മലയോര-കടലോര ജനതയുടെ സംഘടിത മുന്നേറ്റം കൂടൂതല്‍ കരുത്താര്‍ജിക്കും : രാഷ്ട്രീയ കിസാന്‍ മഹാസംഘ്

Spread the love

കോട്ടയം: നിലനില്‍പ്പിനും അതിജീവനത്തിനുമായി മലയോര കര്‍ഷകരുടെയും തീരദേശങ്ങളിലെ കടലിന്റെ മക്കളുടെയും സംഘടിത ജനകീയ മുന്നേറ്റം കേരളത്തില്‍ വൈകാതെ കൂടുതല്‍ കരുത്താര്‍ജിക്കുമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ അഡ്വ.വി.സി.സെബാസ്റ്റിയന്‍.

പശ്ചിമഘട്ട ജനത നേരിടുന്ന ഭൂപ്രശ്‌നങ്ങളും വിലത്തകര്‍ച്ചയും വന്യജീവി അക്രമണവും കടലോരജനതയുടെ ജീവിത പ്രശ്‌നങ്ങളും സമാനതകളേറെയുള്ളതാണ്. വിദേശശക്തികളെയും കോര്‍പ്പറേറ്റുകളെയും സംരക്ഷിക്കുന്ന അധികാര കേന്ദ്രങ്ങളുടെ വഞ്ചനയുടെ ഇരകളും അടിമകളുമായി ജീവിതകാലം മുഴുവന്‍ കഴിയണമോയെന്ന് കര്‍ഷകരും മത്സ്യത്തൊഴിലാളികളും ഗൗരവമായി ചിന്തിച്ചുതുടങ്ങിയിരിക്കുന്നത് മാറ്റത്തിന്റെ സൂചനയാണ്. ഇക്കാലമത്രയും തൊഴിലാളികളുടെയും കര്‍ഷകരുടെയും സംരക്ഷകരായി അഭിനയിച്ചവര്‍ കോര്‍പ്പറേറ്റുകളുടെ അടിമകളായി അധഃപതിച്ചിരിക്കുന്നു. വ്യവസായങ്ങള്‍ തകര്‍ന്നടിഞ്ഞ് കേരളത്തില്‍ വികസനവും സംരംഭങ്ങളും മുരടിച്ചു. ഡല്‍ഹിയില്‍ കോര്‍പ്പറേറ്റുകള്‍ക്കെതിരെ സമരം ചെയ്യുന്നവര്‍ കേരളത്തില്‍ ഇക്കൂട്ടരുടെ ഏജന്റുമാരായി പാദസേവ ചെയ്യുന്ന ഇരട്ടമുഖം ജനം തിരിച്ചറിയുന്നു.

ക്രൈസ്തവ ബിഷപ്പുമാരും വൈദികരും ഉയര്‍ത്തിക്കാട്ടുന്നത് ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങളാണ്. ജനകീയ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്ന വെല്ലുവിളികളെ ജനങ്ങള്‍ സംഘടിച്ചു നേരിടും. കോടതിവ്യവഹാരങ്ങളിലും കള്ളക്കേസുകളിലും കുടുക്കി ജനകീയ മുന്നേറ്റങ്ങളെ തകര്‍ക്കാമെന്ന് ആരും കരുതേണ്ട. തെരഞ്ഞെടുപ്പുകളില്‍ വിലപേശി രാഷ്ട്രീയ നിലപാടുകളെടുക്കുവാന്‍ കര്‍ഷകരും മത്സ്യത്തൊഴിലാളികളും ഒറ്റക്കെട്ടായി സംഘടിച്ചുണരണമെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന സമിതി ഉദ്ഘാടനം ചെയ്തുകൊണ്ട് വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ.ബിനോയ് തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന സമിതിയില്‍ സംസ്ഥാന ജനറല്‍ കണ്‍വീനര്‍ പ്രൊഫ.ജോസുകുട്ടി ഒഴുകയില്‍, വൈസ് ചെയര്‍മാന്‍മാരായ മുതലാംതോട് മണി, മനു ജോസഫ്, ഡിജോ കാപ്പന്‍, ജോയ് കൈതാരം, ജോര്‍ജ് ജോസഫ് തെള്ളിയില്‍, അഡ്വ. ജോണ്‍ ജോസഫ് ഭാരവാഹികളായ ജിന്നറ്റ് മാത്യു, ജോര്‍ജ് സിറിയക്, മാര്‍ട്ടിന്‍ തോമസ്, ആയാപറമ്പ് രാമചന്ദ്രന്‍, വര്‍ഗീസ് കൊച്ചുകുന്നേല്‍, സി ടി തോമസ്, സണ്ണി ആന്റണി, സിറാജ് കൊടുവായൂര്‍, പി ജെ ജോണ്‍ മാസ്റ്റര്‍, സുനില്‍ മഠത്തില്‍, നൈനാന്‍ തോമസ്, ഡി.കെ റോസ് ചന്ദ്രന്‍, ഔസേപ്പച്ചന്‍ ചെറുകാട്, ഉണ്ണികൃഷ്ണന്‍ ചേര്‍ത്തല, സുരേഷ് കുമാര്‍ ഓടാപന്തിയില്‍, സണ്ണി തുണ്ടത്തില്‍, ഹരിദാസ് കല്ലടിക്കോട്, ഏനു പി.പി. തുടങ്ങിയവര്‍ സംസാരിച്ചു.

അഡ്വ.ബിനോയ് തോമസ്
സംസ്ഥാന ചെയര്‍മാന്‍
മൊബൈല്‍: 94476 91117

Author