മെഡിക്കല്‍ കോളേജില്‍ 90 ലക്ഷത്തിന്റെ പുതിയ ഹാര്‍ട്ട് ലങ് മെഷീന്‍ സ്ഥാപിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 90 ലക്ഷം രൂപ വിനിയോഗിച്ച് പുതിയ ഹാര്‍ട്ട് ലങ് മെഷീന്‍ സ്ഥാപിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ ഇടപെടലിനെ തുടര്‍ന്നാണ് പുതിയ ഹാര്‍ട്ട് ലങ് മെഷീന്‍ സ്ഥാപിച്ചത്. തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ 10 വര്‍ഷം പഴക്കമുള്ള

ഹാര്‍ട്ട് ലങ് മെഷീനാണുണ്ടായിരുന്നത്. നിരന്തരമായ ഉപയോഗം കൊണ്ടും കാലപ്പഴക്കം കൊണ്ടും പലപ്പോഴും പ്രവര്‍ത്തനങ്ങള്‍ക്ക് തടസം വന്നിരുന്നു. ഇതുകാരണം ശസ്ത്രക്രിയ മുടങ്ങിയ അവസ്ഥയുമുണ്ടായി. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി ഇടപെട്ട് പുതിയ ഹാര്‍ട്ട് ലങ് മെഷീന്‍ വാങ്ങാന്‍ അനുമതി നല്‍കിയത്.

ബൈ പാസ് സര്‍ജറി, ഹൃദയ വാല്‍വ് മാറ്റിവയ്ക്കല്‍ തുടങ്ങിയ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകള്‍ക്കെല്ലാം ഹാര്‍ട്ട് ലങ് മെഷീന്‍ ആവശ്യമാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയ്ക്ക് പുറമേ എസ്.എ.ടി. ആശുപത്രിയിലും ഒരു ഹാര്‍ട്ട് ലങ് മെഷീന്‍ സ്ഥാപിച്ചിട്ടുണ്ട്.

Leave Comment