ഇടുക്കി പീരുമേട് താലൂക്കിലെ മഞ്ചുമലയിൽ നിർമാണം ആരംഭിച്ച എയർസ്ട്രിപ്പിലെ 650 മീറ്റർ റൺവേയിൽ വിമാനമിറങ്ങി. വൺ കേരള എയർ സ്‌ക്വാഡൻ തിരുവനന്തപുരത്തിന്റെ കമാന്റിങ് ഓഫീസറും പാലക്കാട്ടുകാരനുമായ ഗ്രൂപ്പ് ക്യപ്റ്റൻ എ.ജി. ശ്രീനിവാസനാണു ഡിസംബർ ഒന്നിനു രാവിലെ 10.30നു ലൈറ്റ് ട്രെയിനർ എയർക്രാഫ്റ്റ് ഇനത്തിൽപ്പെട്ട വൈറസ് എസ്ഡബ്ളൂ – 80 എന്ന വിമാനത്തിൽ പറന്നിറങ്ങിയത്.1993 ജൂൺ 13ന് ഇന്ത്യൻ എയർഫോഴ്സിൽ കമ്മീഷൻ എടുത്ത ഇദ്ദേഹം നിരവധി യുദ്ധ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉൾപ്പെടെ പറപ്പിച്ചിട്ടുണ്ട്. ദുർഘടമായ സ്ഥലങ്ങളിൽ ഇന്ത്യൻ എയർഫോഴ്സിനോടൊപ്പം പോരാടിയ എയർഫോഴ്സ് ഓഫീസറായ ഇദ്ദേഹം രണ്ടാമത്തെ തവണയാണ് 1 കേരള എയർ സ്‌ക്വാഡൻ തിരുവനന്തപുരത്തിന്റെ കമാന്റിങ് ചുമതല വഹിക്കുന്നത്.
എൻസിസി കൊച്ചി 3 കേരള എയർ സ്‌ക്വാഡൻ ഗ്രൂപ്പ് ക്യാപ്റ്റൻ ഉദയ് രവിയാണ് കോ പൈലറ്റായി വിമാനത്തിലുണ്ടായിരുന്നത്. 1993ൽ ഇന്ത്യൻ എയർഫോഴ്സിൽ കമ്മീഷൻ എടുത്ത ഇദ്ദേഹം നിരവധി യുദ്ധ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉൾപ്പെടെ പറപ്പിച്ചിട്ടുണ്ട്. കൂടാതെ പല പ്രധാനപ്പെട്ട ദുർഘടമായ സ്ഥലങ്ങളിൽ ഇന്ത്യൻ എയർഫോഴ്സിനോടൊപ്പം പോരാടിയിട്ടുണ്ട്. ബാംഗ്ലൂർ സ്വദേശിയാണ്. അവശ്യമായ നിർദ്ദേശങ്ങളും സഹായങ്ങളും നൽകി കേരള ലക്ഷദ്വീപിന്റെ മേധാവി മേജർ ജനറൽ അലോക് ബേരി, ഡെപ്യുട്ടി ഡയറക്ടർ ജനറൽ ബ്രിഗേഡിയർ പി.കെ. സുനിൽ കുമാർ, ഗ്രൂപ്പ് കമാണ്ടർ കമഡോർ ഹരികൃഷ്ണൻ, ഗ്രൂപ്പ് കമാണ്ടർ ബ്രിഗേഡിയർ പങ്കജ് മെഹ്റ, ഡയറക്ടർ കേണൽ ആസാദ് മറ്റു ഓഫീസേഴ്സും ഉണ്ടായിരുന്നു.
ട്രയൽ ലാൻഡിങ് നടത്തിയ എയർഫോഴ്സ് ഓഫീസർമാരെ ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ ആർ. ബിന്ദു അഭിനന്ദിച്ചു. എയർ സ്ട്രിപ്പ് നിർമിച്ച പൊതുമരാമത്ത് കെട്ടിട വിഭാഗത്തെയും രൂപ കൽപ്പന ചെയ്ത ആർക്കിടെക്ട് വിഭാഗത്തെയും ആശംസിച്ചു. ദുരന്ത നിവാരണത്തിനും കൂടി ഉപയോഗിക്കത്തക്കരീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.