കൊച്ചി: സിറോ മലബാര്‍ സഭയിലെ കുര്‍ബാന ഏകീകരണത്തെച്ചൊല്ലി എറണാകുളം-അങ്കമാലി അതിരൂപതയില്‍ തര്‍ക്കം മുറുകുന്നതിനിടെ അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച് ബിഷപ് ആന്‍ഡ്രൂസ് താഴത്തിന് പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈകോടതി ഉത്തരവ്. കുര്‍ബാന തര്‍ക്കത്തില്‍ ബിഷപ്‌സ് ഹൗസിന് മുന്നില്‍ സമരം നടത്തുന്ന അതിരൂപത സംരക്ഷണ സമിതി, അല്‍മായ മുന്നേറ്റ സമിതി എന്നിവരില്‍നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ആര്‍ച് ബിഷപ് നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് അനു ശിവരാമന്റെ ഇടക്കാല ഉത്തരവ്.
സിനഡ് തീരുമാനിച്ച ഏകീകൃത കുര്‍ബാനയര്‍പ്പണം നടപ്പാക്കുന്നതില്‍ ആര്‍ക്കും ഇളവു നല്‍കാന്‍ തനിക്കാവില്ലെന്ന് ഹരജിയില്‍ പറയുന്നു. എന്നാല്‍, ഇത് അംഗീകരിക്കാതെ വൈദികരുടെയടക്കം നേതൃത്വത്തില്‍ പ്രക്ഷോഭങ്ങളുടെ വേദിയായി ആര്‍ച് ബിഷപ്‌സ് ഹൗസിനെ ചിലര്‍ മാറ്റിയിരിക്കുകയാണ്. അവിടെ സമരങ്ങളും പ്രാര്‍ഥനയജ്ഞങ്ങളും നടത്താന്‍ ആര്‍ക്കും അനുമതിയില്ലാത്തതാണ്. ബിഷപ്‌സ് ഹൗസിലേക്കുള്ള പ്രവേശനം പോലും തടസ്സപ്പെടുത്തുന്ന വിധമാണ് പ്രതിഷേധം. തന്റെ ജീവന് ഭീഷണിയുയര്‍ത്തുന്നതായും ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് സംരക്ഷണത്തിന് കോടതി നിര്‍ദേശിച്ചത്.
ജോയിച്ചൻപുതുക്കുളം