പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗം (13/12/2022)കടാശ്വാസ കമ്മിഷന്‍ അടച്ചുപൂട്ടി; ആത്മഹത്യാ പരമ്പരകള്‍ ഉണ്ടാകുന്നതിന് മുന്‍പ് സര്‍ക്കാര്‍ ഇടപെടണം.
തിരുവനന്തപുരം : കര്‍ഷകര്‍ക്ക് കൃഷിയിലൂടെ ഉപജീവനം നടത്താനാവശ്യമായ സാഹചര്യം ഉണ്ടാക്കണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്നാണ് മന്ത്രി പറയുന്നത്. എന്നാല്‍ ഏതെങ്കിലും മേഖലയിലുള്ള കര്‍ഷകന് കൃഷികൊണ്ട് ഉപജീവനം നടത്താന്‍ പറ്റുന്ന സാഹചര്യമാണോ സംസ്ഥാനത്ത് നിലവിലുള്ളത്? കര്‍ഷകര്‍ എക്കാലത്തെയും വലിയ പ്രതിസന്ധി അതിജീവിക്കുന്ന കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്.
സംസ്ഥാന സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലായിരുന്നു റബര്‍ കൃഷി. ടയര്‍ കമ്പനികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി പത്ത് ശതമാനം നികുതിയില്‍ റബര്‍ ഇറക്കുമതി ചെയ്യാവുന്ന സാഹചര്യം കേന്ദ്ര സര്‍ക്കാര്‍ ഉണ്ടാക്കിയത് കര്‍ഷകരെ പ്രതികൂലമായി ബാധിച്ചു. റബറിന്റെ താങ്ങ് വില വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ ഈ മേഖല പൂര്‍ണമായും തകരും. സംസ്ഥാനത്ത് നാളികേര സംഭരണം നടക്കുന്നുണ്ടെന്ന് മന്ത്രിക്ക് നെഞ്ചില്‍ കൈവച്ച് പറയാനാകുമോ? നാളികേര സംഭരണം സംസ്ഥാനത്ത് പൂര്‍ണമായും പരാജയപ്പെട്ടു. കിലോമീറ്ററുകളോളം അകലെയുള്ള സംഭരണ കേന്ദ്രത്തിലേക്ക് വാഹനം വാടകയ്‌ക്കെടുത്ത് നാളികേരം എത്തിക്കാന്‍ സാധാരണ കര്‍ഷകര്‍ക്ക് സാധിക്കില്ല. കൃഷി ഭവനുകളില്‍ സംഭരണത്തിന് സൗകര്യമൊരുക്കണം. പൊതുവിപണിയില്‍ 25 രൂപയുള്ളപ്പോള്‍ കര്‍ഷകന് ലഭിക്കുന്നത് വെറും 12 രൂപയാണ്. കര്‍ഷകന് പ്രയോജനകരമായ രീതിയിലുള്ള സംഭരണം നടത്താന്‍ കഴിയുന്നില്ല. ഏലത്തിന്റെ വില അയ്യായിരത്തില്‍ നിന്നും 1100 രൂപയായി കുറഞ്ഞു. ഉല്‍പാദന ചിലവ് ആയിരത്തിന് മുകളിലാണ്. കേരളത്തിന്റെ കറുത്ത സ്വര്‍ണമായ കുരുമുളക് ഉല്‍പാദനം ഗണ്യമായി കുറഞ്ഞു. പഴം, പച്ചക്കറി മേഖലയിലും താങ്ങ് വില നല്‍കി സംഭരിക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. മില്ലുടമകളുമായി ചര്‍ച്ച നടത്താന്‍ വൈകിയതു കൊണ്ട് നെല്ല് സംഭരണം മുടങ്ങി. ഇപ്പോഴും ധാരണയിലെത്തിയിട്ടില്ല.
കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ 150 കോടിയുടെ അവാര്‍ഡ് നല്‍കാനുണ്ട്. ഒരു ലക്ഷത്തോളം അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്. നാല് വര്‍ഷമായി അപേക്ഷ പോലും സ്വീകരിക്കാതെ ഈ സര്‍ക്കാരിന്റെ കലത്ത് കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ അടച്ചുപൂട്ടിയ നിലയിലാണ്. ദുരിതപൂര്‍ണമായ ഈ കാലത്ത് കര്‍ഷകര്‍ക്കെതിരായ ജപ്തി നടപടികളെങ്കിലും നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ബാങ്കിന്റെ ജപ്തി നോട്ടീസ് കിട്ടാത്ത ഏതെങ്കിലും ഒരു കര്‍ഷകനെ കാണിച്ചു തരാന്‍ സര്‍ക്കാരിന് സാധിക്കുമോ? പരിതാപകരമായ അവസ്ഥയിലാണ് കേരളത്തിലെ കര്‍ഷകര്‍.
എല്ലാ കാര്‍ഷിക മേഖലകളിലും കണ്ണീരും ദുരിതവുമാണ്. ആത്മഹത്യകളുടെ പരമ്പരകള്‍ ഉണ്ടാകുന്നതിന് മുന്‍പ് ഗൗരവതരമായി സര്‍ക്കാര്‍ ഇടപെടണം. കരകയറാന്‍ പറ്റാത്ത പ്രതിസന്ധിയിലേക്ക് കാര്‍ഷിക മേഖല കൂപ്പ് കുത്തുമ്പോള്‍ തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കര്‍ഷകര്‍ക്ക് നല്‍കുന്ന പിന്തുണയും പദ്ധതികളും ഈ സര്‍ക്കാര്‍ പരിശോധിക്കണം. സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്തമില്ലാത്ത മേഖലയായി കാര്‍ഷികമേഖല മാറിയിരിക്കുകയാണ്. സര്‍ക്കാരിന്റെ പ്രഥമ പരിഗണനാ പട്ടികയില്‍ പോലും കര്‍ഷകരോ കാര്‍ഷിക മേഖലയോ ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം.