വിദ്യാഭ്യാസത്തിലെ കേരള മാതൃകയ്ക്ക് ദേശീയതലത്തില്‍ കൂടുതല്‍ അംഗീകാരം

Spread the love

കാസർകോട്: പൊതു വിദ്യാലയങ്ങളുടെ മുഖച്ഛായ മാറ്റുന്ന പ്രവര്‍ത്തനങ്ങളാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവും വിദ്യാകിരണം പദ്ധതിയും വഴി സര്‍ക്കാര്‍ നടത്തുന്നതെന്ന് വിദ്യാഭ്യാസ തൊഴില്‍ മന്ത്രി വി.ശിവന്‍ കുട്ടി. കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ ബേളൂര്‍ ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ പുതുതായി നിര്‍മിച്ച കെട്ടിടോദ്ഘാടനവും പ്രവേശന കവാട സമര്‍പ്പണവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 3000ത്തില്‍ പരം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനമാണ് കുറഞ്ഞ കാലം കൊണ്ട് കേരളത്തില്‍ ഉണ്ടായത്. ഒരുപക്ഷേ വിദ്യാഭ്യാസത്തിനായി ഇത്രയും കുറഞ്ഞ കാലം കൊണ്ട് ഇത്രയും കൂടിയ തുക മുടക്കുന്ന സംസ്ഥാനം കേരളമാകും.വിദ്യാഭ്യാസത്തിലെ കേരള മാതൃക ദേശീയതലത്തില്‍ കൂടുതല്‍ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പെര്‍ഫോമന്‍സ് ഗ്രേഡിങ് ഇന്റക്‌സില്‍ കേരളം ഒന്നാം സ്ഥാനത്താണ്. പൊതുവിദ്യാഭ്യാസ മേഖലയിലെ മികവിന്റെ സൂചകയാണിത്. ഇനി അക്കാദമിക് രംഗത്ത് മാറ്റത്തിനാണ് ലക്ഷ്യം. അതിന്റെ ഭാഗമായി പാഠ്യപദ്ധതി പരിഷ്‌കരണം വരാന്‍ പോകുന്നു. 47 ലക്ഷം വിദ്യാര്‍ഥികള്‍ പാഠ്യപദ്ധതി പരിഷ്‌കരണ ചര്‍ച്ചകളില്‍ പങ്കെടുത്തു.കാലത്തിനൊത്ത് അധ്യാപകരും മാറണം. അക്കാദമികമായും വ്യക്തിപരമായും കുട്ടികളെ മികവുള്ളവരാക്കാനുള്ള ഉത്തരവാദിത്തം അധ്യാപകര്‍ ഏറ്റെടുക്കണം. പൊതു വിദ്യാഭ്യാസ മേഖലയെ കൂടുതല്‍ മികവിലേക്ക് നയിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആണ് പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. അതിനിയും തുടരുക തന്നെ ചെയ്യും. ആ പ്രവര്‍ത്തനത്തിന് പൊതുസമൂഹത്തിന്റെയാകെ പിന്തുണ ആവശ്യമുണ്ടെന്നും മന്ത്രി പറഞ്ഞു. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷനായി.

Author