കോട്ടയം: തേനീച്ച മെഴുകിൽനിന്നുള്ള ലിപ് ബാം, കാട്ടു കൂവപ്പൊടി, മുളയരി, മാനിപ്പുല്ല് തൊപ്പികൾ, സ്‌പെഷൽ മസാല കാപ്പിപ്പൊടി തുടങ്ങി വയനാടിന്റെ വനവിഭവങ്ങളുടെ വിരുന്ന് കാണണമെങ്കിൽ നാഗമ്പടത്തു നടക്കുന്ന കുടുംബശ്രീ ദേശീയ സരസ് മേളയിലെത്തണം.നാടൻ തേൻ, വയനാടൻ കാപ്പിപ്പൊടി, കാടിന്റെ തനതായ ഉത്പന്നങ്ങൾ, ഹാൻഡ് ക്രാഫ്റ്റ് ഉത്പന്നങ്ങൾ ഇങ്ങനെ നീളുന്നു വയനാട്ടിൽ നിന്നുള്ള വൻധൻ സ്റ്റാളിലെ ഉത്പന്നങ്ങൾ. ആദിവാസികൾ ശേഖരിക്കുന്നതും നിർമ്മിക്കുന്നതുമായ തനത് ഉത്പന്നങ്ങളാണ് സ്റ്റാളിലുള്ളത്. 40 രൂപ തേനീച്ച മെഴുകിൽനിന്നുള്ള നാടൻ ലിപ്ബാം വാങ്ങാം. മാനി പുല്ല് കൊണ്ടുള്ള ഉത്പന്നങ്ങൾക്ക് 450 രൂപയാണ് വില.വയനാട് കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിൽ എട്ടു വൻധൻ യൂണിറ്റുകളാണുള്ളത്. ഓരോ യൂണിറ്റിലും 300 അംഗങ്ങളുണ്ട്. യൂണിറ്റിലെ അംഗങ്ങളായ ആദിവാസികൾ വനവിഭങ്ങൾ ശേഖരിച്ച് പായ്ക്കറ്റ് രൂപത്തിലാക്കുന്നു. കാട്ടിൽ നിന്നും ശേഖരിക്കുന്ന ഔഷധ ഗുണമുള്ള പുറ്റുതേൻ, കാപ്പി, ഏലം, ഗ്രാമ്പു, ഉലുവ, ജീരകം, ഇഞ്ചി എന്നിവ ചേർത്തുണ്ടാക്കുന്ന മസാല കാപ്പിപ്പൊടി, മുളയരി എന്നിവയാണ് സ്റ്റാളിലെ പ്രധാന വിഭവങ്ങൾ.ഗോത്രവിഭാഗങ്ങളുടെ തനതു കരകൗശല വസ്തുക്കളും ഉത്പന്നങ്ങളും സംരക്ഷിച്ചു മികച്ച വിപണി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ് വൻധൻ വികാസ് യോജന. കേരളത്തിൽ കുടുംബശ്രീയുടെയും വനം വകുപ്പിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ യൂണിറ്റിനും 15 ലക്ഷം രൂപവീതം പദ്ധതിയുടെ ഭാഗമായി നൽകുന്നു.