ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ബ്ലൈന്‍ഡ് ഇന്‍ കേരളയുടെ പത്താം വാര്‍ഷികം ആഘോഷിച്ചു

Spread the love

കൊച്ചി: കാഴ്ച പരിമിതരുടെ ക്രിക്കറ്റ് പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ബ്ലൈന്‍ഡ് ഇന്‍ കേരളയുടെ 10ാം വാര്‍ഷികം ആഘോഷിച്ചു. ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ബ്ലൈന്‍ഡ് ഇന്‍ ഇന്ത്യക്ക് കീഴിലുള്ള അംഗീകൃത അസോസിയേഷനായ ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ബ്ലൈന്‍ഡ് ഇന്‍് കേരള 2012ലാണ് രൂപീകരിച്ചത്. ലോക ബ്ലൈന്‍ഡ് ക്രിക്കറ്റ് കൗണ്‍സിസിന്റെ അംഗീകാരവും അസോസിയേഷനുണ്ട്. കാഴ്ചപരിമിതിയുള്ള കുറച്ചുപേരുടെ കഠിന പ്രയത്നത്തിന്റെ ഭാഗമായാണ് 2012ല്‍ അസോസിയേഷന്‍ ആരംഭിക്കുന്നത്.

മികച്ച പ്രവര്‍ത്തനത്തിലൂടെ 2020ലെ മികച്ച ക്രിക്കറ്റ് അസോസിയേഷനുള്ള ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ബ്ലൈന്‍ഡ് ഇന്‍ ഇന്ത്യയുടെ പുരസ്‌കാരവും കേരള അസോസിയേഷനെ തേടിയെത്തി. കാഴ്ച പരിമിതിയുള്ളവര്‍ക്കിടയില്‍ ക്രിക്കറ്റ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള സാഹചര്യവും സൗകര്യവുമൊരുക്കുക എന്നതാണ് അസോസിയേഷന്റെ പ്രധാന പ്രവര്‍ത്തനം. ഇതിന്റെ ഭാഗമായി കാഴ്ചപരിമിതിയുള്ളവര്‍ക്കുവേണ്ടിയുള്ള സ്‌കൂളുകളില്‍ ക്രിക്കറ്റ് പരിശീലനത്തിനാവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിനോടൊപ്പം അടിസ്ഥാന തലം മുതല്‍ അന്താരാഷ്ട്ര തലം വരെയുള്ള മത്സരങ്ങളും ടൂര്‍ണമെന്റുകളും സംഘടിപ്പിക്കുന്നുമുണ്ട്. അസോസിയേഷന്റെ നേതൃത്വത്തിലാണ് കാഴ്ച പരിമിതിയുള്ളവരുടെ സംസ്ഥാന പുരുഷ, വനിതാ ക്രിക്കറ്റ് ടീമുകളെ തെരഞ്ഞെടുത്തു പരിശീലിപ്പിക്കുന്നത്. ക്രിക്കറ്റ് കളിക്കുന്നതിലൂടെ കാഴ്ച പരിമിതിയുള്ളവര്‍ക്ക് വരുമാനം ലഭിക്കുന്നതിനുള്ള സാഹചര്യമൊരുക്കുക എന്ന വലിയ ലക്ഷ്യവും അസോസിയേഷനുണ്ട്. അസോസിയേഷന്റെ നേതൃത്വത്തില്‍ ആലുവയില്‍ പ്രവര്‍ത്തിക്കുന്ന സിഎബികെ സെന്റര്‍ ഫോര്‍ എക്സലന്‍സില്‍ കാഴ്ച പരിമിതര്‍ക്ക് മികച്ച ക്രിക്കറ്റ് പരിശീലനത്തിനുള്ള സൗകര്യെമാരുക്കിയിട്ടുണ്ട്. 2019ല്‍ കേരളത്തിന്റെ ആദ്യ വനിതാ ബ്ലൈന്‍ഡ് ക്രിക്കറ്റ് ടീമിനു രൂപം നല്‍കുന്നതിലും അസോസിയേഷന്‍ പ്രധാന പങ്കുവഹിച്ചു.

രാജ്യത്താദ്യമായി കാഴ്ച പരിമിതിയുള്ളവര്‍ക്കുവേണ്ടിയുള്ള ക്രിക്കറ്റ് അക്കാദമി ആരംഭിച്ചതും കേരള അസോസിയേഷനു കീഴിലാണ്. കാഴ്ചപരിമിതയുള്ളവര്‍ക്കു വേണ്ടിയുള്ള സ്‌കൂളുകളില്‍ കഴിഞ്ഞ 10 വര്‍ഷമായി അസോസിയേഷന്റെ നേതൃത്വത്തില്‍ ക്രിക്കറ്റ് പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചുവരുന്നു. ഇക്കാലയളവില്‍ ദേശീയ ബ്ലൈന്‍ഡ് ക്രിക്കറ്റ് ടീമിലേക്ക് 10ലേറെ താരങ്ങളെ സംഭാവന നല്‍കാനും കേരള അസോസിയേഷനു സാധിച്ചു. ഇന്ത്യയുടെ ലോകകപ്പ് വിജയങ്ങളില്‍ ഈ താരങ്ങളുടെ പ്രകടനം നിര്‍ണായകമായിരുന്നു. കോവിഡ് സമയത്ത് 150ഓളം താരങ്ങള്‍ക്ക് മൂന്നു മാസത്തോളം തൂടര്‍ച്ചയായി സാമ്പത്തിക സഹായം ലഭ്യമാക്കാനും അസോസിയേഷനു സാധിച്ചു. 2018ലെ പ്രളയ സമയത്ത് വാര്‍ഷിക ഗ്രാന്‍ഡ് തുകയായ 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തും ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ബ്ലൈന്‍ഡ് ഇന്‍ കേരള മാതൃകയായി. ബ്ലൈന്‍ഡ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ ജിനീഷ് പി , ജനറല്‍ സെക്രട്ടറി രജനീഷ് ഹെന്റി , യു എസ് ടെക്‌നോളജി സെന്‍ട്രല്‍ ഹെഡ് സുനില്‍ ബാലകൃഷ്ണന്‍, സി എസ് ആര്‍ ഹെഡ് പ്രശാന്ത് സുബ്രമണ്യന്‍, സി എ ബി കെ സീനിയര്‍ റൊട്ടേറിയന്‍ അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ എബ്രഹാം ജോര്‍ജ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പും യുഎസ് ടിയും ആണ് ബ്ലൈന്‍ഡ് ക്രിക്കറ്റ് കേരളയുടെ പ്രധാന സ്‌പോണ്‍സര്‍മാര്‍.

ഫോട്ടോ ക്യാപ്ഷന്‍

കാഴ്ച പരിമിതരുടെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ പത്താം വാര്‍ഷികം സിഎബികെ പ്രസിഡന്റ് ജിനീഷ് പി , ജനറല്‍ സെക്രട്ടറി രജനീഷ് ഹെന്റി എന്നിവര്‍ കേക്ക് മുറിച്ച് ആഘോഷിക്കുന്നു. യു എസ് ടെക്‌നോളജി സെന്‍ട്രല്‍ ഹെഡ് സുനില്‍ ബാലകൃഷ്ണന്‍, സി എസ് ആര്‍ ഹെഡ് പ്രശാന്ത് സുബ്രമണ്യന്‍, സി എ ബി കെ സീനിയര്‍ റൊട്ടേറിയന്‍ അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ എബ്രഹാം ജോര്‍ജ് എന്നിവര്‍ സമീപം.

Report : ATHIRA AUGUSTINE

Author