സതീശന്‍ പാച്ചേനിയുടെ നിര്യാണത്തില്‍ എ ഐ സി സി ജനറൽ സെക്രട്ടറി കെസി വേണുഗോപാല്‍ അനുശോചിച്ചു

കെ പിപിസി മുന്‍ ജനറല്‍ സെക്രട്ടറിയും കണ്ണൂര്‍ ഡിസിസി പ്രസിഡന്റുമായിരുന്ന സതീശന്‍ പാച്ചേനിയുടെ നിര്യാണത്തില്‍ എ ഐ സി സി ജനറൽ സെക്രട്ടറി കെസി വേണുഗോപാല്‍ അനുശോചിച്ചു.

ഏറ്റെടുത്ത ചുമതലകള്‍ ആത്മാര്‍ത്ഥയോടും സത്യസന്ധവുമായി നിറവേറ്റാന്‍ എന്തു ത്യാഗത്തിനും തയ്യാറായ സതീശന്‍ മരണം വരെ ഒരു പോരാളിയായിരുന്നു. നാളിതുവരെയുള്ള സമ്പാദ്യം പണയപ്പെടുത്തി പാര്‍ട്ടി ഓഫീസ് നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നാഗ്രഹിച്ച സതീശന്റെ പാര്‍ട്ടിയോടുള്ള കൂറും നിശ്ചയദാര്‍ഢ്യവും

വിവരണാതീതമാണ്.കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയില്‍ താഴെത്തട്ടിലുള്ള കോണ്‍ഗ്രസ് നേതാക്കളുമായി വളരെ ആത്മബന്ധം പുലര്‍ത്തിയ നേതാവ്. പാര്‍ട്ടിയിലെ മതേതര മുഖങ്ങളില്‍ ഒന്നായിരുന്നു സതീശന്‍. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന സതീശന്‍ നടന്നു കയറിയ ഓരോ പടവകളും കഷ്ടതകളുടെയും യാതനകളുടെയും കൂടിയായിരുന്നു. തിരഞ്ഞെടുപ്പുകളില്‍ വിജയിക്കാനായില്ലെങ്കിലും വിഎസ് അച്യുതാനന്ദനെ പോലുള്ള കരുത്തരായ എതിരാളികളെപ്പോലും വിറപ്പിക്കുന്ന ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാന്‍ പാച്ചേനിക്കായി. സഹോദര തുല്യനായ ഒരു നേതാവിനെയാണ് അകാലത്തില്‍ നഷ്ടമാകുന്നത്.‍
സതീശന്റെ പൊതുജീവിതം ത്യാഗോജ്വലമായ പോരാട്ടം ആയിരുന്നു. സതീശന്‍ പാച്ചേനിയുടെ വിയോഗം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഉണ്ടാക്കിയ നഷ്ടം അപരിഹാര്യമാണെന്നും വേണുഗോപാല്‍ പറഞ്ഞു.

Leave Comment