‘റെമിറ്റ് മണി എബ്രോഡ്’ സംവിധാനം അവതരിപ്പിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക്

Spread the love

കൊച്ചി : വിദേശ പണമിടപാട് നടത്തുന്ന ഉപഭോക്താക്കള്‍ക്കായി സൗത്ത് ഇന്ത്യന്‍ ബാങ്ക് മൊബൈല്‍ ബാങ്കിങ് പ്ലാറ്റ്ഫോമായ എസ്ഐബി മിറര്‍ പ്ലസ്സില്‍ ‘റെമിറ്റ് മണി എബ്രോഡ്’ എന്ന പേരിൽ പുതിയ സംവിധാനം കൊണ്ടുവന്നു. സമയ ലാഭവും സുരക്ഷിതത്വവും സൗകര്യവും ഉറപ്പാക്കിക്കൊണ്ട് ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ വിദേശത്തേക്ക് പണമയക്കാം എന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത.

എന്‍ ആര്‍ ഇ, റെസിഡന്‍റ് സേവിംഗ്സ് ബാങ്ക് ഉപഭോക്താക്കള്‍ക്കാണ് ഈ സംവിധാനം ഉപകാരപ്പെടുക. ബാങ്കിന്‍റെ ഇന്‍റര്‍നെറ്റ് ബാങ്കിങ് പ്ലാറ്റ്ഫോമായ സൈബര്‍നെറ്റിലും ഈ സേവനങ്ങള്‍ ലഭ്യമാണ്. കടലാസ് രഹിത ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് ഇത്തരമൊരു സംവിധാനം അവതരിപ്പിച്ചത്. ഇതിലൂടെ ബ്രാഞ്ചുകളില്‍ പോകാതെ തന്നെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വേഗത്തില്‍ വിദേശത്തേക്ക് പണം അയക്കാൻ സാധിക്കും.

സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ ഡിജിറ്റല്‍ യാത്രയിലെ പ്രധാന കാല്‍വെപ്പാണ് ഇതെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റും, ഗ്രൂപ്പ് ബിസിനസ് മേധാവിയുമായ കെ. തോമസ് ജോസഫ് പറഞ്ഞു. പുതിയ സംവിധാനത്തിലൂടെ ലോകമെമ്പാടുമുള്ള 100ലധികം കറന്‍സികളില്‍ ഓൺലൈൻ വഴി പണം അയക്കാൻ ഉപഭോക്താക്കള്‍ക്ക് സാധിക്കുന്നു. മൊബൈല്‍ പ്ലാറ്റ്ഫോമുകളിലൂടെ വിദേശത്തേക്ക് പണം അയക്കുന്ന ഉപഭോക്താക്കള്‍ക്ക് പണമയക്കൽ കൂടുതല്‍ എളുപ്പവും സുഗമവുമാക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്കുറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുടുംബപരിപാലനം, വിദേശത്തേക്കുള്ള എമിഗ്രേഷന്‍, വിസ, വിദ്യാഭ്യാസം, യാത്രകള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കുള്ള പണമിടപാടുകള്‍ നടത്താന്‍ ഈ സംവിധാനം വഴി സാധ്യമാണ്. ഇന്ത്യൻ നിവാസികളായ ഉപോഭോക്താക്കള്‍ക്ക് ദിവസേന 10000 ഡോളറുടെയും വര്‍ഷത്തില്‍ 25000 ഡോളറുടെയും ഇടപാട് ലഭ്യമാണ്. എന്‍ ആര്‍ ഐ അക്കൗണ്ട് ഉടമകള്‍ക്ക് ദിവസേന 25000 ഡോളറും വര്‍ഷത്തില്‍ 100000 ഡോളറും വിനിമയം നടത്താം.

Report : Anna Priyanka Roby

Author