സഹകരണ മേഖലയിലെ നിക്ഷേപം കൂടുതൽ വരുമാനദായകമായ പദ്ധതികളിൽ നിക്ഷേപിക്കണം : ധനമന്ത്രി

Spread the love

രണ്ടര ലക്ഷം കോടി രൂപ വരുന്ന കേരളത്തിലെ സഹകരണ മേഖലയിലെ നിക്ഷേപം കൂടുതൽ വരുമാനദായകമായ പദ്ധതികളിൽ നിക്ഷേപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്ന് സംസ്ഥാന ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ. സഹകരണ മേഖലയിലെ നിക്ഷേപം കൂടുതൽ മേഖലയിൽ, ലാഭകരമായ പദ്ധതികളിൽ നിക്ഷേപിക്കാനുള്ള ശ്രമങ്ങൾ നടത്തേണ്ടതുണ്ട്. സംസ്ഥാന സഹകരണ യൂനിയൻ നിയന്ത്രണത്തിൽ നെയ്യാർ ഡാമിലുള്ള കിക്മ ആർട്‌സ് ആൻഡ് സയൻസ് കോളേജ് ആർ. പരമേശ്വരൻ പിള്ള മെമ്മോറിയൽ ആർട്‌സ് ആൻഡ് സയൻസ് കോളേജ് ആയി പുനർനാമകരണം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ധനമന്ത്രി അഭിപ്രായപ്പെട്ടു.

ജനകീയമായ ഇടപെടലാണ് സംസ്ഥാനത്തെ സഹകരണ മേഖലയുടെ ഏറ്റവും ഗുണപരമായ വശം. കേവലം ബാങ്കിംഗ് മാത്രമല്ല സഹകരണ മേഖലയിൽ നടക്കുന്നത്, ആയിരക്കണക്കിന് പേർക്ക് തൊഴിൽ നൽകുന്ന മേഖലയാണ്. ഏത് ന്യൂജനറേഷൻ ബാങ്കിനോടും കിടപിടിക്കുന്ന ബാങ്കിംഗ് സംവിധാനങ്ങൾ സഹകരണമേഖലക്ക് സ്വന്തമായുണ്ട്, മന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ സഹകരണ മേഖലയെ തകർക്കാൻ ശ്രമം നടക്കുന്നുണ്ട്. ചുരുക്കം ചില അപാകതകൾ ചൂണ്ടിക്കാണിച്ചാണ് മേഖല മൊത്തം പ്രശ്‌നമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നത്. ഈ അപാകതകൾ പരിശോധിച്ച് നടപടി എടുക്കാൻ സർക്കാറും സഹകരണ മേഖലയും ഒറ്റക്കെട്ടായുണ്ട്. എന്നാൽ, ഇന്ത്യയുടെ മുഖ്യധാരാ ബാങ്കുകളിൽ നടക്കുന്ന കോടിക്കണക്കിന് രൂപയുടെ ക്രമക്കേടുകളുടെ അവസ്ഥ കേരളത്തിലെ സഹകരണ മേഖലയിൽ ഇല്ല. ആർ. പി. എം ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ എം.ബി.എ കോളേജ് സംസ്ഥാനത്തെ മികവുറ്റ എം.ബി.എ സ്ഥാപനമാണെന്ന് മന്ത്രി പ്രശംസിച്ചു. മുൻ എം.എൽ.എയും പ്രഗൽഭ സഹകാരിയും അധ്യാപകനും തൊഴിലാളി നേതാവുമായിരുന്ന ആർ പരമേശ്വരൻ പിള്ളയുടെ പേരിലാണ് കോളേജ് പുനർനാമകരണം നടത്തിയത്.

ചടങ്ങിൽ ജി സ്റ്റീഫൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ഡി സുരേഷ്‌കുമാർ, സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ കൃഷ്ണൻ നായർ, ആനാവൂർ നാഗപ്പൻ, കെ. കെ നാരായണൻ, കോളേജ് പ്രിൻസിപ്പൽ ഡോ. എൽ വിൻസെന്റ് തുടങ്ങിയവർ പങ്കെടുത്തു.

Author