സതീശന്‍ പാച്ചേനിയുടെ നിര്യാണത്തില്‍ കെ.സുധാകരന്‍ എംപി അനുശോചിച്ചു

Spread the love

കോണ്‍ഗ്രസ് പ്രസ്ഥാനത്തെ പ്രാണവായുപോലെ സ്‌നേഹിച്ച സഹോദരതുല്യനായ പൊതുപ്രവര്‍ത്തകനായിരുന്നു സതീശന്‍. ആത്മാര്‍ത്ഥത, ഊര്‍ജ്ജസ്വലത, സത്യസന്ധത എന്ന വാക്കുകളുടെ പര്യായമായി സതീശന്‍ പാച്ചേനിയെന്ന് രേഖപ്പെടുത്തിയാല്‍ ഒട്ടും അതിശോക്തിയില്ല. കോണ്‍ഗ്രസ് ആശയവും ആദര്‍ശവും ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ സ്വന്തം കുടുംബത്ത് നിന്നും പടിയിറക്കപ്പെട്ടിട്ടും തളരാതെ പോരാടി ത്യാഗനിര്‍ഭരമായ ജീവിതം നയിച്ച പൊതുപ്രവര്‍ത്തകനാണ് സതീശന്‍.

പ്രതിസന്ധിഘട്ടങ്ങളില്‍ പാര്‍ട്ടിയുടെ താങ്ങും തണലുമായി മാറാന്‍ സതീശന് കഴിഞ്ഞു.കിടക്കാടം പണയം വെച്ചും പാര്‍ട്ടിക്ക് ആസ്ഥാന മന്ദിരം നിര്‍മ്മിക്കാന്‍ ഓടിനടന്ന സതീശന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എന്നും വികാരമാണ്. തിരഞ്ഞെടുപ്പ് മത്സര രംഗത്ത് അടിപതറിയെങ്കിലും അവയെല്ലാം ചരിത്ര രേഖകളില്‍ ഇടം പിടിച്ചവയാണ്.സിപിഎമ്മിന്റെ ശക്തിദുര്‍ഗങ്ങളില്‍ വി.എസ്.അച്യുതാനന്ദനെ പോലുള്ള കരുത്തരായ എതിരാളികളുമായാണ് സതീശന്‍ ഏറ്റുമുട്ടിയത്.അവര്‍ക്കെല്ലാം സതീശനെ പരാജയപ്പെടുത്താന്‍ നന്നേ വിയര്‍പ്പൊഴുക്കേണ്ടി വന്നത് അദ്ദേഹത്തിന്റെ പ്രവര്‍ത്തന പാരമ്പര്യത്തിന്റെയും സംഘടനാ മികവിന്റെയും പ്രത്യേകതയാണ്. തോല്‍വികളില്‍ തളരാത്ത ധീരയോദ്ധാവായിരുന്നു സതീശന്‍.ആദര്‍ശ രാഷ്ട്രീയം ജീവിതാവസാനം വരെ കൈമോശം വരാത്ത പൊതുപ്രവര്‍ത്തകന്‍.

ഒരമ്മപെറ്റതല്ലെങ്കിലും സുധാകരേട്ട എന്ന വിളിക്കുമപ്പുറം ആത്മാര്‍ത്ഥമായ സ്‌നേഹം ഉള്ളിലൊളിപ്പിച്ച കൂടപ്പിറപ്പായിരുന്നു എന്റെ സതീശന്‍. നേരില്‍ കാണുമ്പോഴെല്ലാം സംഘടനാകാര്യത്തോടൊപ്പം കുടുംബവിശേഷവും പങ്കുവെയ്ക്കാറുണ്ടായിരുന്നു. സതീശന്റെ ആരോഗ്യകാര്യങ്ങളില്‍ ഞാന്‍ ആശങ്കപങ്കുവെച്ചപ്പോഴെല്ലാം അതൊന്നും പ്രശ്‌നമില്ലെന്ന് പറഞ്ഞ് എന്നെ ആശ്വസിപ്പിച്ച പ്രിയ അനുജന്‍. അവന്റെ പോരാട്ട വിര്യം തൊട്ടടുത്ത് നിന്ന് കണ്ടറിഞ്ഞിട്ടുള്ള ഞാന്‍ ഈ പ്രതിസന്ധിയേയും അതിജീവിക്കുമെന്ന് ആത്മാര്‍ത്ഥമായി കരുതി.എന്നാലത് പാഴായി, സതീശന്‍ ഇനിയൊരിക്കലും തിരിച്ചുവരില്ലെന്ന ഓര്‍മ്മപ്പെടുത്തല്‍ ഒരു വല്ലാത്ത വിങ്ങലായി മനസ്സില്‍ നീറിപ്പുകയുന്നു.സതീശന്‍ പാച്ചേനിയുടെ അകാല വിയോഗം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് നികത്താന്‍ കഴിയാത്തതാണ്. സതീശന്റെ വേര്‍പാട് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല. സതീശന്റെ വിയോഗത്തില്‍ വേദനിക്കുന്ന കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതോടൊപ്പം ആ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നവെന്നും സുധാകരന്‍ പറഞ്ഞു.

Author