ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ

കൊച്ചി: ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകാർക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ അവതരിപ്പിച്ചു. ഏജീസ് ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സുമായി ചേർന്നാണ് ഗ്രൂപ്പ് ക്രെഡിറ്റ് ഷീല്‍ഡ് പരിരക്ഷ ലഭ്യമാക്കിയിരിക്കുന്നത്. ക്രെഡിറ്റ് കാർഡിന്റെ വായ്പാ പരിധിയെ അടിസ്ഥാനപ്പെടുത്തി പരമാവധി മൂന്നുലക്ഷം രൂപ വരെ പരിരക്ഷയായി ലഭിക്കുന്നതാണ്. ഫെഡറല്‍ ബാങ്ക് വെബ്‌സൈറ്റില്‍ നിന്ന് മൂന്നു മിനിറ്റിനുള്ളില്‍ പോളിസി വാങ്ങാനുള്ള സൗകര്യവുമുണ്ട്. പ്രീമിയം അടക്കുന്നതുമുതൽ ഒരു വർഷത്തേക്കാണ് പരിരക്ഷ ലഭ്യമാവുന്നത്. പ്രീമിയം തുടർന്നും അടച്ചുകൊണ്ട് പരിരക്ഷ തുടരാവുന്നതാണ്. ലളിതവും സൗകര്യപ്രദവുമായ രീതിയിൽ സുരക്ഷിതത്വം ഉറപ്പാക്കിയാണ് ഈ ഇന്‍ഷുറന്‍സ് ഒരുക്കിയിരിക്കുന്നത്.

വിസ, മാസ്റ്റര്‍ കാര്‍ഡ്, റുപേ എന്നിവരുമായി ചേര്‍ന്ന് സെലെസ്റ്റ, ഇംപീരിയോ, സിഗ്നിറ്റ് എന്നിങ്ങനെ മൂന്ന് സവിശേഷ ക്രെഡിറ്റ് കാര്‍ഡുകളാണ് ഫെഡറല്‍ ബാങ്ക് വിപണിയിലിറക്കിയിട്ടുള്ളത്. മൂന്ന് കാര്‍ഡുകളും മൂന്ന് തരം ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി രൂപകല്‍പ്പന ചെയ്തവയാണ്.

“ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ച ഗ്രൂപ്പ് ക്രെഡിറ്റ് ഷീല്‍ഡ് അവരുടെ വായ്പാ ചെലവുകള്‍ക്കും കുടുംബത്തിനും പരിരക്ഷ ഉറപ്പാക്കുന്ന ലൈഫ് ഇന്‍ഷുറന്‍സ് ആണ്. ദൗര്‍ഭാഗ്യകരമായ സംഭവങ്ങളുണ്ടാകുന്ന പക്ഷം വായ്പാ തിരിച്ചടവു ഭാരം ഒഴിവാക്കാൻ ഇതു സഹായിക്കും,” ഏജീസ് ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് ചീഫ് മാര്‍ക്കറ്റിങ് ഓഫിസറും പ്രൊഡക്ട് ഹെഡുമായ കാര്‍ത്തിക് രാമന്‍ പറഞ്ഞു.

“ഗ്രൂപ്പ് ക്രെഡിറ്റ് ഷീല്‍ഡ് ഫെഡറല്‍ ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡുകളെ കൂടുതല്‍ ആകര്‍ഷകമാക്കാനും അതുവഴി പുതിയ ഇടപാടുകാരെ കണ്ടെത്താനും ലക്ഷ്യമിട്ടുള്ളതാണ്. പൂര്‍ണമായും ഡിജിറ്റല്‍ ഇടപാടിലൂടെ സ്വന്തമാക്കാവുന്നത്ര ലളിതമായ നടപടിക്രമങ്ങൾ ഇടപാടുകാർക്ക് കൂടുതല്‍ സൗകര്യമാകും. ഇതിലൂടെ രാജ്യത്ത് ഇന്‍ഷുറന്‍സ് വ്യാപനത്തെ ത്വരിതപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ,” ഫെഡറല്‍ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യര്‍ പറഞ്ഞു.

Report : Ajith V Raveendran

Leave Comment