ഭാരതത്തിന്റെ പുത്തന്‍ അധ്യായത്തിന്റെ തുടക്കമാണിത്. ആ തുടക്കത്തിനായുള്ള യാത്ര പിന്നിടുന്നത് പ്രതീക്ഷയുടെ 100 ദിനങ്ങള്‍. ഒറ്റപ്പെട്ടവരെ ചേര്‍ത്തു നിര്‍ത്തിയും രാജ്യപുരോഗതിയിലേക്ക് അതിവേഗത്തില്‍ നമുക്ക് സഞ്ചരിക്കണമെന്ന് ഓര്‍മപ്പെടുത്തിയും മതേതരത്വം കൂട്ടായ്മയിലൂടെ പൂലരുമെന്ന് പ്രഖ്യാപിച്ചും ഭാരത് ജോഡോ യാത്ര രാജ്യത്തിന് പുത്തന്‍ ഉണര്‍വിന്റെ ശംഖുനാദമായി. അതുകൊണ്ടു തന്നെ ഈ യാത്രയെ ചരിത്രമായി കാലം ഓര്‍ക്കുക തന്നെ ചെയ്യും. പിന്നിട്ട
വഴികള്‍ പ്രതീക്ഷകളുടേയും പ്രകാശത്തിന്റേതുമാണ്. സാധാരണക്കാരന്റെ ജീവിതത്തിലൂടെ രാഹുല്‍ ഗാന്ധി സഞ്ചരിക്കുമ്പോള്‍ അടുത്തറിഞ്ഞത് ഇന്ത്യയുടെ ആത്മാവ് തന്നെയാണ്. രാഹുല്‍, നിങ്ങളിലാണ് ഇന്ത്യയുടെ പ്രതീക്ഷയെന്നും കോണ്‍ഗ്രസിന്റെ കടന്നുവരവാണ് രാജ്യം കാത്തിരിക്കുന്നതെന്നും ഓര്‍മപ്പെടുത്തുന്നതാണ് കഴിഞ്ഞു പോയ ഓരോ ദിനങ്ങളും.
ഭാരത് ജോഡോ യാത്രയുടെ തുടക്കം മുതല്‍ കോണ്‍ഗ്രസിന്റെ മടങ്ങി വരവ് ആരംഭിച്ചു കഴിഞ്ഞിരുന്നു. യാത്രയുടെ ലക്ഷ്യം മനസ്സിലാക്കിയതുകൊണ്ടു തന്നെ പിണങ്ങി നിന്നവരും വിമര്‍ശിച്ചവരും ഒപ്പം നടന്നു. കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച ഇടതുപക്ഷ പ്രവര്‍ത്തകര്‍ പോലും രാഹുലിനായി കാത്തുനിന്നു. ഈ യാത്ര ലക്ഷ്യം കാണുകയാണെന്ന് ഓരോ ദിവസവും നമ്മോട് പറയാതെ പറയുകയാണ്. ഒപ്പം രാഹുല്‍ ഗാന്ധി ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ തന്നെ പ്രഭാവലയമാണെന്നും അടയാളപ്പെടുത്തി കഴിഞ്ഞു.
കേന്ദ്ര സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്താനും ജനകീയമായ മുന്നേറ്റം രൂപീകരിക്കാനുമാണ് രാഹുല്‍ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ’ പദയാത്ര ആരംഭിച്ചത്. യാത്രയുടെ ലക്ഷ്യത്തിലെ സുതാര്യതകൊണ്ടുതന്നെ തുടക്കംമുതല്‍ വന്‍ സ്വീകര്യത ലഭിച്ചു. സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ തുടക്കമിട്ട യാത്ര 2,600 കിലോമീറ്റര്‍ ഇതിനോടകം പിന്നിട്ടു. തമിഴ്നാട്, കേരളം, ആന്ധ്രാപ്രദേശ്, കര്‍ണാടക, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ സഞ്ചരിച്ച യാത്ര, നിലവില്‍ രാജസ്ഥാനിലാണ്. ചരിത്രയാത്ര ഡിസംബര്‍ 21ന് യാത്ര ഹരിയാനയില്‍ പ്രവേശിക്കും. 150 ദിവസം നീളുന്ന പദയാത്ര 12 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലൂടെയുമാണ് കടന്നുപോവുന്നത്. രാവിലെ 7 മുതല്‍ 10 വരെയും വൈകിട്ട് 4 മുതല്‍ രാത്രി 7 വരെയും ദിവസവും 25 കിലോമീറ്ററാണ് പദയാത്ര. 3,750 കിലോമീറ്റര്‍ പിന്നിട്ട് 2023 ജനുവരി 30 ന് ശ്രീനഗറില്‍ സമാപിക്കും.
കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പദയാത്രകളില്‍ ഒന്നുകൂടിയാണ് ഭാരത്ജോഡോ യാത്ര. ലോക്സഭാ തിരഞ്ഞെടുപ്പിനു പാര്‍ട്ടിയെ സജ്ജമാക്കുക എന്ന ലക്ഷ്യം കൂടി ഈ യാത്രയ്ക്കുണ്ട്. റോഡരികില്‍ കാത്തുനില്ക്കുന്ന ജനക്കൂട്ടത്തിനുനേരെ കൈവീശിയും അമ്മമാരെ ചേര്‍ത്തു നിര്‍ത്തിയും കുഞ്ഞുങ്ങളെ മാറോടു ചേര്‍ത്തും രാഹുല്‍ എങ്ങും പ്രിയപ്പെട്ടവനായി. യാത്രയ്ക്കിടെ, സ്ത്രീകള്‍, തൊഴിലാളികള്‍, ട്രാന്‍സ്ജെന്‍ഡര്‍, തുടങ്ങി വിവിധ വിഭാഗങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ശ്രീപെരുംപുത്തൂരില്‍ പിതാവ് രാജീവ് ഗാന്ധിയുടെ സ്മാരകത്തിലെത്തി അനുഗ്രഹം തേടിയ ശേഷമാണ് രാഹുല്‍ യാത്ര തുടങ്ങിയത്. കന്യാകുമാരി കടല്‍ത്തീരത്തെ ഗാന്ധി മണ്ഡപത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്, രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ എന്നിവര്‍ ചേര്‍ന്ന് രാഹുലിനു ദേശീയ പതാക കൈമാറി യാത്രയ്ക്ക് തുടക്കമിട്ടു. തുടക്കം മുതല്‍ എങ്ങുനിന്നും വലിയ പിന്തുണ ലഭിച്ചിരുന്നുവെന്നത് ശ്രദ്ധേയമാണ്. യാത്ര കടന്നു പോകുന്ന വഴികളില്‍ ആയിരങ്ങള്‍ പ്രിയനേതാവിനെ കാണാന്‍ കാത്തുനിന്നു.
തുടക്കം മുതല്‍ ചികിത്സയിലുള്ള സോണിയാ ഗാന്ധിക്കു നേരിട്ട് എത്താനായില്ലെങ്കിലും സോണിയയുടെ സന്ദേശത്തോടെയാണ് യാത്രയുടെ ഉദ്ഘാടന പൊതുസമ്മേളനം ആരംഭിച്ചത്. കര്‍ണാടകയിലെ മണ്ഡ്യയില്‍ വച്ച് സോണിയ ഗാന്ധിയും മധ്യപ്രദേശിലെ ഖണ്ഡ്വ ജില്ലയില്‍വച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയും ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയും മകന് രെഹാനും യാത്രയില്‍ അണിചേര്‍ന്നു.
സെപ്റ്റംബര്‍ 11നു പാറശാല വഴി കേരളത്തില്‍ കടന്ന യാത്ര തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലായി സംസ്ഥാനത്ത് 19 ദിവസം ദിവസം പര്യടനം നടത്തി. കേരളത്തില്‍ 406 കിലോമീറ്റര്‍ സഞ്ചരിച്ചാണ് നിലമ്പൂര്‍ വഴി തമിഴ്നാട്ടിലേക്കു കടന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്, കോമണ്‍വെല്‍ത്ത് ഗെയിംസ് വെള്ളിമെഡല്‍ ജേതാവ് കോഴിക്കോട് ചെക്യാട് സ്വദേശി അബ്ദുല്ല അബൂബക്കര്‍, ജാതിവിവേചനത്തിന്റെ രക്തസാക്ഷിയായ രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല, സംവിധായികയും നടിയുമായ പൂജാ ഭട്ട്, നാവികസേനാ മുന്‍ മേധാവി അഡ്മിറല്‍ എല്‍.രാംദാസ്, പ്രമുഖ അഭിഭാഷകനും പൗരാവകാശ പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്, മഹാത്മാ ഗാന്ധിയുടെ മകന്റെ കൊച്ചുമകന് തുഷാര്‍ ഗാന്ധി, നടനും സംവിധായകനും നിര്‍മാതാവുമായ അമോല്‍ പലേക്കര്‍, നടിമാരായ റിയ സെന്‍, ആകാന്‍ഷ പുരി, രഷാമി ദേശായ് എന്നിവരുള്‍പ്പെടെ യാത്രയില്‍ പങ്കെടുത്തിരുന്നു. യാത്രയ്ക്കിടെ, കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, ആര്‍ച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോ, അടൂര്‍ ഗോപാലകൃഷ്ണന്, പെരുമ്പടവം ശ്രീധരന്, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, കാവാലം ശ്രീകുമാര്‍, മാതാ അമൃതാനന്ദമയി തുടങ്ങിയ പ്രമുഖരുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രമുഖകര്‍ യാത്രയുടെ പങ്കാളിയാകും. ചരിത്രത്തിന്റെ ഭാഗമാകുക എന്ന ലക്ഷ്യമാണ് അവരേയും യാത്രയിലേക്ക് അടുപ്പിക്കുന്നത്. മോദിയ്ക്കെതിരെ പടവെട്ടിയും മതാന്ധകാരത്തിനെതിരെ പോരടിച്ചും രാഹുല്‍ നടത്തുന്ന ഈ യാത്ര ലക്ഷ്യം കാണുക തന്നെ ചെയ്യും.