ക്രിസ്തുവിന്റ ജനനം ഡിസംബറിലെ കൊടും തണുപ്പിലോ ? : പി.പി.ചെറിയാന്‍

Spread the love

ക്രിസ്തുവിന്റെ ജനനത്തിനു മൂന്ന് നൂറ്റാണ്ടുകൾക്കു മുൻപ് ജീവിച്ചിരുന്നു ഗ്രീക്ക് തത്വചിന്തകന്മാരായ സോക്രട്ടറീസ് , അരിസ്റ്റോട്ടിൽ , മഹാനായ അലക്സാണ്ടർ എന്നിവരുടെ ജനന-മരണ തിയ്യതികൾ ചരിത്ര രേഖകളിൽ രേഖപെടുത്തിയിരിക്കുന്നതു ചെറുപ്പകാലങ്ങളിൽ പാഠപുസ്തകങ്ങളിൽ നിന്നും നാം പഠിച്ചത് നമ്മുടെ സ്മ്രതി പഥത്തിൽ ഇന്നും മായാതെ തങ്ങി നിൽക്കുന്നു .എന്നാൽ ലോക ചരിത്രത്തെ ബി സിയെന്നും എ ഡി യെന്നും രണ്ടായി വിഭാഗിച്ചുവെങ്കിലും ചരിത്ര രേഖകളിൽ രേഖപെടുത്തിയിട്ടില്ലാത്ത വിശുദ്ധ ബൈബിളിൽ മാത്രം രേഖപെടുത്തപ്പെട്ടിട്ടുള്ള ക്രിസ്തുവിന്റ ജനനം ഡിസംബറിലെ കൊടും തണുപ്പിലോ? നൂറ്റാണ്ടുകളായി ഉത്തരം ലഭിക്കാത്ത ഒരു ചോദ്യമായി ഇന്നും അതവശേഷിക്കുന്നു.ക്രിസ്തുവിന്റെ ജനനം ഡിസംബര്‍ 25 നാണ് എന്നതിന് ചരിത്ര രേഖകളോ, വേദപുസ്തക തെളിവുകളോ ഒന്നും തന്നെയില്ല. ഡിസംബര്‍ മാസം യെരുശലേമില്‍ കൊടും തണുപ്പിന്റെ സമയമാണ്. ഈ സമയത്ത് ആടുകളെ സംരക്ഷിക്കുന്നതിന് പുറത്ത് കാവല്‍ കിടക്കുന്ന പതിവ് അവിടെയുള്ള ഇടയന്മാര്‍ക്കില്ല.

റോമന്‍ സാമ്രാജ്യത്തില്‍ സൂര്യന്റെ ഉത്സവദിനമായി ആഘോഷിക്കുന്ന ദിവസമാണ് ഡിസംബര്‍ 25. ഈ ദിവസം തിരഞ്ഞെടുത്താണ് ക്രൈസ്തവ ജനത ക്രിസ്മസ് ദിനമായി കൊണ്ടാടുന്നതെന്നു പരസ്യമല്ലാത്ത രഹസ്യമാണ്

പാപമരണത്തിന് അധീനരായ ആദാമ്യ സന്തതികളെ വീണ്ടെടുത്ത്, നിത്യ ജീവന്റെ അവകാശികളാക്കുന്നതിന് സ്വര്‍ഗ്ഗ മഹിമകള്‍ വെടിഞ്ഞു ഭൂമിയില്‍ മനുഷ്യനായി അവതരിച്ച ദൈവകുമാരെന്റെ ജനനത്തെ ഓര്‍ക്കുന്ന ദിനമാണ് ക്രിസ്മസ്എന്നതിന് രണ്ട് പക്ഷമില്ല .

യേശുവിൻറെ ജനനത്തിനുശേഷം നൂറ്റാണ്ടുകൾ പിന്നിട്ടുവെങ്കിലും മനുഷ്യർ ഇന്നും അവന്റെ ആളത്വത്തിന്റെയും പ്രവർത്തനത്തിന്റെയും അതുല്യ മഹാത്മ്യത്തെ കുറിച്ചു ചിന്തിച്ചും അത്ഭുതപ്പെട്ടുകൊണ്ടാണിരിക്കുന്നത്.

ക്രിസ്തുവിന്റെ ജനനത്തിൽ അവൻ ഹെരോദാ രാജാവിനെ തികച്ചും അസ്വസ്ഥനാക്കി. തൻറെ ജ്ഞാനത്താൽ ബാല്യകാലത്തു അവൻ ജറുസലേം ദേവാലയത്തിലെ പുരോഹിതമാരെയും ശാസ്ത്രിമാരെയും വേദപണ്ഡിതന്മാരെയും അദ്ഭുദപ്പെടുത്തി .തന്റെ പരസ്യ ശുശ്രുഷ ആരംഭിച്ചതോടെ അവൻ പ്രകൃതിയുടെ ഗതിയെ അടക്കി നിയന്ത്രിച്ചു. തിരമാലകളുടെ മുകളിലൂടെ അവൻ അനായാസം നടന്നു. കടലിലെ ആർത്തലക്കുന്ന തിരമാലകൾ അവന്റെ ശാസനയാൽ ശാന്തമായി .ഔഷധങ്ങൾ കൂടാതെ അവൻ അനേകായിരങ്ങളുടെ രോഗങ്ങൾ സൗഖ്യമാക്കി.

അവൻ യാതൊരു പുസ്തകവും എഴുതിയിട്ടില്ല എങ്കിലും അവനെപ്പറ്റി എഴുതപ്പെട്ടിട്ടുള്ള പുസ്തകങ്ങൾ കൊണ്ട് ലോകത്തിൻറെ ഗ്രന്ഥശാലകൾ നിറഞ്ഞിരിക്കുന്നു. അവൻ ഗാനങ്ങൾ ഒന്നും രചിച്ചിട്ടില്ല എങ്കിലും മറ്റേത് വ്യക്തിയേക്കാളും ,വിഷയത്തെകാളും കൂടുതൽ പാട്ടുകൾ അവനെപ്പറ്റി എഴുതപ്പെട്ടിട്ടുണ്ട് .

ലോക ചരിത്രത്തിൽ മഹാന്മാർ പലർ വരികയും മണ്മറഞ്ഞു പോകുകയും ചെയ്തിട്ടുണ്ട് .എങ്കിലും അവൻ മരണത്തെ പരാജയപ്പെടുത്തി എന്നന്നേക്കും ജീവിക്കുന്നു .ഹെരോദാവിനു അവനെ നശിപ്പിക്കാൻ കഴിഞ്ഞില്ല.സാത്താന് അവനെ പ്രലോഭിപ്പിക്കാൻ കഴിവില്ലായിരുന്നു .ലോകത്തിൽ ജീവിച്ചിട്ടുള്ള മറ്റെല്ലാവരും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ പരാജയത്തെ അഭിമുഖീകരിച്ചിട്ടുണ്ട് എന്നാൽ യേശുവിനു യാതൊരു പരാജയവും നേരിട്ടിട്ടില്ല .ഈ അതുല്യ വ്യക്തിയുടെ ജീവിതം തികച്ചും അതിമനോഹരമായിരുന്നു .

എത്രയും അത്ഭുതകരമായ ഒരാളത്വമായിരുന്നു അവനു ഉണ്ടായിരുന്നത് .”ഞാൻ ഈ മനുഷ്യൻ കുറ്റം ഒന്നും കാണുന്നില്ല” എന്ന് മാത്രമേ പീലാത്തോസിനെ അവനെ കുറിച്ച് പറയുവാൻ കഴിഞ്ഞുള്ളൂ. “ഈ മനുഷ്യൻ വാസ്തവമായി നീതിമാൻ ആയിരുന്നു” എന്നാണ് റോമൻ പടയാളി പ്രഖ്യാപിച്ചത് .ദൈവം തന്നെയും സ്വർഗ്ഗത്തിൽനിന്ന് അരുളി ചെയ്തത് “ഇവൻ എൻറെ പ്രിയ പുത്രൻ ഇവനു ചെവികൊടുപ്പിൻ” എന്നായിരുന്നു”.

പിതാവായ ദൈവത്തിന്റേയും സ്തുതി ഗീതങ്ങള്‍ ആലപിക്കുന്ന സാറാഫുകളുടേയും സാമീപ്യം ഉപേക്ഷിച്ചു. ഭൂമിയില്‍ വരുന്നതിനും പശു തൊട്ടിയില്‍ ജനിക്കുന്നതിനും ജനനം മുതല്‍ പാവപ്പെട്ടവനായി, തലചായ്ക്കുന്നതിന് ഇടമില്ലാതെ കഴിയുന്നതിനും നിലവിലുണ്ടായിരുന്ന അനാചാരങ്ങള്‍ക്കെതിരെ, ന്യായ ശാസ്ത്രിമാര്‍, പരിശന്മാര്‍, പളളി പ്രമാണികള്‍ എന്നിവരുടെ അനീതികള്‍ക്കെതിരെ പോരാടി കുരിശില്‍ മരിക്കുന്നതിനും സ്വപുത്രനെ ഏൽപിച്ചു കൊടുക്കുന്നതിനു ദൈവം തീരുമാനിച്ചത് തികച്ചും ധീരോചിതമായ നടപടി തന്നെ.

ക്രിസ്തുവിന്റെ അനുയായികളുടെ ഏറ്റവും പ്രധാനമായ ഗുണമേന്മയെന്നത് ധീരതയാണ്. ശീതോഷ്ണവാനായിരിക്കുക എന്നത് ക്രിസ്താനികള്‍ക്ക് ഒരിക്കലും ചേര്‍ന്നതല്ല. യേശു മാട്ടിന്‍ തൊഴുത്തില്‍ ജനിച്ചു. പുല്‍തൊട്ടിയില്‍ കിടത്തി, കാല്‍വറി കുരിശില്‍ മരിച്ചു. എന്നാല്‍ ക്രിസ്തുവിന്റെ യഥാര്‍ത്ഥ സ്ഥാനം നാം ഇന്ന് ആഘോഷമാക്കി മാറ്റിയിട്ടുളള പുല്‍തൊട്ടിയിലോ, കുരിശിലൊ അല്ലായിരുന്നു. ക്രിസ്തു നമ്മുടെ ഹൃദയങ്ങളില്‍ വസിക്കുവാനാണ് ആഗ്രഹിക്കുന്നത്.

ക്രിസ്തു പഠിപ്പിച്ചത് സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും എന്നാണ്. ഇവിടെയാണ് ക്രിസ്മസിന്റെ യഥാര്‍ത്ഥ സന്ദേശം പ്രതിഫലിക്കുന്നത്.വിശന്നിരിക്കുന്നവര്‍ക്ക് ഭക്ഷണം ലഭിക്കാതെയിരിക്കുമ്പോള്‍, ദൈവത്തെ വിളിച്ചപേക്ഷിച്ചിട്ടും ഉത്തരം ലഭിക്കാതെയിരിക്കുമ്പോള്‍, സ്വര്‍ഗ്ഗം പോലും നിരസിക്കുമ്പോള്‍,ഉണ്ടാകുന്ന അനുഭവങ്ങള്‍ നേരിട്ട് രുചിച്ചറിയുവാന്‍ ക്രിസ്തുവിന് കഴിഞ്ഞു. എന്തുകൊണ്ട് ഇത്തരം അനുഭവങ്ങള്‍ നമുക്ക് പരീക്ഷിച്ചു നോക്കി കൂടാ ? ചില ദിവസങ്ങളെങ്കിലും പട്ടിണി കിടന്ന് പട്ടിണി അനുഭവിക്കുന്ന സഹോദരങ്ങളുടെ പ്രയാസങ്ങള്‍ മനസ്സിലാക്കുവാന്‍ എന്തുകൊണ്ട് നമുക്കൊന്ന് ശ്രമിച്ചു കൂടാ ?ക്രിസ്തുമസിനു വലിയ ആഘോഷങ്ങളും വിരുന്നു സല്‍ക്കാരങ്ങളും സംഘടിപ്പിക്കുമ്പോള്‍ നമ്മിലര്‍പ്പിതമായിട്ടുളള ഉത്തരവാദിത്വം വിസ്മരിക്കരുത്

ദൈവം മാംസം ധരിക്കുകവഴി വലിയൊരു വെല്ലുവിളിയാണ് ഏറ്റെടുത്തിരിക്കുന്നത് .മാംസധാരികളായ നാം ദൈവത്തെ ഉള്‍കൊള്ളുന്നതിനുള്ള വെല്ലുവിളി ഏറ്റെടുക്കുമോ ?ദൈവാത്മാവ് നമ്മുടെ ജഡത്തില്‍ വ്യാപാരിക്കുവാന്‍ നാം നമ്മെ തന്നേ ഏല്പിച്ചുകൊടുക്കുമോ?താഴ്മയുടെയും ,സ്‌നേഹത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും പ്രതിഫലനമായിരികേണ്ടതല്ലേ നമ്മുടെ ജീവിതം ?.അതാണ് മറ്റുള്ളവര്‍ നമ്മില്‍ നിന്നും പ്രതീക്ഷിക്കുന്നതും.ദൈവ പുത്രനായ ക്രിസ്തുവിന്റെ തിരുപിറവി ആഡംബരങ്ങള്‍ ഉപേക്ഷിച്ചും പൂര്‍വ്വ പിതാക്കന്മാര്‍ ഉയര്‍ത്തി പിടിച്ച സനാതന സത്യങ്ങള്‍ സ്വായത്തമാക്കിയും നമുക്ക് ലളിതമായി ആഘോഷിക്കാം.

Author