ദേശീയ സിദ്ധ ദിനമായ ജനുവരി ഒമ്പതിന് ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കവടിയാർ വിമൻസ് ക്ലബ്ബിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിക്കും. വി.കെ.പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഭാരതീയ ചികിത്സ വകുപ്പ് ഡയറക്ടർ കെ.എസ്.പ്രിയ സ്വാഗതമാശംസിക്കും. പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മയെ ചടങ്ങിൽ ആദരിക്കും. ആയുഷ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ മുഖ്യ പ്രഭാഷണം നടത്തും. സ്വാമി ഗുരുരത്നം ഞ്ജാന തപസ്വി ഡോ.എ.കനകരാജൻ, ശോഭന ജോർജ്, ഡോ.ഹരികൃഷ്ണൻ തിരുമംഗലത്ത്, ഡോ.എം.എൻ.വിജയാംബിക എന്നിവർ പങ്കെടുക്കും.
ഇതോടൊപ്പം അഞ്ചുദിവസം നീളുന്ന പ്രദർശന വിപണനമേള, വർക്ഷോപ്പുകൾ, സെമിനാറുകൾ, ആരോഗ്യകരമായ ഭക്ഷണ രീതികൾ പരിചയപ്പെടുത്തുന്ന മേളകൾ, സിദ്ധ വൈദ്യത്തിലെ പരമ്പരാഗത ചികിത്സാരീതികൾ എന്നിവയെ അടിസ്ഥാനമാക്കി ദിവസവും പാനൽ ഡിസ്‌കഷനുകൾ സംഘടിപ്പിക്കും. എല്ലാ ദിവസവും വെകുന്നേരം മൂന്ന് മുതൽ എട്ട് മണി വരെ വൈവിധ്യമാർന്ന തനത് ഭക്ഷണ വിഭവങ്ങളുൾപ്പെടുത്തി ഭക്ഷ്യ മേള നടക്കും. ജനുവരി 9 മുതൽ 13 വരെ രാവിലെ 6 മുതൽ 7.30 വരെ ഓപ്പൺ യോഗ പരിശീലനം പൊതുജനങ്ങൾക്കായി സംഘടിപ്പിക്കും. കവടിയാർ പാർക്കിന് സമീപമുള്ള തിരുവനന്തപുരം മ്യൂസിയം ക്യാംപസിലായിരിക്കും യോഗ പരിശീലനം നടക്കുക. ആഘോഷപരിപാടികളുടെ സമാപന സമ്മേളനം ജനുവരി 13 നു വൈകിട്ടു മൂന്നിനു ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു നിർവഹിക്കും.