ബാറിലുണ്ടായ ക്രൂരപീഡനം- ഫെലിക്‌സിനു 82 വര്‍ഷവും, കൂട്ടുകാരി രേിയലിന് 20 വര്‍ഷവും ജയില്‍ ശിക്ഷ

Spread the love

ഹാരിസ് കൗണ്ടി(ഹൂസ്റ്റണ്‍): നോര്‍ത്ത് ഹൂസ്റ്റണ്‍ ഹാരിസ് കൗണ്ടിയിലെ ബാറില്‍ നാല്‍പത്തിയഞ്ചുകാരനെ അരമണിക്കൂറോളം ക്രൂരമായി ആക്രമിക്കുകയും, പീഡിപ്പിക്കുകയും ചെയ്ത പിയര്‍ലാന്റില്‍ നിന്നുള്ള ഫെലിക്‌സ് വേയിലിന് 82 വര്‍ഷം തടവും, കൂട്ടുകാരി ഏരിയലിനു 20 വര്‍ഷവും കോടതി ശിക്ഷ വിധിച്ചു.

2021 ഫെബ്രുവരി 17നായിരുന്നു സംഭവം. ബാറില്‍ മദ്യപിച്ചുകൊണ്ടിരുന്ന ഫെലിക്‌സും, ഏരിയലും പീഡനത്തിനും മര്‍ദ്ദനത്തിനും ഇരയായ 49 കാരനും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായി. തുടര്‍ന്ന് ഇരുവരും ബാറില്‍ നിന്നും പുറത്തു പോയി 10 മിനിട്ടിനു ശേഷം തിരിച്ചുവരികയും പെട്ടെന്ന് ഇയാള്‍ക്കു നേരെ അക്രമണം നടത്തുകയുമായിരുന്നു.

Picture2

ആദ്യത്തെ അഞ്ചുമിനിട്ട് ആക്രമണത്തില്‍ അബോധാവസ്ഥയിലായ ഇരയെ ഇരുവരും ചേര്‍ന്ന് കൈകൊണ്ടും, കാലുകൊണ്ടും ബാര്‍ സ്റ്റൂളുകൊണ്ടും മുപ്പതുമിനിട്ടോളം മര്‍ദ്ദനം തുടര്‍ന്നു. മര്‍ദ്ദനം അവസാനിച്ചു പുറത്തുപോകുമ്പോള്‍ ഇയാളുടെ വാലറ്റും മോഷ്ടിച്ചു. പരിസരമാകെ രക്തത്തില്‍ കുളിച്ചു കിടന്നിരുന്നയാളെ പോലീസ് എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയമാക്കിയെങ്കിലും പൂര്‍ണ്ണ ആരോഗ്യം ഇതുവരെ വീണ്ടെടുത്തിട്ടില്ല. കുറ്റക്കാരനെന്ന് കണ്ടെത്തിയ ഫെലിക്‌സിന് കോടതി ഡിസംബര്‍ രണ്ടാം വാരം 82 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു.

കൂട്ടുകാരിയുടെ ശിക്ഷ ഡിസംബര്‍ 29നായിരുന്നു വിധിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കോടതിയില്‍ പ്രചരിച്ചിരുന്നു. അതിക്രൂരമായ മര്‍ദ്ദമായിരുന്നുവെന്ന് ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസ് അറിയിച്ചു. മര്‍ദ്ദനത്തിരയായ വ്യക്തിയെ ലൈംഗികമായി പീഢിപ്പിച്ചുവെന്നും ഏരിയലിനെതിരെ കുറ്റം ആരോപിച്ചു.

 

Author