ബാംബൂ ഫെസ്റ്റില്‍ തിളങ്ങി ഇതര സംസ്ഥാനങ്ങളും

Spread the love

കൊച്ചി: കലൂര്‍ ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ബാംബൂ ഫെസ്റ്റില്‍ എത്തിയാല്‍ എല്ലാവരുടേയും കണ്ണുകള്‍ ഡ്രൈ ഫ്‌ളവറുകളുടെ സ്റ്റാളിലേക്കാണ്. വിവിധ നിറങ്ങളില്‍ ഉള്ള പൂക്കള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. നാഗാലാന്‍ഡില്‍ നിന്നുള്ള ഒട്ടോളി എന്ന 37 കാരി കേരളത്തില്‍ പ്രദര്‍ശനത്തിനായെത്തുന്നത് ഇത് അഞ്ചാം തവണയാണ്.

കഴിഞ്ഞ ഏഴ് വര്‍ഷമായി ഇവര്‍ ഈ മേഖലയില്‍ സജീവമാണ്. ഡ്രൈ ലിച്ചി, സോഫ്റ്റ് വുഡ്, സൈക്ക ലീഫ് സ്റ്റിക്, ഉണങ്ങിയ ആലില , ബാംബൂ തുടങ്ങിയവ ഉപയോഗിച്ച് നിര്‍മിക്കുന്ന പൂക്കള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. 30 മുതല്‍ 150 രൂപ വരെയാണ് ഒട്ടോളിയുടെ സ്റ്റാളിലെ പൂക്കളുടെ വില. കേരളവും ഇവിടുത്തെ ഭക്ഷണവും വളരെ ഇഷ്ടമാണെന്നും ആളുകള്‍ നല്ല സഹകരണമാണെന്നും ഇവര്‍ പറയുന്നു. സ്വന്തം നാട്ടിലേക്കാള്‍ ലാഭം മറ്റു സംസ്ഥാനങ്ങളില്‍ സംഘടിപ്പിക്കുന്ന മേളകളില്‍ നിന്ന് ലഭിക്കുന്നുണ്ടെന്നും ഒട്ടോളി പറയുന്നു. ഡല്‍ഹി, കൊല്‍ക്കത്ത തുടങ്ങിയ സ്ഥലങ്ങളിലും ഇവര്‍ സ്ഥിരമായി എക്‌സിബിഷന്‍ നടത്താറുണ്ട്.

ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിഎസ്‌സി ഫാഷന്‍ ടെക്‌നോളജിയില്‍ ഡിഗ്രി എടുത്ത അരുണാചല്‍പ്രദേശ് കര്‍മയും ഡ്രൈ ഫ്‌ളവറുമായാണ് മേളയിലെത്തിയിരിക്കുന്നത്. 20 മുതല്‍ 50 രൂപ വരെയാണ് കര്‍മയുടെ സ്റ്റാളിലെ വില. ബാംബൂ വേരുകളില്‍ നിന്നും ഉണ്ടാക്കിയെടുത്ത മനുഷ്യന്റെ മുഖം ആകര്‍ഷണനീയമാണ്. കര്‍ണാടകയുടേതാണ് ഈ സംഭാവന. അസ്സം, മധ്യപ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ഉള്ള ആളുകളുടെ സ്റ്റാളുകളും മേളയിലുണ്ട്.

നവംബര്‍ 27 ന് തുടങ്ങിയ ബാംബൂ ഫെസ്റ്റ് ഡിസംബര്‍ നാലിന് അവസാനിക്കും. പ്രവേശനം സൗജന്യമാണ്.
രാവിലെ 11 മുതല്‍ രാത്രി 9 മണി വരെയാണ് പ്രവേശന സമയം. 180 സ്റ്റാളുകളിലായി കേരളത്തില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും 300 ഓളം കരകൗശല പ്രവര്‍ത്തകരും മുള അനുബന്ധ സ്ഥാപനങ്ങളും ബാംബൂ ഫെസ്റ്റില്‍ പങ്കെടുക്കുന്നുണ്ട്.

Report :  ATHIRA

Author