വികസന പ്രവർത്തനങ്ങളെ എതിർക്കുന്നവർക്കൊപ്പം നിൽക്കാനാവില്ല – മുഖ്യമന്ത്രി

Spread the love

കണ്ണൂർ: വികസന പ്രവർത്തനങ്ങളെ സ്വന്തം താൽപര്യങ്ങൾക്കനുസരിച്ച് എതിർക്കുന്നവരുടെ കൂടെ നിൽക്കാൻ നാടിൻ്റെ ഭാവിയും നാട്ടുകാരുടെ താൽപര്യവും ശ്രദ്ധിക്കുന്ന ഒരു സർക്കാറിന് കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.കിഫ്ബി ഫണ്ടുപയഗിച്ച് നിർമിക്കുന്ന ചേരിക്കൽ-കോട്ടം പാലം പ്രവൃത്തി ഉദ്ഘാടനം കോട്ടത്ത് നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഴുപത്തി അയ്യായിരം കോടി രൂപയുടെ വികസന പ്രവൃത്തികളാണ് കിഫ് ബി വഴി കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടപ്പാക്കുന്നത്. ഇത് കാണുമ്പോൾ അപൂർവ്വം ചിലർക്ക് ചില മനപ്രയാസങ്ങൾ ഉണ്ടാവുന്നുണ്ട്. അവർ വികസനത്തിനെതിരായി ചിന്തിക്കും, തെറ്റിദ്ധാരണ പരത്തും എന്നാൽ നാടിന് ഇതേ പറ്റി നല്ല ബോധ്യമുണ്ട് നാട്ടുകാർ എതിർക്കുന്നവർക്കൊപ്പമല്ല, സർക്കാറിനൊപ്പമാണ് നിൽക്കുന്നത്. മുഖ്യമന്ത്രി പറഞ്ഞു. വികസന പ്രവർത്തനങ്ങൾക്കായി ഏറ്റെടുക്കുന്ന ഭൂമിക്കും അതിലെ ഉഭയങ്ങൾക്കും മതിയായ നഷ്ട പരിഹാരം നൽകിയാണ് സർക്കാർ മുന്നോട്ട് പോകുന്നത്.ദേശീയപാതാ വികസനത്തിന് വേണ്ട ഭൂമിയുടെ 99% വും ഏറ്റെടുത്ത് കഴിഞ്ഞു. നല്ല നഷ്ടപരിഹാരവും നൽകി.എതിരാളികൾ പോലും തുറന്ന് സമ്മതിക്കുന്ന കാര്യമാണിത്. യാത്രാ സൗകര്യം വർദ്ധിക്കണമെന്നത് നാട്ടുകാർ ആഗ്രഹിക്കുന്ന കാര്യമാണ്. ഗതാഗത സൗകര്യമേറുന്നത് വികസനത്തിനും വഴിവെക്കും. അതിനാലാണ് സംസ്ഥാന സർക്കാർ റോഡ്, പാല വികസന പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്നത- മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. വിദേശ രാജ്യങ്ങളുടെ മാതൃകയിൽ പാലങ്ങൾ ടൂറിസം സ്പോട്ടുകളാക്കാനാണ് സർക്കാറിൻ്റെ ലക്ഷ്യമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പാലങ്ങൾ സൗന്ദര്യവൽക്കരിച്ചാണ് ഇത് നടപ്പാക്കുക.2023-ൽ ഇതിന് തടക്കമിടും. മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
പിണറായി പെരളശ്ശേരി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം 15 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. 11 സ്പാനുകളിലായി 225.95 മീറ്റർ നീളത്തിലാണ് പാലം പണിയുക. 11 മീറ്റർ വീതിയുള്ള പാലത്തിന്റെ ഇരുഭാഗത്തും 1.5 മീറ്റർ വീതിയിൽ നടപ്പാതയും ഉണ്ടാകും.. ചേരിക്കൽ ഭാഗത്ത് 215 മീറ്ററും കോട്ടം ഭാഗത്ത് 293 മീറ്ററും നീളത്തിൽ അനുബന്ധ റോഡും നിർമ്മിക്കും.

Author