്നു. അവിടെ ചെന്നാൽ പോലീസിന്റെ അതിക്രമങ്ങൾക്ക് ഇരയാകാതെയും കള്ളക്കേസുകളിൽ കുടുക്കി ജയിലറകൾക്കുള്ളിൽ കിടക്കാതെയും ഹണി ട്രാപ്പിൽ പെടാതെയും രക്ഷപ്പെട്ടു തിരികെ പ്രവാസ ലോകത്തേക്ക് വരാൻ സാധിക്കുന്നവർ ഭാഗ്യവാന്മാർ. ദുരാചാര ക്രിയകൾക്കായി നരഹത്യ ചെയ്യാൻ മടിക്കാത്തവർ. വഴിയേ വാഹനം ഓടിച്ചുപോകുമ്പോൾ പരിശോധന നടത്തുന്ന പോലീസുകാരോട് എന്തിന്റെ പേരിലുള്ള പരിശോധനയെന്ന് ചോദിച്ചാൽ തൂക്കിയെടുത്ത് പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി കുഞ്ഞു മക്കളുടെ മുമ്പിലിട്ട് മർദ്ദിക്കുന്ന നരാധമന്മാരായ ഏമാന്മാരുടെ തേർവാഴ്ച അനുഭവിക്കേണ്ടി വരുന്നവർ. വിദേശത്തോ പട്ടാളത്തിലോ ജോലിയാണെന്ന് പറഞ്ഞാൽ ജീവിത മാർഗ്ഗം വഴി മുട്ടിക്കാൻ കള്ള കേസെടുക്കുന്ന പോലീസേമാന്മാർ അടക്കി വാഴുന്ന കേരളം.

k-rail-silverline

മയക്കു മരുന്നുകളുടെ അതിപ്രസരത്തിൽ അടിമകളായി അധ്യാപകരെവരെ മർദ്ദിക്കുന്ന വിദ്യാർഥികൾ ഉള്ള നാട്. എല്ലാ സ്‌കൂളുകളുടെയും ചുറ്റുവട്ടവുമുള്ള പെട്ടിക്കടകളിൽ വരെ കഞ്ചാവും എം.ഡി.എം.എ. പോലെയുള്ള മയക്കു മരുന്നുകളും അനായാസം ലഭ്യമാകുന്ന നാട്. ആഭിചാരക്രിയകൾക്കായി നരഹത്യ ചെയ്യുന്ന നാട്. തൊഴിൽ ലഭിക്കാൻ സാഹചര്യമൊന്നും ഇല്ലാത്തതിനാൽ ചെറുപ്പക്കാർ നാടുവിട്ടോടുന്ന നാട്. മാർക്സിസ്റ്റ് പാർട്ടിയുടെയും ഉപചാപക തൊഴിലാളി സംഘടനകളുടെയും അതിക്രമത്താൽ തൊഴിൽ സ്ഥാപനങ്ങളും ബിസിനെസ്സുകളും നടത്താൻ സാധിക്കാതെ ആത്‌മഹത്യ ചെയ്യാനും സ്വന്തം നാട് വിട്ട് അന്യ സംസ്ഥാനങ്ങളിൽ അഭയം പ്രാപിക്കാനും പ്രേരിപ്പിക്കുന്ന നാട്. വഴിയേ നടന്നു പോകുന്നവനെ ആളുമാറി കസ്റ്റഡിയിലെടുത്തു മർദ്ദിച്ചവശനാക്കുന്ന പോലീസുള്ള നാട്. സ്ത്രീകളെ കാണുമ്പോൾ ഞരമ്പുരോഗം വർദ്ധിച്ച്‌ ലൈംഗീകേച്ഛയോടെ സമീപിക്കുന്ന നേതാക്കളുള്ള നാട്. വീട്ടിൽ കയറ്റാൻ കൊള്ളാത്തവനായി സ്ത്രീകൾ മുദ്രകുത്തുന്ന മന്ത്രിമാർ ഭരിക്കുന്ന നാട്. തൊഴിലില്ലായ്മയാൽ നട്ടം തിരിയുന്ന പാവങ്ങൾ കടമെടുത്ത ബാങ്ക് വായ്‌പ്പ തിരിച്ചടക്കാൻ ഒരു മാസം വൈകിയാൽ ഉടൻ വീട് ജപ്തി ചെയ്തു നടപടിയെടുത്തത് മൂലം മനം നൊന്തു ആൽമഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്ന നാട്.

കള്ളക്കടത്തുകാർക്കും ഗുണ്ടാ സംഘങ്ങൾക്കും വാണരുളാൻ സംരക്ഷണം നൽകുന്ന നാട്. ബലാത്സംഗവും രാഷ്ട്രീയ കൊലപാതകവും നടത്തുന്നവരെ പൊതു ഖജനാവിൽ നിന്ന് കോടികൾ മുടക്കി രക്ഷപ്പെടുത്താൻ കൂട്ടുനിൽക്കുന്ന സർക്കാരുള്ള നാട്. രണ്ടു വയസ്സ് മുതൽ 80 വയസ്സുവരെയുള്ള സ്ത്രീകളെ മൃഗീയമായി ബലാത്സംഗം ചെയ്യുവാനും കൊന്നു കുഴിച്ചുമൂടുവാനും മടിയില്ലാത്തവർ അധിവസിക്കുന്ന നാട്. സ്വന്തം മകളുടെയും മകന്റെയും ഭാവി സുരക്ഷിതമാക്കാൻ കോടികൾ അനധികൃത സ്വത്തായി സമ്പാദിക്കാൻ തത്രപ്പെടുന്ന തൊഴിലാളി വർഗ്ഗ നേതാവായ മുഖ്യമന്ത്രി ഭരിക്കുന്ന നാട്. സംസ്ഥാനത്തിൻറെ ദൈനംദിന ചെലവിനായി കടം മേടിച്ചു മുടിഞ്ഞിട്ടും ധൂർത്ത് ഒട്ടും കുറയ്ക്കാതെ കുടുംബ സമേതം ഉലകം ചുറ്റുന്ന നാഥനുള്ള നാട്. ഉന്നത വിദ്യാഭ്യാസം നൽകേണ്ട യൂണിവേഴ്സിറ്റികളിൽ മാനദണ്ഠങ്ങൾ കാറ്റിൽ പറത്തി തങ്ങളുടെ ഇഷ്ടക്കാരെ തലപ്പത്തു കയറ്റിയിരുത്തിയതിന് ശേഷം ചാൻസലറുമായി ഗുസ്തിപിടിക്കുന്ന മുഖ്യമന്ത്രിയുള്ള നാട്. മഴക്കെടുതി മൂലവും പ്രകൃതി ക്ഷോഭം മൂലവും കിടപ്പാടങ്ങൾ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ എന്ന വ്യാജേന ലോകം മുഴുവനും തെണ്ടി വാങ്ങിയ പണം അർഹതപ്പെട്ടവർക്ക് നൽകാതെ സ്വന്തം പോക്കറ്റിലിട്ട് സുഖിക്കുന്ന കണ്ണിൽ ചോരയില്ലാത്ത നേതാക്കളുള്ള നാട്. വികസനത്തിന്റെ പേരിൽ പദ്ധതികൾ ഉണ്ടാക്കി എല്ലാത്തിനും കമ്മീഷൻ അടിച്ചു മാറ്റുന്ന ഭരണകർത്താക്കളുള്ള നാട്.

കെ-റെയിലും കെ-ഫോണും മറ്റു പല കെ-പദ്ധതികളും നാടിന്റെ വികസനത്തിനെന്നു തെറ്റിദ്ധരിപ്പിച്ച് കോടികൾ കമ്മീഷനായി കൈക്കലാക്കാൻ ആവേശം കാണിക്കുന്ന നേതാക്കളുടെ നാട്. ഏതു തോന്ന്യവാസത്തിനും പൊട്ട ന്യായീകരണങ്ങൾ നിരത്താൻ മടിയില്ലാത്ത ന്യായീകരണ തൊഴിലാളികൾ ധാരാളമുള്ള നാട്.

അങ്ങനെ എണ്ണിയാൽ തീരാത്ത പ്രത്യേകതകൾ മൂലം നശിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ സ്വന്തം നാട് എന്ന കൊച്ചു കേരളത്തിൽ ജനിച്ച മലയാളികളേ നിങ്ങൾ വെളിയിലിറങ്ങി നടക്കുമ്പോൾ തലയിൽ മുണ്ടിട്ട് നടന്നാൽ സ്വന്തം അഭിമാനം രക്ഷിക്കാം. നമ്മുടെ നാട് ഇനിയും കുട്ടിച്ചോറാക്കാൻ അടുത്ത കിറ്റ് തന്ന് നമ്മുടെ നെഞ്ചത്ത് മഞ്ഞ കുറ്റിയടിക്കാൻ വീണ്ടും ഇവറ്റകൾക്ക് തന്നെ വോട്ടു നൽകി അധികാരത്തിലേറ്റൂ. എന്നിട്ടു മാറി നിന്ന് ചിരിക്കൂ. എന്തൊരു സുന്ദര നാട്…..