ബഫർ സോണുമായി ബന്ധപ്പെട്ട ജനവാസ കേന്ദ്രങ്ങളിലുള്ളവർക്ക് പീഡയനുഭവിക്കാതെ സ്വൈരജീവിതം തുടരാൻ കഴിയണമെന്ന നിലപാടാണ് സംസ്ഥാന സർക്കാറിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്നാൽ ബഫർ സോണിൻ്റെ പേരിൽ വിവേചനമുണ്ടാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഡിസംബര്‍ 18 മുതല്‍ 21 വരെ നടത്തുന്ന സംസ്ഥാന കേരളോത്സവത്തിന്റെ കലാമത്സരങ്ങള്‍ കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ബഫർ സോൺ സംബന്ധിച്ച് സുപ്രീം കോടതിയുടെ ഉത്തരവ് എങ്ങിനെ ബാധിക്കുമെന്നത് ജനതാൽപര്യം മുൻനിർത്തി കോടതിയിൽ പറയാനും കേന്ദ്ര സർക്കാറിൻ്റെ ശ്രദ്ധയിൽപെടുത്താനും സർക്കാർ തയ്യാറായി. നേരത്തെ കോടതി ഉത്തരവിൻ്റെ ഭാഗമായി ഒരു റിപ്പോർട്ട് നൽകേണ്ടതുണ്ടായിരുന്നു. അത് വേഗത്തിലാക്കാനാണ് ഉപഗ്രഹ സർവെ നടത്തിയത്. സദുദ്ദേശം മാത്രമാണതിന് പിന്നിൽഉപഗ്രഹ സർവെയിൽ എല്ലാ കാര്യങ്ങളും ഉൾപ്പെട്ടിട്ടില്ല എന്ന ബോധ്യത്തെത്തുടർന്ന് സർവെ ഫലം അന്തിമ രേഖയില്ലെന്ന നിലപാടെടുത്തു.
പ്രാദേശിക പ്രത്യേകതകൾ പഠിക്കാൻ ജസ്റ്റിസ് തോട്ടത്തിൽ അധിപനായി വിദഗ്ധ സമിതിയെ നിയോഗിച്ചു.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വിവരങ്ങൾ വാർഡടിസ്ഥാനത്തിൽ രേഖപ്പെടുത്താൻ അവസരം നൽകി. ഇങ്ങനെ റിപ്പോർട്ട് കുറ്റമറ്റതാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. എന്നാൽ ഇതൊന്നുമല്ല നടക്കുന്നതെന്ന് വരുത്തി തീർക്കാൻ ചിലർ ശ്രമിക്കുന്നു. വ്യക്തമായ ഉദ്ദേശങ്ങളാണതിന് പിന്നിൽ. ഇത് തിരിച്ചറിയാൻ കഴിയണം. നാടിൻ്റേയും ജനങ്ങളുടെയു താൽപര്യം സംരക്ഷിക്കാൻ എല്ലാവരുടേയും പിന്തുണ വേണം മുഖ്യമന്ത്രി പറഞ്ഞു.