എ.സി. റോഡ് നവീകരണം 60 ശതമാനം പൂര്‍ത്തിയായി; ആകെ ചെലവ് 649 കോടി

Spread the love

ആലപ്പുഴ: ആലപ്പുഴ- ചങ്ങനാശ്ശേരി (എ.സി.) റോഡിന്റെ നവീകരണ ജോലികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. റോഡിന്റെ 60 ശതമാനം നിര്‍മാണപ്രവൃത്തികള്‍ ഇതിനകം പൂര്‍ത്തിയായി. 649.76 കോടി രൂപ വിനിയോഗിച്ചാണ് എ.സി. റോഡ് പുനര്‍നിര്‍മിക്കുന്നത്. പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം മന്ത്രിസഭയുടെ കാലത്ത് അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ മുന്‍കൈ എടുത്താണ് 2020 ഡിസംബറില്‍ റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 2023 നവംബറോടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സര്‍ക്കാരിന്റെ മുന്‍ഗണന പദ്ധതികളില്‍ ഒന്നായി ഇതിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്രളയത്തെ അതിജീവിക്കാവുന്ന തരത്തിലാണ് റോഡ് പുനര്‍നിര്‍മിക്കുന്നത്. അഞ്ച് മേല്‍പ്പാലങ്ങള്‍, നാല് വലിയ പാലങ്ങള്‍, പതിനാല് ചെറുപാലങ്ങള്‍, മൂന്ന് കോസ്വേകള്‍, നടപ്പാതകള്‍ എന്നിവ ഉള്‍പ്പടെ സെമി എലിവേറ്റഡ് ഹൈവേ ആയാണ് റോഡിന്റെ നവീകരണം.
മേല്‍പ്പാലങ്ങളില്‍ നസ്രത്, ജ്യോതി ജംഗ്ഷന്‍ എന്നിവിടങ്ങളിലെ നിര്‍മാണ ജോലികള്‍ 95 ശതമാനവും പൂര്‍ത്തിയായി. മങ്കൊമ്പില്‍ 81 ശതമാനവും ഒന്നാംകരയില്‍ 72 ശതമാനവും പണ്ടാരക്കാളത്ത് 56 ശതമാനവും പൂര്‍ത്തിയായി. ആകെ നിര്‍മിക്കുന്ന 14 ചെറിയ പാലങ്ങളില്‍ ഒന്‍പതെണ്ണവും 65 കള്‍വെര്‍ട്ടുകളില്‍ 57 എണ്ണവും നിര്‍മിച്ചു കഴിഞ്ഞു.
കിടങ്ങറ, നെടുമുടി, പള്ളാത്തുരുത്തി, മുട്ടാര്‍ എന്നിവിടങ്ങളില്‍ വലിയ പാലങ്ങളും നിര്‍മിക്കുന്നുണ്ട്. കിടങ്ങറ, നെടുമുടി പാലങ്ങളുടെ നിര്‍മാണം 95 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. പള്ളാത്തുരുത്തിയില്‍ പാലം നിര്‍മിക്കുന്നതിനായുള്ള സി.ഒ.എസ്. സമര്‍പ്പിച്ചിട്ടുണ്ട്. മുട്ടാര്‍ പാലം നിര്‍മിക്കാനുള്ള ഭൂമി ഏറ്റെടുക്കല്‍ പുരോഗമിക്കുകയാണ്.
മൂന്ന് ലെയറുകളിലായാണ് ടാറിങ് നടത്തുന്നത്. നിലവില്‍ എട്ടര കിലോമീറ്റര്‍ ഭാഗത്ത് ആദ്യ ലെയര്‍ ടാറിങ് നടത്തി. 12 കിലോമീറ്ററോളം ദൂരത്ത് മെറ്റലിങ്ങും പൂര്‍ത്തിയാക്കി. 13 കിലോമീറ്റര്‍ ദൂരത്തില്‍ ഇരുവശങ്ങളിലെ ഓടകളുടെയും ഡക്ടുകളുടെയും നിര്‍മാണവും ഇതിന് മുകളിലൂടെ ഒന്നര മീറ്റര്‍ വീതിയുള്ള നടപ്പാതയുടെ നിര്‍മാണവും പൂര്‍ത്തിയായി. കെ.എസ്.ടി.പി.ക്ക് നിര്‍മാണ ചുമതലയുള്ള റോഡിന്റെ കരാര്‍ ഏറ്റെടുത്തിട്ടുള്ളത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ്.

Author