ശബരിമല തീര്‍ഥാടനം: ബാലവേലയും ഭിക്ഷാടനവും തടയാന്‍ സ്‌ക്വാഡ് പ്രവര്‍ത്തനം കാര്യക്ഷമമാക്കും

Spread the love

ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് ബാലവേലയും ഭിക്ഷാടനവും കണ്ടെത്തുന്നതിനായി മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് സ്‌ക്വാഡ് പ്രവര്‍ത്തനം ഏകീകൃതമായും കാര്യക്ഷമമായും നടത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന തൊഴില്‍ വകുപ്പിന്റെ ടാസ്‌ക് ഫോഴ്സ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍.
ബാലവേലയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ കൃത്യമായ റിപ്പോര്‍ട്ട് തേടുകയും സത്വരമായ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യണം. പഴുതുകള്‍ സൃഷ്ടിച്ച് കുറ്റവാളികള്‍ പുറത്ത് പോകാതിരിക്കാന്‍ കൃത്യമായും കര്‍ശനവുമായി ടാസ്‌ക് ഫോഴ്സ് പ്രവര്‍ത്തിക്കണം. സ്‌ക്വാഡുകള്‍ക്ക് പുറമേ തീര്‍ഥാടകര്‍, പൊതുജനങ്ങള്‍, മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ബാലവേലയുമായി ബന്ധപ്പെട്ട സന്ദര്‍ഭത്തെ നേരിടുന്നത് സംബന്ധിച്ച് രൂപരേഖ തയാറാക്കണം.തീര്‍ഥാടന കാലത്ത് ഭിക്ഷാടനം, ബാലവേല തുടങ്ങിയ സന്ദര്‍ഭങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ആരെ സമീപിക്കണമെന്നതിനെ സംബന്ധിച്ചും പരാതിപ്പെട്ടാല്‍ പരാതിക്കാരന് ബുദ്ധിമുട്ടുകള്‍ ഉണ്ടാകില്ലെന്നുള്ള ഉറപ്പ് സംബന്ധിച്ച അവബോധവും പൊതുജനങ്ങളില്‍ സൃഷ്ടിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.മണ്ഡല- മകരവിളക്ക് ഉത്സവ കാലത്ത് ബാലവേലയ്ക്കെതിരെ ശബരിമലയിലും പരിസര പ്രദേശങ്ങളിലും പോലീസും തൊഴില്‍ വകുപ്പും ചൈല്‍ഡ് ലൈനും സംയുക്തമായി രണ്ടാഴ്ചയിലൊരിക്കല്‍ സേര്‍ച്ച് ഡ്രൈവ് സംഘടിപ്പിക്കും.ബാലവേലയ്ക്കെതിരെ സ്‌കൂളുകളില്‍ സെമിനാര്‍, ഹോട്ടലുകളിലും വ്യാപരസ്ഥാപനങ്ങളിലും അതിഥി തൊഴിലാളികള്‍ കൂടുതലായുള്ള കണ്‍സ്ട്രക്ഷന്‍ സൈറ്റുകളിലും പോസ്റ്റര്‍ പ്രചരണം നടത്തുന്നതിനും യോഗം തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ ലേബര്‍ ഓഫീസറുടെ ചുമതല വഹിക്കുന്ന എസ്. സുരാജ്, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Author