ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളോട് പിണറായി വിജയന്‍ മാപ്പ് പറയണം – പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് എറണാകുളത്ത് മാധ്യമങ്ങളോട് പറഞ്ഞത്  (28/12/2022)

അഴിമതിയില്‍ അന്വേഷണം വേണമോയെന്ന് തീരുമാനിക്കേണ്ടത് സി.പി.എം പി.ബിയല്ല

കൊച്ചി :  ഒരു തെളിവും ഇല്ലെന്ന് പൊലീസ് മൂന്ന് തവണ കണ്ടെത്തിയിട്ടും വൈര്യനിര്യാതന ബുദ്ധിയോടെ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന അഞ്ച്

കോണ്‍ഗ്രസ് നേതാക്കളെ മനപൂര്‍വം അപമാനിക്കുന്നതിന് വേണ്ടിയാണ് സോളാര്‍ കേസ് പിണറായി വിജയന്‍ സി.ബി.ഐക്ക് വിട്ടത്. ഒരു തെളിവും ഇല്ലാത്ത കേസാണെന്നാണ് സി.ബി.ഐ കണ്ടെത്തിയിരിക്കുന്നത്. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കളോടും അവരുടെ കുടുംബത്തോടും പിണറായി വിജയന്‍ മാപ്പ് പറയണം. നേതാക്കളും അവരുടെ കുടുംബവും അനുഭവിച്ച വേദനയ്ക്കും അപമാനത്തിനും ആര് കണക്ക് പറയും?


രാഷ്ട്രീയ നേതാക്കളെ മനഃപൂര്‍വം അപമാനിക്കാനുള്ള ശ്രമം ഇനിയും ആവര്‍ത്തിക്കപ്പെടരുത്. പരാതിക്കാരി ആവശ്യപ്പെട്ടതു കൊണ്ടാണ് സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. ഇപ്പോള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ആരോപണം ഉന്നയിച്ച മറ്റൊരു പരാതിക്കാരിയുണ്ടല്ലോ. കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കേണ്ട ആരോപണങ്ങളാണ് അവര്‍ ഉന്നയിച്ചിരിക്കുന്നത്. എന്നിട്ടും എന്തുകൊണ്ടാണ് അവരുടെ പരാതി മുഖ്യമന്ത്രി സി.ബി.ഐ അന്വേഷണത്തിന് വിടാത്തത്? ഇപ്പോള്‍ പിണറായി വിജയനോടും സി.പി.എമ്മിനോടും കാലം കണക്ക് ചോദിച്ചുകൊണ്ടിരിക്കുകയാണ്.


ഇ.പി ജയരാജനുമായി ബന്ധപ്പെട്ട ആരോപണത്തില്‍ മുഖ്യമന്ത്രിയോ സി.പി.എം നേതാക്കളോ പ്രതികരിക്കാത്തത് അദ്ഭുതകരമാണ്. എല്‍.ഡി.എഫ് കണ്‍വീനര്‍ ഉള്‍പ്പെടെയുള്ള സി.പി.എം സംസ്ഥാന നേതാക്കള്‍ക്കെതിരെയാണ് അനധികൃത സ്വത്ത് സമ്പാദനവും കള്ളപ്പണം വെളുപ്പിക്കലും സ്വര്‍ണക്കടത്തും കൊട്ടേഷന്‍- മയക്ക് മരുന്ന് സംഘങ്ങളുമായുള്ള ബന്ധവും ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. സംസ്ഥാനത്ത് നടക്കുന്ന എല്ലാ സാമൂഹ്യവിരുദ്ധ ഏര്‍പ്പാടുകളുമായും സി.പി.എം നേതാക്കള്‍ക്ക് ബന്ധമുണ്ട്. ഇതൊന്നും പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമല്ല. സി.പി.എം പി.ബിയല്ല അഴിമതി ആരോപണത്തില്‍ അന്വേഷണം നടത്തണമോയെന്ന് തീരുമാനിക്കേണ്ടത്. ആരോപണങ്ങളില്‍ അന്വേഷണം നടത്തണം. മുന്‍ മന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരായ ആരോപണത്തില്‍ മറുപടി പറയാനുള്ള ബാധ്യത മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയനുണ്ട്. യു.ഡി.എഫിലും കോണ്‍ഗ്രസിലും ലീഗിലും കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ച എം.വി ഗോവിന്ദന്‍ ഇപ്പോള്‍ ഭേഷായി കിട്ടിയ അവസ്ഥയിലാണ്.

Author