ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ നടത്തുന്നത് ഒളിച്ചുകളി : കെ.സുധാകരന്‍ എംപി

Spread the love

ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ നടത്തുന്നത് ഒളിച്ചുകളിയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി.

സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയോൺമെന്റ് സെൻന്റർ ഉപഗ്രഹ സർവ്വേയിലൂടെ തയ്യാറാക്കിയ റിപ്പോർട്ട് അപൂര്‍ണ്ണവും ആശങ്ക വര്‍ധിപ്പിക്കുന്നതുമാണ്. കൂടുതല്‍ ജനവാസമേഖലകള്‍ ഉള്‍പ്പെടുന്നതും അശാസ്ത്രീയമായതുമായ ഉപഗ്രഹ സര്‍വെ സംബന്ധിച്ച പരാതികേള്‍ക്കാനും പരിഹരിക്കാനും വളരെ ചുരുങ്ങിയ സമയപരിധി അനുവദിച്ചത് പ്രതിഷേധാര്‍ഹമാണ്. പരിസ്ഥിതിലോല മേഖലയില്‍ പഞ്ചായത്ത്‌ തല വിദഗ്ധ സമിതികള്‍ രൂപീകരിച്ച് ഗ്രൗണ്ട്‌ സര്‍വേയും പഠനവും നടത്തി വേണം ബഫര്‍ സോണ്‍ പരിധി സംബന്ധിച്ച റിപ്പോര്‍ട്ട് തയാറാക്കേണ്ടത്.ഗ്രൗണ്ടില്‍ മാര്‍ക്ക് ചെയ്തു അടയാളപ്പെടുത്തലുകള്‍ രേഖപ്പെടുത്തിയാല്‍ മാത്രമെ ബഫര്‍സോണ്‍ പരിധി കൃത്യമായി മനസിലാക്കാന്‍ സാധിക്കൂയെന്നും സുധാകരന്‍ പറഞ്ഞു.

സ്ഥലപേരുകളും മറ്റും ഉള്‍പ്പെടുത്തി ലളിതമായി ജനങ്ങള്‍ക്ക് മനസിലാകും വിധം റിപ്പോര്‍ട്ടില്‍ അടയാളപ്പെടുത്തുന്നതിന് പകരം സര്‍വെ നമ്പരുകള്‍ രേഖപ്പെടുത്തിയത് കാരണം അതിരുകള്‍ തിരിച്ചറിയാന്‍ കഴിയുന്നില്ല. അതുകൊണ്ട് സാധാരണജനങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയാത്ത ഉപഗ്രഹ സര്‍വെ റിപ്പോര്‍ട്ടിന്‍ മേല്‍ വിദഗ്ധസമിതി മുൻപാകെ ലഭിക്കുന്ന എല്ലാ പരാതികളിലും ത‍ദ്ദേശ വകുപ്പിന്റെ സഹകരണത്തോടെ ഭൗതിക സ്ഥലപരിശോധന നടത്തുമെന്ന വനം മന്ത്രിയുടെ പ്രസ്താവന ജനങ്ങളെ കബളിക്കാനാണെന്നും സുധാകരന്‍ പറഞ്ഞു.

മലയോര പ്രദേശവാസികളെ വഞ്ചിച്ച് ബഫര്‍സോണ്‍ അനുകൂല നിലപാടാണ് എല്‍ഡിഎഫും സര്‍ക്കാരും സ്വീകരിക്കുന്നത്. അതിന് ഉദാഹരണമാണ് 2019 ഒക്ടോബര്‍ 23ന് മന്തിസഭാ തീരുമാനം.സംരക്ഷിത മേഖലയ്ക്കു ചുറ്റുമുള്ള ഭൂമിയുടെ ഉപയോഗം,ജനവാസമേഖലകള്‍, കൃഷി ഭൂമി, വ്യവസായങ്ങൾ, അവയുടെ സ്വഭാവം, വാണിജ്യ– പൊതുകെട്ടിടങ്ങൾ എന്നിവ സംബന്ധിച്ചു പട്ടിക തയാറാക്കണമെന്ന
സുപ്രീം കോടതി നിർദേശം പാലിക്കുന്നതിൽ സംസ്ഥാന വനം വകുപ്പ് ഗുരുതവീഴ്ചയാണ് വരുത്തിയത്. അത്തരമൊരു റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കാത്തത് പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. ഉപഗ്രഹ സർവേ റിപ്പോർട്ട് വനം വകുപ്പിനു ലഭിച്ചിട്ട് 3 മാസം കഴിഞ്ഞിട്ടും ഇത്രയും നാൾ പ്രസിദ്ധീകരിക്കാതെ വച്ചതും വനം വകുപ്പിന്റെ വീഴ്ചയാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

കേരളത്തില്‍ വന്യമൃഗശല്യം ഇപ്പോള്‍ തന്നെ വലിയ ഒരു ജീവല്‍പ്രശ്‌നമായി മാറിയിട്ടുണ്ട്.കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 1423 പേരാണ് വന്യമൃഗ ആക്രമണത്തിലൂടെ കൊല്ലപ്പെട്ടത്.അതിനെ നേരിടാന്‍ നിലവിലെ വനനിയമങ്ങള്‍ കൊണ്ട് സാധ്യമല്ല. അതിനാല്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വനനിയമങ്ങള്‍ വ്യാപിപ്പിക്കുന്നത് കര്‍ഷകരെയും ഇവിടങ്ങളില്‍ താമസിക്കുന്ന സാധാരണക്കാരെയും വികസന പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കും.വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്ക് ചുറ്റും പരിസ്ഥിതിലോല പ്രദേശം നിശ്ചയിക്കുമ്പോള്‍ ജനവാസ കേന്ദ്രങ്ങളെ ബാധിക്കാതിരിക്കാന്‍ നിയമനിര്‍മ്മാണം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ ഗുരുതര അലംഭാവം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായി. ബഫര്‍ സോണിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടും അത് സമയബന്ധിതമായി സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. കേരളത്തിന്റെ ഭൂഘടനയും ജനങ്ങളുടെ ദുരിതവും കോടതിയില്‍ കൃത്യമായി വിശദീകരിച്ച് ബോധ്യപ്പെടുത്താനുള്ള അവസരം സര്‍ക്കാരിന്റെ ഉദാസീനത കൊണ്ട് നഷ്ടമായെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് പരിസ്ഥിതിയെ പൂര്‍ണ്ണമായി സംരക്ഷിച്ചുകൊണ്ട് ഉമ്മന്‍ വി ഉമ്മന്‍ കമ്മീഷന്‍ സമര്‍പ്പിച്ച ശുപാര്‍ശകള്‍ തള്ളിക്കളഞ്ഞാണ് പിണറായി സര്‍ക്കാര്‍ ബഫര്‍സോണിന് അനുകൂല നിലപാട് സ്വീകരിച്ചത്. എന്നിട്ട് ഇപ്പോള്‍ മുതലക്കണ്ണീര്‍ ഒഴുക്കുകയാണ്. സാധാരണക്കാരായ കര്‍ഷകരുടെയും മറ്റു ജനവിഭാഗങ്ങളുടെയും ജീവിതം പ്രതിസന്ധിയിലേക്ക് തള്ളിവിട്ട പരിസ്ഥിതിലോല മേഖല വനത്തിനുള്ളില്‍ തന്നെ പുനര്‍നിർണയിക്കുന്നതാണ് കൂടുതല്‍ അഭികാമ്യം.

വീണ്ടുവിചാരമില്ലാതെ കൊണ്ടുവന്ന സില്‍വര്‍ ലെെന്‍ പദ്ധതി ജനകീയപ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ട വന്ന ഗതികേട് പിണറായി സര്‍ക്കാര്‍ വിസ്മരിക്കരുത്. അതില്‍ നിന്നുള്ള അനുഭവപാഠം ഉള്‍ക്കൊണ്ട് ബഫര്‍ സോണ്‍ വിഷയത്തില്‍ ജനപക്ഷത്ത് നിന്നുള്ള നിലപാട് സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം.ബഫര്‍സോണ്‍ നിർണയിക്കുമ്പോള്‍ ഓരോ സംസ്ഥാനത്തിന്റെയും പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്ന സുപ്രീം കോടതി നിര്‍ദ്ദേശമുണ്ട്. ആ ആനുകൂല്യം ലഭിക്കണമെങ്കില്‍ കുറ്റമറ്റതും പരാതിരഹിതവുമായ റിപ്പോര്‍ട്ടാണ് തയ്യാറാക്കേണ്ടത്. കര്‍ഷകരുടെയും സാധാരണജനങ്ങളുടെയും ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകുന്നില്ലെങ്കില്‍ ശക്തമായ ജനകീയപ്രക്ഷോഭത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും സുധാകരന്‍ പറഞ്ഞു.

Author