വി.പ്രതാപചന്ദ്രനെ കെപിസിസി അനുസ്മരിച്ചു

Spread the love

തിരു: കെപിസിസി ട്രഷറര്‍ ആയിരുന്ന വി.പ്രതാപചന്ദ്രന്‍ അനുസ്മരണ യോഗം ഇന്ദിരാഭവനില്‍ സംഘടിപ്പിച്ചു.സുതാര്യതയും കൃത്യനിഷ്ടയും സത്യസന്ധതയും ജീവിത വ്രതമായി പാലിച്ചുവന്നിരുന്ന പൊതുപ്രവര്‍ത്തകനായിരുന്ന വി.പ്രതാപചന്ദ്രനെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എംപി അനുസ്മരിച്ചു.ഏറ്റെടുത്ത ഉത്തരവാദിത്തങ്ങളോട് നൂറുശതമാനം ആത്മാര്‍ത്ഥത അദ്ദേഹം പുലര്‍ത്തി. വ്യക്തമായ കാഴ്ചപ്പാടും ദീര്‍ഘവീക്ഷണവും അദ്ദേഹത്തിനുണ്ടായിരുന്നു. ആരുടെ മുഖത്ത് നോക്കിയും കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയുമ്പോഴും മനസ്സില്‍ പ്രതികാരവും പകയും ഒളിപ്പിച്ച് വെയ്ക്കാത്ത പൊതുപ്രവര്‍ത്തകനായിരുന്നു അദ്ദേഹമെന്ന് കെ.സുധാകരന്‍ പറഞ്ഞു.

ട്രഷറായിരുന്ന കാലഘട്ടത്തില്‍ പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കാന്‍ അക്ഷീണം പ്രയത്‌നിച്ചു. അതില്‍ ശ്രദ്ധേയം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെതായിരുന്നു. അദ്ദേഹം മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അതിന്റെ സാമ്പത്തിക ബാധ്യത തീര്‍ക്കുന്നതില്‍ അദ്ദേഹം കാട്ടിയ ആത്മാര്‍ത്ഥ പ്രവര്‍ത്തനം പ്രശംസനീയമാണ്.പ്രതാപചന്ദ്രന്റെ വിയോഗം ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ലെന്നും നഷ്ടമായത് ദീര്‍ഘനാളത്തെ ആത്മബന്ധമുണ്ടായിരുന്ന നല്ലൊരു സുഹൃത്തിനെയാണെന്നും സുധാകരന്‍ പറഞ്ഞു.

പൊതുപ്രവര്‍ത്തന രംഗത്ത് മാതൃകയായി ഉയര്‍ത്തിക്കാട്ടാന്‍ കഴിയുന്ന രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു വി.പ്രതാപചന്ദ്രനെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി പറഞ്ഞു. പത്രപ്രവര്‍ത്തന രംഗത്തും അഭിഭാഷക രംഗത്തും കഴിവ് തെളിയിച്ച പ്രതാപചന്ദ്രന് ചിട്ടയായ കാര്യശേഷിയും ലാളിത്യമാര്‍ന്ന പ്രവര്‍ത്തനശൈലിയുമായിരുന്നു.കോണ്‍ഗ്രസിനെ ജീവന് തുല്യം സ്‌നേഹിച്ചിരുന്ന അഴിമതിയുടെ കറപുരളാത്ത വിശ്വസ്തനായ പൊതുപ്രവര്‍ത്തകനായിരുന്നു പ്രതാപചന്ദ്രനെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി ഭാരവാഹികളായ എന്‍.ശക്തന്‍,ടി.യു.രാധാകൃഷ്ണന്‍,ജിഎസ് ബാബു,ജി.സുബോധന്‍, എം.ലിജു, കോണ്‍ഗ്രസ് നേതാക്കളായ കെ.മോഹന്‍ കുമാര്‍,വര്‍ക്കല കഹാര്‍,ശരത്ചന്ദ്ര പ്രസാദ്, മണക്കാട് സുരേഷ്,മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബീമാപ്പള്ളി റഷീദ്,ആര്‍.ലക്ഷ്മി, ഡോ.ആരീഫാ ബീഗം,വി.പ്രതാപചന്ദ്രന്റെ മക്കളായ പ്രജിത്ത് ചന്ദ്രന്‍,പ്രീതി എന്നിവരും പങ്കെടുത്തു. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.

Author