ജോര്‍ജ് ജോൺ കല്ലൂരിന് ‘എക്കോ’ അവാര്‍ഡ് – ജോയിച്ചൻപുതുക്കുളം

Spread the love

ന്യൂജേഴ്‌സി : നിശബ്ദമായ സേവന പ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയനായ ജോര്‍ജ് ജോൺ കല്ലൂരിന് ‘എക്കോ’യുടെ ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ്. ഒച്ചപ്പാടുകളൊന്നുമില്ലാതെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വിലപ്പെട്ട സംഭാവന നൽകുന്ന ന്യു യോർക്ക് ക്വീൻസ് ആസ്ഥാനമായ സംഘടനയാണ് എക്കോ. (ECHO-Enhance Community through Harmonious Outreach)

ദശാബ്ദങ്ങളായി ആരും അറിയാതെ സ്വന്തം പണം മുടക്കി ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന ജോര്‍ജ് ജോണിനു അവാർഡ് ലഭിക്കുമ്പോൾ അത് ഏറ്റവും അർഹമായ കരങ്ങളിൽ തന്നെ എത്തുന്നു. ജോർജ് ജോൺ പെട്ടെന്ന് ജനശ്രദ്ധയില്‍ വന്നത് മജീഷ്യന്‍ മുതുകാടിന്റെ മാജിക് പ്ലാനറ്റ് ട്രസ്റ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനാരംഭിച്ചപ്പോഴാണ്. മുതുകാട് തന്നെയാണ് ജോര്‍ജ് ജോണിന്റെ പ്രവര്‍ത്തനവും സഹായവും പുറത്തുവിട്ടത്.

തന്റെ നിശബ്ദമായ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ അറിഞ്ഞതില്‍ അദ്ദേഹത്തിന് ഖിന്നതയുണ്ടെങ്കിലും അതു കൂടുതല്‍ പേര്‍ക്ക് പ്രചോദനമാകുമെന്ന് എക്കോയുടെ സ്ഥാപകരിലൊരാളായ ഡോ. തോമസ് മാത്യു പറഞ്ഞു.

കൊട്ടാരക്കര തൃക്കണ്ണാമംഗലം സ്വദേശിയായ ജോര്‍ജ് ജോൺ 39 വര്‍ഷം മുമ്പ് അമേരിക്കയിൽ എത്തിയതാണ്.
യോങ്കേഴ്‌സിലുള്ള സഹോദരി കുഞ്ഞമ്മ പാപ്പൻ ആയിരുന്നു സ്‌പോണ്‍സര്‍. അവര്‍ വന്നിട്ട് 55 വര്‍ഷമായി. ഇവിടെ വന്ന് പഠനം തുടര്‍ന്നു. പിന്നീട് കറക്ഷന്‍സ് ഓഫീസറായി. 1990-കളിൽ പ്രമുഖ റിയൽട്ടര്‍ ഡൊമിനിക് സാമുവേല്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തേക്ക് ക്ഷണിച്ചു. അങ്ങനെ 1994-ല്‍ റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് ചുവടു വച്ചു. അവിടെ വിജയങ്ങള്‍ നേടാനായതോടെ 13 വര്‍ഷത്തിനുശേഷം 2000-ല്‍ കറക്ഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഏര്‍ലി റിട്ടയര്‍മെന്റ് എടുത്തു.

റിയൽ എസ്റ്റേറ്റ് രംഗത്തും കെട്ടിട നിർമാണ രംഗത്തും ശ്രദ്ധിച്ചു. വൈകാതെ വെസ്റ്റ് ചെസ്റ്ററിലെ സ്കാർസ്‌ഡെയ്‌ലിൽ സെഞ്ച്വറി 21 റോയല്‍ സ്ഥാപിച്ചു. വിജയങ്ങളിലേക്കു കുതിക്കുമ്പോഴും നേട്ടങ്ങളിലൊന്നും മതിമറന്നില്ല. നേരത്തെ ചെറിയ സഹായങ്ങള്‍ ചെയ്തിരുന്ന സ്ഥാനത്ത് കൂടുതല്‍ സഹായം എത്തിക്കാന്‍ വിജയങ്ങള്‍ സഹായിച്ചു. ആദ്യകാലത്ത് കേരളത്തില്‍ മാത്രമായിരുന്നു സഹായങ്ങള്‍ ചെയ്തിരുന്നതെങ്കില്‍ പിന്നീടത് ബീഹാര്‍, ഒറീസ, ഡൽഹി, നേപ്പാള്‍ എന്നിവടങ്ങളിലേക്കും വ്യാപിപ്പിച്ചു. സുവിശേഷ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അവിടെയൊക്കെ പോയപ്പോള്‍ കണ്ട ദുരിതങ്ങളാണ് അവിടെയും സഹായമെത്തിക്കാന്‍ കാരണമായത്. നാട്ടിൽ കലയപുരം ആശ്രയ ചാരിറ്റബിൾ സൊസൈറ്റിയുടെ ഡയറക്ടറാണ്. ആശ്രയ മുഖേനയാണ് ഒട്ടേറെ ചാരിറ്റി പ്രവർത്തനങ്ങൾ.

ഇതിനു പുറമെ ഹെയ്തിയില്‍ ഭൂകമ്പമുണ്ടായപ്പോഴും സഹായഹസ്തവുമായി എത്തി. യോങ്കേഴ്‌സ് റോട്ടറി ക്ലബിലൂടെ യോങ്കേഴ്‌സിലും ചാരിറ്റി പ്രവർത്തനങ്ങളുണ്ട്. യോങ്കേഴ്‌സ് റോട്ടറി ക്ലബ്ബിന്റെ നിയുക്ത പ്രസിഡന്റുമാണ്.

ഒരു തവണയൊഴിച്ച് എല്ലായ്‌പ്പോഴും സ്വന്തം പണം മാത്രമാണ് നല്‍കിയത്. നാലു വര്‍ഷം മുമ്പ് റിയല്‍എസ്റ്റേറ്റ് രംഗത്തുള്ള സ്റ്റാന്‍ലി മാത്യു 10,000 ഡോളര്‍ സമാഹരിച്ച് നല്‍കി. അത് വയനാട്ടിലെ 30 കുടുംബങ്ങള്‍ക്ക് നല്‍കി.

മാതാപിതാക്കളായ കല്ലൂര്‍ കെ.സി ജോണും, സാറാമ്മയും ജീവിച്ചിരിപ്പില്ല. ഭാര്യ സൂസന്‍ ജോര്‍ജ് വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടിയില്‍ സൂപ്പര്‍വൈസറാണ്. മൂത്തമകള്‍ സിമി ജോര്‍ജ്. ഭര്‍ത്താവ് ബെന്‍സന്‍ ഐസക്കിനും പുത്രി എലിസബത്ത് ഐസകിനുമൊപ്പം അലബാമയില്‍. ഇളയ പുത്രി ജൂലി ജോര്‍ജ് സ്പീച്ച് പതോളജിസ്റ്റ്.

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് കുടുംബത്തിന്റെ പിന്തുണയുണ്ട്. കുടുംബത്തിനായുള്ളത് സമാഹരിച്ചിട്ടുണ്ട്. ബാക്കിയൊക്കെ സേവനത്തിന് എന്നതാണ് ജോര്‍ജ് ജോണിന്റെ തത്വശാസ്ത്രം. ഇല്ലായ്മയില്‍നിന്ന് കൊടുത്തു തുടങ്ങി. കൂടുതല്‍ ലഭിച്ചപ്പോള്‍ കൂടുതലായി കൊടുത്തുതുടങ്ങി. അതിലൊന്നും തനിക്കൊരു മഹത്വവും വേണ്ട. എല്ലാം ദൈവനാമത്തില്‍ ചെയ്യുന്നു. ഇതൊരു പ്രസ്ഥാനമായി മാറ്റാനും താത്പര്യമില്ല. ചാരിറ്റി സംഘടനയോ ട്രസ്റ്റോ ഒന്നുമില്ല. അതിനാല്‍ ടാക്‌സ് ഇളവുകളുമില്ല.

നാല്‍പ്പതില്‍പ്പരം ഏജന്റുമാര്‍ സെഞ്ച്വറി 20 റോയലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. തനിക്ക് കഴിയുന്നത്രകാലം അത് നടത്തിക്കൊണ്ടു പോകും. തന്റെ ചെലവ് കഴിഞ്ഞ് എല്ലാം ചാരിറ്റിക്ക് എന്നതാണ് തീരുമാനം.

മജീഷ്യന്‍ മുതുകാടിന്റെ വീഡിയോകളും, പ്രഭാഷണങ്ങളുമാണ് അദ്ദേഹത്തിലേക്ക് ആകര്‍ഷിച്ചത്. ഒന്നു പരിചയപ്പെടണമെന്ന് ആഗ്രഹിച്ചു. അപ്പോള്‍ പോള്‍ കറുകപ്പള്ളിയാണ് അദ്ദേഹത്തെ ഫോണിൽ വിളിച്ച് തന്റെ കയ്യില്‍ തന്നത്. പിറ്റേ ആഴ്ച അദ്ദേഹം അമേരിക്കയില്‍ വരുന്നുണ്ടായിരുന്നു. അങ്ങനെ തന്റെ വീട്ടില്‍ വന്നു താമസിച്ചു. മാജിക് പ്ലാനറ്റുമായി സഹകരിക്കാന്‍ ഉള്‍വിളി തോന്നി. അതേപടി മുതുകാട് പിന്നീട് പുറത്തുപറഞ്ഞതാണ് മറ്റുള്ളവര്‍ തന്റെ പ്രവര്‍ത്തനം അറിയാനിടയാക്കിയത്.

എന്നിട്ടും എക്കോ ഇങ്ങനെയൊരു അവാര്‍ഡ് കാര്യം പറഞ്ഞപ്പോള്‍ താത്പര്യം കാട്ടിയതല്ല. എന്നാല്‍ 2500 ഡോളര്‍ സമ്മാന തുകയുണ്ടെന്നറിഞ്ഞപ്പോള്‍ സുഹൃത്തുക്കള്‍ പ്രോത്സാഹിപ്പിച്ചു. അതയും തുക കൂടി ആര്‍ക്കെങ്കിലും കൊടുക്കാമല്ലോ എന്നു കരുതി. എക്കോയുടെ മറ്റൊരു സാരഥി സാബു ലൂക്കോസുമായി വളരെ വര്‍ഷങ്ങലായി ബന്ധമുണ്ടുതാനും.

എന്തായാലും ഈ ആദരത്തിന് ഏറെ നന്ദിയുണ്ട്.

അവാർഡ് ദാന ചടങ്ങും വാർഷിക ഡിന്നർ മീറ്റിങ്ങും സംയുക്തമായി ഡിസംബർ 9 വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ ജെറിക്കോയിലുള്ള കൊട്ടിലിയൻ റെസ്റ്റോറന്റിൽ വച്ച് (The Cotillion, 440 Jericho Turnpike, Jericho, NY 11753) പ്രൗഡ്ഢഗംഭീരമായി നടത്തുവാനാണ് സംഘാടകർ ക്രമീകരണങ്ങൾ ചെയ്തു വരുന്നത്. പാട്ടും ഡാൻസും ആഘോഷങ്ങളും സമ്പുഷ്ടവും രുചികരവുമായ ഭക്ഷണവും എല്ലാം ക്രമീകരിച്ചാണ് ഈ അവാർഡ് പരിപാടി വേറിട്ടൊരനുഭവമാക്കുവാൻ ECHO ഭാരവാഹികൾ ശ്രമിക്കുന്നത്. ECHO-യുടെ വിവിധ കാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ഒരു ഫണ്ട് റെയ്സിംഗ് പ്രോഗ്രാമായിട്ടാണ് പ്രസ്തുത ഡിന്നർ മീറ്റിംഗ് ക്രമീകരിക്കുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ECHO-യുമായി സഹകരിച്ചു പ്രവർത്തിക്കണമെന്ന് താൽപ്പര്യമുള്ളവർക്ക് ഇതൊരു സുവർണ്ണാവസരമാണ്.

മലയാള സംഗീത ലോകത്തിനു മറ്റൊരു മുതൽകൂട്ടാകാവുന്ന ഭാവിയുടെ വാഗ്ദാനമായ അനുഗ്രഹീത യുവ ഗായകൻ നവനീത് ഉണ്ണികൃഷ്ണൻ അവതരിപ്പിക്കുന്ന ആദ്യകാല മലയാള ചലച്ചിത്ര ഗാനങ്ങളിലൂടെയുള്ള ഒരു യാത്ര അവാർഡ് നിശയിൽ മുഖ്യ പരിപാടിയാണ് . മറ്റു കലാവിരുന്നുകളും ആസ്വദിച്ച് എന്നും ഓർമ്മിച്ചിരിക്കാവുന്ന ഒരു സായം സന്ധ്യ കൂടി നൽകുന്നതാണ് അവാർഡ് നിശ.

ഭവനങ്ങളിൽ ഏകാന്തത അനുഭവിക്കുന്ന സീനിയർ സിറ്റിസൺസിനു ഒത്തു കൂടുന്നതിനും ആരോഗ്യ പരിപാലനത്തിനായി എക്സർസൈസ് ചെയ്യുന്നതിനുമായി രൂപീകരിച്ച “സീനിയർ വെൽനെസ്സ്” എന്ന പ്രൊജെക്റ്റ് ഇപ്പോൾ ECHO വിജയകരമായി നടത്തിവരുന്നു. സീനിയർ വെൽനെസ്സ് പ്രോഗ്രാം കൂടുതൽ വിപുലീകരിക്കുന്നതിനാണ് ECHO-യുടെ ഇനിയുള്ള ഉദ്ദേശം. അതിനായുള്ള ധനശേഖരണത്തിനു കൂടിയാണ് ഡിന്നർ മീറ്റിംഗ് ക്രമീകരിക്കുന്നത്.

കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപകനും ചെയർമാനുമായ ഫാ. ഡേവിസ് ചിറമേൽ അച്ചനുമായി സഹകരിച്ചു കേരളത്തിൽ “ഹംഗർ ഹണ്ട്” ECHO വളരെ ഭംഗിയായി നടത്തിവരുന്ന മറ്റൊരു പ്രൊജക്റ്റാണ്.

വ്യക്തിപരമായി ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്ന അധികം പേരും “വലതു കൈ ചെയ്യുന്നത് ഇടതു കൈ അറിയരുത്” എന്ന തത്വത്തിൽ വിശ്വസിക്കുന്നവരാകയാൽ പബ്ലിസിറ്റിക്ക് താല്പര്യമില്ലാത്തവരാണ് എന്നതാണ് യാഥാർഥ്യം. എന്നാൽ സ്വന്തം അദ്ധ്വാനത്തിൽ നിന്നും അൽപ്പം മാറ്റി വച്ച് മറ്റുള്ളവരെ സഹായിക്കാൻ സന്മനസ്സു കാണിക്കുന്നവരുടെ പ്രവർത്തനങ്ങൾ പൊതു സമൂഹത്തിൽ വെളിപ്പെടുത്തിയാൽ മറ്റു പലർക്കും അതുപോലെ ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കണം എന്നൊരു പ്രചോദനം ഉണ്ടാകും എന്ന് എക്കോ ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു

അവാർഡ് സംബന്ധിച്ചും ECHO യുടെ പ്രവർത്തനങ്ങൾ സംബന്ധിച്ചും കൂടുതൽ വിവരങ്ങൾ അറിയണമെന്ന് താൽപ്പര്യമുള്ളവർ 516-902-4300 എന്ന നമ്പറുമായി ബന്ധപ്പെടാവുന്നതാണ്. Visit: www.echoforhelp.org

 

Author