സര്‍വകലാശാല നിയമങ്ങള്‍ (രണ്ടാം നമ്പര്‍) (ഭേദഗതി) ബില്ലിലെ ഖണ്ഡം 2 (ബി) പ്രകാരം, കാര്‍ഷിക സര്‍വകലാശാല നിയമത്തില്‍ പകരം ചേര്‍ക്കുന്ന വകുപ്പ് 27(11)ല്‍ വൈസ് ചാന്‍സലറുടെ ഔദ്യോഗിക സ്ഥാനത്തിന് താല്‍ക്കാലികമായി ഒഴിവുണ്ടാകുന്ന സാഹചര്യത്തില്‍ പി.വി.സിയെ ചാന്‍സലറുടെ ചുമതലകള്‍ നിര്‍വഹിക്കുന്നതിനായി നിയോഗിക്കാമെന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നു. മറ്റു സര്‍വകലാശാലകളുമായി ബന്ധപ്പെട്ടും സമാന വ്യവസ്ഥ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രസ്തുത വ്യവസ്ഥ 2018- ലെ യു.ജി.സി മാര്‍ഗനിര്‍ദേശത്തിലെ പി.വി.സി സംബന്ധിച്ച ഖണ്ഡിക 7.2ലെ വ്യവസ്ഥയ്ക്ക് വിരുദ്ധമാണ്. ‘The Pro Vice Chancellor shall hold office for a period which is co-terminous with that of Vice chancellor ‘ എന്നാണ് യു.ജി.സി വ്യവസ്ഥ ചെയ്തിട്ടുള്ളത്. അതായത് ഭരണഘടനയുടെ അനുച്ഛേദം 254 പ്രകാരം കേന്ദ്ര നിയമത്തിന് വിരുദ്ധമായ വ്യവസ്ഥയാണ് ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സര്‍വകലാശാലകളുടെ നിയമത്തില്‍ യു.ജി.സി ഗൈഡ് ലൈനിന് വിരുദ്ധമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാല്‍ അപ്രകാരം സ്വീകരിക്കുന്ന നടപടികള്‍ ‘Void abinitio ‘ ആണെന്ന് സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലെ വി.സി നിയമനവുമായി ബന്ധപ്പെട്ട കേസുകളില്‍ സുപ്രീം കോടതിയും ഹൈക്കോടതിയും വ്യക്തമാക്കിയിട്ടുള്ളതുമാണ്.
2022-ലെ സര്‍വകലാശാല നിയമങ്ങള്‍ ഭേദഗതി രണ്ടാം നമ്പര്‍ ബില്ലിന്റെ ഖണ്ഡം 2 പ്രകാരം ഭേദഗതി ചെയ്യുന്ന 1971 ലെ കേരള കാര്‍ഷിക സര്‍വകലാശാല ആക്ടിലെ വകുപ്പ് 25 (1)(c) യില്‍, പുതുതായി നിയമിക്കപ്പെടുന്ന ചാന്‍സിലറുടെ കാര്യാലയം സര്‍വകലാശാലയുടെ ആസ്ഥാനത്തായിരിക്കുമെന്നും സര്‍വകലാശാല പ്രസ്തുത കാര്യാലയത്തിന്റെ സുഗമപരമായ പ്രവര്‍ത്തനത്തിന് ആവശ്യമായ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും നല്‍കണമെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു.
മറ്റു സര്‍വ്വകലാശാലകളെ സംബന്ധിച്ച് സമാനമായ വ്യവസ്ഥ ബില്ലിലെ വകുപ്പ് മൂന്ന് മുതല്‍ 9 വരെയുള്ള ഖണ്ഡങ്ങളിലും സര്‍വകലാശാല ഭേദഗതി മൂന്നാം നമ്പര്‍ ബില്ലിന്റെ രണ്ടു മുതല്‍ ഏഴ് വരെയുള്ള ഖണ്ഡങ്ങളിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രസ്തുത വ്യവസ്ഥകള്‍ പ്രകാരം ചാന്‍സലറുടെ കാര്യാലയത്തിനും അവിടെ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കും വേണ്ടി സര്‍വ്വകലാശാല ഫണ്ടില്‍ നിന്നും പണം വിനിയോഗിക്കേണ്ടതായി വരുന്നതാണ്.
കാര്‍ഷിക സര്‍വ്വകലാശാല നിയമത്തിലെ വകുപ്പ് 45(1) ല്‍ യൂണിവേഴ്സിറ്റി ഫണ്ടിനെക്കുറിച്ച് ഇപ്രകാരം വ്യവസ്ഥ ചെയ്യുന്നു.
‘ The University fund to which shall be credited –
i) it’s income from fees endowments and grands if any ;
ii) contributions or grants which may be made by the Government to such fund on such conditions as they may impose;
c) other receipts’
മറ്റു സര്‍വ്വകലാശാല നിയമങ്ങളിലെ സമാന വ്യവസ്ഥ പ്രകാരവും യൂണിവേഴ്സിറ്റി ഫണ്ടില്‍ സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്‍ഡും ഉള്‍പ്പെടുന്നുണ്ട്.
ഈ സാഹചര്യത്തില്‍ ബില്‍ നിയമമാകുമ്പോള്‍ യൂണിവേഴ്സിറ്റി ഫണ്ടില്‍ നിന്നും ഉണ്ടാകാവുന്ന ആവര്‍ത്തകവും അനാവര്‍ത്തകമായ ചെലവ് സംബന്ധിച്ച ഒരു സ്റ്റേറ്റ്മെന്റ് ധനകാര്യ മെമ്മോറണ്ടത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണ്.
എന്നാല്‍ നിയമസഭാ നടപടിക്രമവും കാര്യ നിര്‍വഹണവും സംബന്ധിച്ച ചട്ടങ്ങളിലെ ചട്ടം 73നും ബില്ലിലെ ധനകാര്യ മെമ്മോറാണ്ടം സംബന്ധിച്ച മുന്‍കാല റൂളിന്‍ഗുകള്‍ക്കും വിരുദ്ധമായ രീതിയില്‍ അവ്യക്തമായ ധനകാര്യ മെമ്മോറാണ്ടമാണു
ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആയതിനാല്‍ പ്രസ്തുത ധനകാര്യ മെമ്മോറാണ്ടം പുതുക്കി പ്രസിദ്ധീകരിക്കേണ്ടതാണ്.
സര്‍വകലാശാല നിയമങ്ങള്‍ രണ്ടാം ഭേദഗതി ബില്ലിന്റെ ഖണ്ഡം 2 (എ) പ്രകാരം കാര്‍ഷിക സര്‍വകലാശാല ആക്റ്റില്‍ പകരം ചേര്‍ക്കുന്ന വകുപ്പ് 25 (1) അനുസരിച്ച് സര്‍വ്വകലാശാലയുടെ ചാന്‍സലറെ നിയമിക്കുന്നത് സര്‍ക്കാര്‍ ആണ്. അതായത് നിയമന അധികാരി മന്ത്രിസഭയാണ്.
കാര്‍ഷിക സര്‍വകലാശാല നിയമത്തിലെ വകുപ്പ് 26(1) പ്രകാരം കൃഷിവകുപ്പ് മന്ത്രിയാണ് പ്രസ്തുത സര്‍വ്വകലാശാലയുടെ പ്രോ ചാന്‍സലര്‍. പ്രസ്തുത നിയമത്തിന്റെ വകുപ്പ് 26 (2), 26(3) എന്നിവ താഴെപ്പറയും പ്രകാരം പരാമര്‍ശിക്കുന്നു.
‘(2) In the absence of the Chancellor or during his inability to act, the Pro Chancellor shall exercise all the powers and perform all the function of the chancellor
(3) The Pro chancellor shall also exercise such other powers and perform such other functions of the Chancellor as the Chancellor may by order in writing delegate to the Pro Chancellor and such delegation may be subject to such restrictions and conditions as may be specified in such order.’
അതായത് ചാന്‍സലറുടെ നിയമന അധികാരിയായ മന്ത്രി, ചാന്‍സിലര്‍ റലഹലഴമലേ ചെയ്തു നല്‍കുന്ന അധികാരങ്ങളും ചുമതലകളും നിര്‍വഹിക്കുവാന്‍ ബാധ്യസ്ഥനായി തീര്‍ന്നിരിക്കുന്നു. വകുപ്പ് 26(3) പ്രകാരമുള്ള power delegation ന്റെ നിയമ സാധുതയില്‍ അവ്യക്തതയുണ്ട്.
സമാനമായ വ്യവസ്ഥ മറ്റു സര്‍വകലാശാല നിയമങ്ങള്‍ക്കും ബാധകമാക്കിയിരിക്കുന്നു.
വിദ്യാഭ്യാസം ഭരണഘടനയുടെ ഏഴാം പട്ടികയില്‍ സമവര്‍ത്തി ലിസ്റ്റില്‍ 25 ഇനമായിട്ടാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. യൂണിയന്‍ ലിസ്റ്റിലെ 63, 64, 65, 66 എന്നീ ഉള്‍കുറിപ്പുകളിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി, സാങ്കേതിക വിദ്യാഭ്യാസം, വൈദ്യശാസ്ത്ര പഠനം, സര്‍വ്വകലാശാലകള്‍ ഇവ ഉള്‍പ്പെടെ തൊഴിലാളികളുടെ തൊഴില്‍പരവും സാങ്കേതികവുമായി പരിശീലനം എന്നിവയാണ് സമവര്‍ത്തി ലിസ്റ്റിലെ പട്ടികയിലെ 25-ാം ഇനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ആയതിനാല്‍ ഗവണ്‍മെന്റ് ഓഫ് കേരളയുടെ റൂള്‍സ് ഓഫ് ബിസിനസ് 49 ഉപവകുപ്പ് രണ്ട് പ്രകാരം വിഷയം കേന്ദ്രവുമായി ബന്ധപ്പെട്ടതിനാല്‍ സഭയില്‍ ഉന്നയിക്കുന്നതിനു മുന്‍പ് വിഷയവുമായി നേരിട്ട് ബന്ധമുള്ള കേന്ദ്രത്തിലെ ഭരണ വകുപ്പുമായി ചര്‍ച്ച നടത്തിയിരിക്കേണ്ടതാണ് എന്നാണ് പ്രസ്തുത വകുപ്പ് നിഷ്‌കര്‍ഷിക്കുന്നത്. പ്രസ്തുത നടപടി പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതാണ്. അല്ലാത്തപക്ഷം ബില്ല് രാഷ്ട്രപതിയുടെ അനുമതി തേടണം.
ചാന്‍സലര്‍മാരുടെ യോഗ്യത സംബന്ധിച്ചും ബില്ലില്‍ വ്യക്തമാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിയെ വേണമെങ്കിലും സര്‍ക്കാരിന് ചാന്‍സലറാക്കാം. ഗവര്‍ണര്‍ സര്‍വകലാശാലകളെ സംഘിവത്ക്കരിക്കുമെന്ന് പറയുന്നവര്‍ സര്‍വകലാശാലകളെ മാര്‍കസിസ്റ്റുവത്ക്കരിക്കാനാണ് ശ്രമിക്കുന്നത്.