ഇ.പി ജയരാജനെതിരായ ആരോപണം അതീവ ഗൗരവതരം : രമേശ് ചെന്നിത്തല

ഒരു സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യം.

തിരുവനന്തപുരം: എല്‍.ഡി എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ ഉയര്‍ന്ന ആരോപണം അതീവ ഗൗരവതരമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ജയരാജന്‍ മന്ത്രിയായിരിക്കെ പദവി ദുരുപയോഗം ചെയ്തുവെന്നാണ് ഈ ആരോപണത്തില്‍ നിന്ന് വ്യക്തമാവുന്നത്. പാര്‍ട്ടിയിലെ ഒരു മുതിര്‍ന്ന നേതാവ് തന്നെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇത് അതിന്റെ ഗൗരവം പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുന്നു.

പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയരുമ്പോള്‍ പാര്‍ട്ടി അന്വേഷിക്കുമെന്ന പതിവ് പല്ലവി അംഗീകരിക്കില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണം.

ആരോപണം ഉയര്‍ന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും പര്‍ട്ടി സെക്രട്ടറി ഒരക്ഷരം മിണ്ടിയിട്ടില്ല. നാഴികയ്ക്ക് നാല്‍പ്പത് വെട്ടംമാധ്യമങ്ങളെ കാണുന്ന ഗോവിന്ദന്റെ മൗനം ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.
സിപിഎം പാര്‍ട്ടിയെ ഇന്ന് അടിമുടി ജീര്‍ണ്ണത ബാധിച്ചിരിക്കുന്നു.

അഴിമതിയും കെടുകാര്യസ്തയും അതിന്റെ മൂര്‍ദ്ധന്യതയിലെത്തിയിരിക്കുന്നു. മുഖ്യമന്ത്രിയും ഓഫീസും സ്വര്‍ണ്ണക്കടത്ത് കേസില്‍ സംശയത്തിന്റെ നിഴലിലായ ശേഷം അഴിമതിക്കെതിരായ നടപടികള്‍ വെറും ജലരേഖയായി മാറി.

ഒന്നാം പിണറായി സര്‍ക്കരിക്കാരിന്റെ രണ്ടാം സ്ഥാനക്കാരനായിരുന്ന ഇ.പി ജയരാജനെതിരായ ഉയര്‍ന്ന ആരോപണം റിസോര്‍ട്ട് കാര്യത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. ഇത് മഞ്ഞുമലയുടെ അഗ്രം മാത്രമാണ്. ഇക്കാര്യത്തില്‍ ഒരു സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യമാണെന്ന് ചെന്നിത്തല പറഞ്ഞു

Leave Comment