ലോസ് ആഞ്ചലസ് മാർത്തോമാ ഇടവക റിട്രീറ്റ് ലാസ് വേഗസിൽ അനുഗ്രഹനിറവിൽ സമാപിച്ചു : Jeemon Ranny

Spread the love

ലാസ് വേഗസ് : ലോസ് ആഞ്ചലസ് മാർത്തോമാ ഇടവകയുടെ 2022 ലെ റിട്രീറ്റ് ലാസ് വേഗാസിലെ കേംബ്രിഡ്ജ് റിക്രിയേഷൻ സെന്ററിൽ ഒക്ടോബർ 22,23 (ശനി,ഞായർ) തീയതികളിൽ നടത്തപ്പെട്ടു. ശനിയാഴ്ച രാവിലെ 9 മണിക്ക് രജിസ്‌ട്രേഷൻ ആരംഭിച്ചു. സ്വാദിഷ്ഠമായ പ്രഭാത ഭക്ഷണത്തിന് ശേഷം 10 മണിക്ക് ലോസ് ആഞ്ചലസ് മാർത്തോമാ ഇടവക വികാരി റവ.ബിജോയ് എം. ജോൺ അച്ചൻ നേതൃത്വം നൽകിയ ആരാധനയോടും പ്രാർത്ഥനയോടും റിട്രീറ്റ് ഉത്‌ഘാടനം ചെയ്യപ്പെട്ടു.

ഈ വർഷത്തെ റിട്രീറ്റ് മുഖ്യ വിഷയം ” മിഷൻ ഓഫ് ഫാമിലി ഇൻ ഗോഡ്സ് പ്ലാൻ” ആയിരുന്നു. പ്രമുഖ പ്രഭാഷകൻ റവ. ഫാ. അലക്സ് വിരുതുകുളങ്ങരയാണ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകിയത്.

ക്രിസ്തീയ കുടുംബം ദൈവത്തിന്റെ ദിവ്യമായ പദ്ധതിയുടെ ഭാഗമാണ്. അത് യാദൃഛികമായി സംഭവിച്ച ഒന്നല്ല. ദൈവമാണ് കുടുംബത്തിന്റെ സൃഷ്ഠിതാവ്.നല്ല പതിവുകളുള്ള ഭവനങ്ങളാണ് നമുക്ക് ഇന്ന് ആവശ്യം. മാതാപിതാക്കൾ വിശ്വാസത്തിലും ആചാരങ്ങളിലും ഒരുപടി മുമ്പിൽ നില്കുമ്പോഴാണ് മക്കൾ അതിനെ പിന്തുടരുന്നത്. ക്രിസ്തുവിനെ മറ്റുള്ളവർക്ക് നമ്മുടെ കുടുംബങ്ങളിലൂടെ ദർശിക്കുവാൻ സാധിക്കണം. ക്രിസ്തുവും വിശ്വാസവും സഭയും നമ്മുടെ കുടുംബങ്ങളിൽ സംസാര വിഷയം ആകണം. മാളികമുറിയുടെ (അപ്പർ റൂം), പ്രാര്ഥനയുടെയും സുരക്ഷിതത്വത്തിന്റെയും പങ്കിടിലിന്റയും ശക്തിയുടെയും അനുഭവം നമ്മുടെ കുടുംബംഗങ്ങളിൽ സംജാതമാകണമെന്നും ഫാ.അലക്സ് വിരുതുകുളങ്ങര ആഹ്വാനം ചെയ്തു

റിട്രീറ്റ് ക്ലാസ്സുകൾക്കും കൂട്ടായ ചർച്ചകൾക്കും ശേഷം 3 മണിയ്ക്ക് കലാപരിപാടികൾ അരങ്ങേറി.ലോസ് ആഞ്ചലസിൽ നിന്നു വന്ന അംഗങ്ങളും ലാസ് വെഗാസിൽ നിന്നുള്ള അംഗങ്ങളും അവതരിപ്പിച്ച ശ്രുതിമധുരമായ ഗാനങ്ങളും നൃത്ത നൃത്ത്യ ങ്ങളും ഉന്നത നിലവാരം പുലർത്തുന്നവയായിരുന്നു.

ഇംഗ്ലീഷ് മലയാള ക്രിസ്ത്യൻ പാട്ടുകൾക്ക് കുട്ടികൾ ചിട്ടപ്പെടുത്തിയ നയനമനോഹരമായ ക്ലാസ്സിക് ഫോക്ക് നൃത്തങ്ങൾ റിട്രീറ്റിനെ മികവുറ്റതാക്കി. ലാസ് വേഗാസ് മാർത്തോമാ പ്രാർത്ഥന കൂട്ടായ്മയാണ് ഈ വർഷത്തെ റിട്രീറ്റിന് നേതൃത്വം നൽകിയത്.

ജോൺ ജോർജ്ജ്‌ സ്വാഗതവും അനു ജോർജ്‌ ക്രുതഞതയും പറഞ്ഞു. കൺവീനർ ജോൺ ജോർജ്ജ്‌, കോർഡിനേറ്റർമാരായി മനോജ്‌ വർക്കി, നിതിൻ ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി റിട്രീറ്റിന്റെ വിജയത്തിനായി പ്രവർത്തിച്ചു.

പാട്ടുകളും ആരാധനയും അടങ്ങിയ പ്രോഗ്രാം ഡയറക്ടറി, പങ്കെടുത്തവർക്ക്‌ ബാഡ്ജ് , പേന തുടങ്ങിയവ സ്പോൺസർ ചെയ്ത് തോമസ് മാമ്മൻ സഹായിച്ചു. പവർ പോയിൻറെ പ്രസന്റേഷൻ ചുമതലയും തോമസ്‌ മാമ്മൻ നിർവ്വഹിച്ചു.,

23 നു ഞായറാഴ്ച രാവിലെ നടന്ന വിശുദ്ധ കുർബാനയ്ക്കും, വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തിനും ശേഷം ഈ വർഷത്തെ റിട്രീറ്റ് വിജയകരമായി സമാപിച്ചു.

ജോൺ ജോർജ് അറിയിച്ചതാണിത്.

Report : Jeemon Ranny

Freelance Reporter,

Houston, Texas

Author