ദീൻ ദയാൽ പദ്ധതിയിലൂടെ തൊഴിൽ നേടി അമ്പിളി

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നേതൃത്വത്തിൽ കുടുംബശ്രീയുടെ സഹകരണത്തോടെ നടത്തുന്ന ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന(ഡി.ഡി.യു.ജി.കെ.വൈ.)പദ്ധതിയിലൂടെ സ്വന്തം കാലിൽ നിൽക്കാനായതിന്റെ സന്തോഷത്തിലാണ് വെളിയന്നൂർ രണ്ടാം വാർഡ് തൈപ്പറമ്പിലെ അമ്പിളി ടി. വിജയൻ.
ബി.എസ്‌സി പഠനശേഷം അമ്പിളി 2019ലാണ് മൂവാറ്റുപുഴ പി.എസ്.എന്നിൽ ഗസ്റ്റ് റിലേഷൻ മാനേജർ എന്ന ആറുമാസത്തെ കോഴ്സ് ചെയ്തത്. പഠനശേഷം കാക്കനാട് പോപ്പുലർ ഷോറൂമിൽ ജോലി ലഭിച്ചു. ഇപ്പോൾ തൊടുപുഴയിലെ പ്രോമിസ് എഡ്യുക്കേഷൻ കൺസൽട്ടിങ്ങ് കമ്പനിയിൽ അസിസ്റ്റന്റ് മാനേജറായി ജോലി ചെയ്യുകയാണ്.
യുവതീയുവാക്കൾക്കു തൊഴിൽ പരിശീലനത്തോടൊപ്പം തൊഴിലും നൽകുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ് ദീൻ ദയാൽ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന. ഗ്രാമവികസന മന്ത്രാലയമാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗ്രാമീണ മേഖലയിലെ നിർധനരായ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തലാണ് പദ്ധതിയുടെ ലക്ഷ്യം. മൂന്ന് തലങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. ദേശീയ തല നിയന്ത്രണം ഗ്രാമവികസന മന്ത്രാലയവും സംസ്ഥാന തലങ്ങളിൽ സംസ്ഥാന മിഷനും (കുടുംബശ്രീ) മൂന്നാം തലത്തിൽ പ്രോജക്ട് ഇംപ്ലിമെന്റിംഗ് ഏജൻസിയുമാണ് പരിശീലനം നടത്തുന്നതും പദ്ധതി നടപ്പാക്കുന്നതും.
കുടുംബശ്രീ അംഗങ്ങളുടെ കുടുംബാംഗങ്ങൾക്കോ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബാംഗങ്ങൾക്കോ ആണ് പരിശീലനം നൽകുന്നത്. സൗജന്യമായാണ് പഠനം. കോഴ്‌സ് ഫീസ്, താമസം, ഭക്ഷണം, യൂണിഫോം, പുസ്തകങ്ങൾ എന്നിവ നൽകും. പഠനശേഷം സ്‌റ്റൈപ്പെന്റോടുകൂടി വിവിധ സ്ഥാപനങ്ങളിൽ അപ്രന്റീസായും നിയമിക്കും.

Leave Comment