ഹാപ്പിനസ് ഫിലിം ഫെസ്റ്റിവലിന് തുടക്കം

കണ്ണൂർ : കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന് തളിപ്പറമ്പില്‍ തുടക്കമായി. തളിപ്പറമ്പ് ആലിങ്കീല്‍ പാരഡൈസ്, ക്ളാസിക് ക്രൗണ്‍, മൊട്ടമ്മല്‍ മാള്‍ എന്നീ തീയേറ്ററുകളില്‍ മൂന്നു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ ലോകസിനിമ, ഇന്ത്യന്‍ സിനിമ, മലയാളം സിനിമ എന്നീ വിഭാഗങ്ങളിലായി 30 സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്.ആദ്യദിനത്തില്‍ അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ ഇറാന്‍ ചിത്രമായ ഹൂപ്പ്, മെമ്മറി ലാന്‍ഡ്, എ പ്ലേസ് ഓഫ് ഔര്‍ ഔണ്‍, മണിപ്പൂരി ചിത്രം ഔര്‍ ഹോം എന്നിവയും മലയാളചിത്ര വിഭാഗത്തില്‍ ഭര്‍ത്താവും ഭാര്യയും മരിച്ച രണ്ടു മക്കളും, ബാക്കി വന്നവര്‍ എന്നിങ്ങനെ ഏഴു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
തിരുവനന്തപുരത്ത് നടന്ന 27-ാത് ഐ എഫ് എഫ് കെയില്‍ പ്രേക്ഷകപ്രീതി പിടിച്ചു പറ്റിയ ഹിന്ദി ചിത്രം എ പ്ലേസ് ഓഫ് ഔര്‍ ഔണ്‍ (ഏക് ജഗഹ് അപ്നി), വിയറ്റ്‌നാം ചിത്രമായ മെമ്മറി ലാന്‍ഡ്, മലയാള ചിത്രം അറിയിപ്പ്, മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം നേടിയ സ്പാനിഷ് ചിത്രം ഉതമ, മികച്ച നവാഗത സംവിധായകനുള്ള രജത ചകോരവും മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും നേടിയ അറബിക് ചിത്രമായ ആലം ഉള്‍പ്പെടെയുള്ള സിനിമകള്‍ 20, 21 തീയ്യതികളില്‍ പ്രദര്‍ശിപ്പിക്കും.പൊതുവിഭാഗത്തിന് 300 രൂപയും വിദ്യാര്‍ഥികള്‍ക്ക് 150 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. iffk.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നടത്താം. ഓഫ് ലൈന്‍ രജിസ്ട്രേഷന് തളിപ്പറമ്പ് മൊട്ടമ്മല്‍ മാളിലെ ഡെലിഗേറ്റ് സെല്ലില്‍ ബന്ധപ്പെടണം.

Leave Comment