ഏത് ലഹരിയും ആപത്തും അടിമത്തവും : മന്ത്രി വീണാ ജോര്‍ജ്

ലഹരി വിമുക്ത പ്രവര്‍ത്തനങ്ങളില്‍ യുവാക്കള്‍ അംബാസഡര്‍മാരായി മാറണം

തിരുവനന്തപുരം: ഏത് ലഹരിയും ആപത്തും അടിമത്തവുമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എല്ലാവരും സ്വതന്ത്രമായിരിക്കാനാണ് ഏറ്റവുമധികം ആഗ്രഹിക്കുന്നത്. എന്നാല്‍ ലഹരി ഉപയോഗത്തിലൂടെ ആരോഗ്യവും, ചിന്തയുമെല്ലാം അടിയറ വയ്ക്കുകയാണുണ്ടാകുന്നത്. ഇങ്ങനെയാരെങ്കിലുമുണ്ടെങ്കില്‍ അവരെ

തിരിച്ചു കൊണ്ടുവരിക എന്ന ദൗത്യം കൂടിയുണ്ട്. കേരളത്തിന്റെ യുവത്വത്തില്‍ വലിയ പ്രതീക്ഷയാണുള്ളതെന്നും മന്ത്രി പറഞ്ഞു. നോ ടു ഡ്രഗ്‌സ് കാമ്പയിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസും നാഷണല്‍ ഹെല്‍ത്ത് മിഷന്‍ തിരുവനന്തപുരവും കേരള യൂണിവേഴ്‌സിറ്റി യൂണിയനും സംയുക്തമായി സംഘടിപ്പിച്ച മോക്ഷ സാസ്‌കാരിക മേള സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാന സര്‍ക്കാരിന്റെ വലിയ ലക്ഷ്യത്തോടെയുള്ള ലഹരി മുക്ത കാമ്പയിനില്‍ സര്‍ക്കാരിനൊപ്പം പൊതു സമൂഹവും സഹകരിക്കുന്നുണ്ട്. യുവാക്കളാണ് ലോകത്തിന്റെ ഗതി മാറ്റിയിട്ടുള്ളത്. ഏത് വിപ്ലവങ്ങളിലും ലോകത്തിന്റെ ഗതി മാറ്റിയിട്ടുള്ള സാമൂഹിക ഇടപെടലുകളിലും യുവ നേതൃത്വത്തിന്റെ സാന്നിധ്യം കാണാന്‍

കഴിയും. ലഹരി വിമുക്ത പ്രവര്‍ത്തനങ്ങളില്‍ യുവാക്കള്‍ അംബാസഡര്‍മാരായി മാറണം. ലഹരി ഉപയോഗം കൊണ്ടുണ്ടാകുന്ന ദൂഷ്യവശങ്ങളില്‍ യുവാക്കള്‍ ബോധവാന്മാരാകണം. ഒരുമാസം കൊണ്ട് തീരുന്നതല്ല ലഹരി ബോധവത്ക്കരണം. തുടര്‍ച്ചയായ ഇടപെടലുകള്‍ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ലഹരി മുക്ത പ്രവര്‍ത്തനങ്ങളില്‍ യൂണിവേഴ്‌സിറ്റി കോളേജ് യൂണിയന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ആശ വിജയന്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. മീനാക്ഷി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍, സ്റ്റുഡന്‍സ് സര്‍വീസ് ഡയറക്ടര്‍ ആര്‍. സിദ്ധിഖ്, സീനിയര്‍ കണ്‍സള്‍ട്ടന്റ് കെ.പി. സിനോഷ് എന്നിവര്‍ പങ്കെടുത്തു. കേരള സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍ എ. വിഷ്ണു സ്വാഗതവും ജനറല്‍ സെക്രട്ടറി എം. നസീം കൃതജ്ഞതയും പറഞ്ഞു.

നോ ടു ഡ്രഗ്‌സ് തീം അടിസ്ഥാനമാക്കി നടത്തിയ വിവിധ കലാമത്സരങ്ങളിലും ഫുഡ്‌ബോള്‍ മത്സരത്തിലും വിജയികളായവര്‍ക്ക് മന്ത്രി സമ്മാനം വിതരണം ചെയ്തു.

Leave Comment