കൊച്ചി: ഫെഡറൽ ബാങ്കിന്റെ പതിമൂന്നാമത് ലീഗൽ ഓഫീസേഴ്സ് കോൺഫറൻസ് എറണാകുളത്ത് ഹോട്ടൽ കാസിനോയിൽ ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബാങ്കിന്റെ എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ അഷുതോഷ് ഖജൂരിയ, ലീഗൽ ഡിപ്പാർട്ട്മെന്റ് മേധാവിയും സീനിയർ വൈസ് പ്രസിഡന്റുമായ ഷബ്‌നം പി.എം, വൈസ് പ്രസിഡന്റ് തോംസൺ പി തുടങ്ങിയവർ പ്രസംഗിച്ചു.
മുൻകാലങ്ങളിൽ നിക്ഷേപം സ്വീകരിക്കുന്നതിലും വായ്പകൾ അനുവദിക്കുന്നതിലും മാത്രം ഒതുങ്ങി നിന്നിരുന്ന ബാങ്കിംഗ് മേഖല ഇന്ന് കൂടുതൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു വരുന്നതിനാൽ തന്നെ വളരെയധികം ഉത്തരവാദിത്വം നിറഞ്ഞ ഒരു മേഖലയാണെന്നും അതിൽ വ്യക്തികളുടെ സ്വകാര്യത വളരെ പ്രധാനമാണെന്നും ജ. ദേവൻ രാമചന്ദ്രൻ സൂചിപ്പിച്ചു. ഇന്നു ബാങ്കിന്റെ ഒരു പ്രധാന ഘടകമാണ് അന്താരാഷ്ട്ര ബാങ്കിംഗ് എന്നും സാധാരണക്കാരന്റെ വിശ്വാസ്വത സൂക്ഷിപ്പുകാരാണ് ബാങ്കുകൾ എന്നും അതിന്റെ കർമ്മ മേഖലകളിൽ പരമാവധി മികവ് പുലർത്തേണ്ടത് ഓരോ പൗരന്റെയും ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പുതിയ കാലഘട്ടത്തിനനുസൃതമായി ബാങ്കുകൾ എന്തൊക്കെ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയാലും അന്തിമ തീരുമാനം മാനുഷിക പരിഗണനയ്ക്ക് ഊന്നൽ നൽകിക്കൊണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രണ്ടുദിവസം നീണ്ടുനിൽക്കുന്ന കോൺഫറൻസിൽ ബാങ്കിന്റെ സീനിയർ എക്സിക്യൂട്ടീവുമാരും ഹെഡ് ഓഫീസിലെയും വിവിധ സോണൽ ഓഫീസുകളിലെയും ലീഗൽ ഓഫീസർമാരും പങ്കെടുത്തു.
Report : Ajith V Raveendran