പോള്‍ പെലോസിക്ക് നേരേ നടന്ന ആക്രമണത്തെ അപലപിച്ച് റിപ്പബ്ലിക്കന്‍ നേതാക്കള്‍

Spread the love

വാഷിംഗ്ടണ്‍ ഡി.സി: യുഎസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ ഭര്‍ത്താവിനു നേരേ നടന്ന അതിക്രൂരമായ ആക്രമണത്തെ അപലപിച്ച് റിപ്പബ്ലിക്കന്‍ നേതാക്കള്‍.

മുന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, സെനറ്റ് മൈനോരിറ്റി ലീഡര്‍ മിച്ച് മെക്കോണല്‍ എന്നിവര്‍ സംഭവത്തെ അപലപിക്കുകയും, എത്രയും വേഗം പോള്‍ പെലോസി സൗഖ്യം പ്രാപിക്കട്ടെ എന്നു പ്രാര്‍ഥിക്കുകയും ചെയ്യുന്നതായി ഇന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഈ സംഭവത്തില്‍ ട്രംപ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഈ രാജ്യത്ത് ഒരുവിധ അക്രമവും വച്ചുപൊറുപ്പിക്കില്ലെന്നു ന്യൂനപക്ഷ വിപ്പ് സ്റ്റീവ് സ്‌കെലയ്‌സ് (റിപ്പബ്ലിക്കന്‍) ട്വിറ്ററില്‍ കുറിച്ചു. ന്യൂയോര്‍ക്കില്‍ നിന്നുള്ള പ്രതിനിധി എല്‍സി സ്റ്റഫനിക്കും സംഭവത്തില്‍ അപലപിച്ചു.

ഇടക്കാല തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ നടന്ന ഈ അക്രമത്തിന് ഡമോക്രാറ്റിക് പാര്‍ട്ടി നേതാക്കള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുനേരേ വിരല്‍ചൂണ്ടുന്നു. രാജ്യത്ത് അക്രമം അഴിച്ചുവിടുന്നതിന്റെ തുടര്‍ച്ചയാണ് ഇതെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ വീടിനുപോലും ബൈഡന്‍ ഭരണത്തില്‍ സുരക്ഷിതത്വം ലഭിക്കുന്നില്ലെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി കുറ്റപ്പെടുത്തുന്നു.

82 വയസുള്ള പോള്‍ പെലോസിയുടെ തലയിലേറ്റ ചുറ്റികകൊണ്ടുള്ള അടി മാരകമാണ്. ആശുപത്രയില്‍ അടിയന്തര ശസ്ത്രക്രിയ വേണ്ടിവന്നു. ഭാഗ്യംകൊണ്ടാണ് അപകടത്തില്‍ നിന്നും രക്ഷപെട്ടത്. 45 വയസുള്ള പ്രതിയുമായി നടന്ന മല്‍പ്പിടുത്തത്തില്‍ ശരീര ഭാഗങ്ങളിലും കാര്യമായി മുറിവേറ്റിരുന്നു.

Author