കൊച്ചി: നിര്‍ഭയമായ പത്രപ്രവര്‍ത്തനത്തിന്റെ അവശേഷിക്കുന്ന പച്ചത്തുരുത്തായി വിശേഷിപ്പിക്കുന്ന മാധ്യമ പ്രവര്‍ത്തകന്‍ ആര്‍ രാജഗോപാലിന് ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമശ്രീ പുരസ്‌കാരം വര്‍ണാഭമായ ചടങ്ങില്‍ മന്ത്രി എം.ബി രാജേഷ് സമ്മാനിച്ചു. ബോള്‍ഗാട്ടി കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങ് രാഷ്ട്രീയ നേതാക്കളുടേയും പത്രപ്രവര്‍ത്തകരുടേയും വന്‍ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി.
കൂസലില്ലാത്ത വ്യക്തിത്വം വിളിച്ചോതുന്ന രൂപഭാവങ്ങളുള്ള രാജഗോപാല്‍ താന്‍ ചെറിയൊരു പത്രത്തിന്റെ മുഖ്യ പത്രാധിപരാണെന്ന് മറുപടി പ്രസംഗത്തിൽ പറഞ്ഞു. ടെലിഗ്രാഫ് വലിയ പത്രമാണെന്ന് പറയരുത്. വലിയ പത്രം എന്നു പറഞ്ഞാല്‍ അദാനി അത് വാങ്ങിയെന്നു വരും. അദാനി വാങ്ങിയാല്‍ പത്രം രക്ഷപെടും. പക്ഷെ തന്റെ കട പൂട്ടും.
തന്റെ മാധ്യമ പ്രവര്‍ത്തനത്തിന് വലിയ റിസ്‌ക് ഒന്നുമില്ല. കാരണം താന്‍ കൊല്‍ക്കൊത്തയിലാണ് പ്രവര്‍ത്തിക്കുന്നത്. അവിടെ ബി.ജെ.പി ഇനിയും വന്നിട്ടില്ല.
ഒന്നും മറച്ചുവയ്ക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. മാധ്യമ രംഗത്ത് റിസ്‌ക് എടുക്കുന്നത് പബ്ലിഷര്‍ ആണ്. തന്നെക്കൊണ്ട് അവർക്കും വായനക്കാർക്കുമൊക്കെ ദോഷമല്ലാതെ ഗുണമൊന്നും ഉണ്ടായിട്ടില്ല.
ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലിനെതിരേ യുട്യൂബ് ഗറിലാസ് എന്നൊരു പ്രസ്ഥാനമുണ്ട്. ബ്രിട്ടീഷുകാര്‍ക്കെതിരേ സ്വാതന്ത്ര്യ സമരകാലത്ത് ഉണ്ടായ പോലുള്ള പ്രസ്ഥാനം. അന്ന് രാഷ്ട്രം അവര്‍ക്ക് അനുകൂലമായിരുന്നു. ഇന്നിപ്പോള്‍ എണ്‍പത് ശതമാനം പേര്‍ അവര്‍ക്കെതിരാണ്. ആന്റി നാഷണല്‍, രാജ്യദ്രോഹി എന്നൊക്കെയാണ് അവരെ വിശേഷിപ്പിക്കുന്നത്. അവരുടെ പേര് പറഞ്ഞാല്‍ കൊള്ളാമെന്നുണ്ട്. പക്ഷെ ഞാന്‍ പറഞ്ഞാല്‍ അവരെ ഇഡി, സിബിഐ ഒക്കെ അവരെ വേട്ടയാടും.
പ്രഗത്ഭനായ ചെറുപ്പക്കാരന്‍ ഒമർ ഖാലിദ് വര്‍ഷങ്ങളായി ജയിലിലാണ്. സിദ്ധിഖ് കാപ്പനും ജയിലില്‍ തുടരുന്നു. ഇങ്ങനെയുള്ളവരെ നാം കൂടെക്കൂടെ ഓര്‍ക്കണം. നമുക്കുവേണ്ടി ജയിലില്‍ പോയവരാണവര്‍- രാജഗോപാല്‍ പറഞ്ഞു.
ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമ രത്‌ന പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ വി.ബി പരമേശ്വരന്‍ നടത്തിയ പ്രസംഗത്തില്‍ ആദ്യമായാണ് താന്‍ ഒരു അവാര്‍ഡ് സ്വീകരിക്കുന്നതെന്ന് പറഞ്ഞു. അസുലഭമായ മുഹൂര്‍ത്തമാണിത്. തന്നെ പത്രപ്രവര്‍ത്തനം പഠിപ്പിച്ച ഗുരു കെ. മോഹനന്റെ സാന്നിധ്യം ഈ ചടങ്ങിനെ കൂടുതല്‍ ധന്യമാക്കുന്നു.
മാധ്യമ രംഗം ഇന്നിപ്പോള്‍ ഏറെ കലുഷിതമാണ്. ‘മടിത്തട്ട്’ മാധ്യമ പ്രവര്‍ത്തനത്തിന് മാധ്യമങ്ങള്‍ മത്സരിക്കുകയാണ്. മാധ്യമങ്ങള്‍ ഒരു കാവല്‍ നായയുടെ ജോലിയാണ് ചെയ്യേണ്ടതെന്ന തത്വം വലിയ പ്രതിസന്ധി നേരിടുന്നു. എന്തായാലും തുടര്‍ന്നും ഒരു കാവല്‍ നായയുടെ ജോലി ചെയ്യുന്ന മാധ്യമ പ്രവര്‍ത്തനമാണ് താന്‍ ലക്ഷ്യമിടുന്നത്-അദ്ദേഹം പറഞ്ഞു.
50,000 രൂപയും പ്രശസ്ത്രിപത്രവുമാണ് അവാര്‍ഡ്.
എക്സലൻസ് ഇൻ ജേർണലിസത്തിനുള്ള അവാർഡ് മാതൃഭൂമി ഡെപ്യുട്ടി എഡിറ്റർ പി പി ശശീന്ദ്രനും
ഔട്‍സ്റ്റാന്ഡിംഗ് പെർഫോമൻസ് ഇൻ ജേർണലിസത്തിനുള്ള അവാർഡ് മലയാള മനോരമ സീനിയർ സ്‌പെഷൽ കറസ്‌പോണ്ടന്റ് സുജിത് നായരും ഏറ്റുവാങ്ങി.
ബെസ്ററ് ഇൻവെസ്റ്റിഗേറ്റീവ് ജേര്ണലിസ്റ് അവാർഡ് ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ബ്യുറോ ചീഫ് & സ്‌പെഷ്യൽ കറസ്‌പോണ്ടന്റ്, ജോഷി കുര്യൻ ഏറ്റുവാങ്ങി.
മികച്ച ടിവി അവതാരകക്കുള്ള അവാർഡ് ഏറ്റുവാങ്ങിയ സ്മൃതി പരുത്തിക്കാട് (സീനിയർ കോർഡിനേറ്റിംഗ് എഡിറ്റർ, മീഡിയ വൺ) ആദരത്തിനു നന്ദി പറഞ്ഞു.
മികച്ച ടിവി അവതാരകനുള്ള അവാർഡ് ഹാഷ്മി താജ് ഇബ്രാഹിം (സീനിയർ ന്യൂസ് എഡിറ്റർ, 24 വാർത്തകൾ) ഏറ്റുവാങ്ങി.
എക്സലൻസ് ഇൻ റേഡിയോ ജേണലിസം അവാർഡ് ഏറ്റുവാങ്ങിയ ഷാബു കിളിത്തട്ടിൽ (ന്യൂസ് ഡയറക്ടർ, HIT 96.7 FM, ദുബായ്) പ്രശസ്ത എഴുത്തുകാരനാണ്
എക്സലൻസ് ഇൻ ഫോട്ടോ ജേർണലിസത്തിനു വിൻസെന്റ് പുളിക്കലും (സീനിയർ ന്യൂസ് ഫോട്ടോഗ്രാഫർ, പുതിയ ഇന്ത്യൻ എക്സ്പ്രസ്) മികച്ച ഫീച്ചറിനു സീമ മോഹൻലാലും (സബ് എഡിറ്റർ, രാഷ്ട്രദീപിക) അവാർഡുകൾ സ്വീകരിച്ചു.
25000 രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്. ഗാനമേളയും നൃത്ത്യങ്ങളും ചടങ്ങിനെ മനോഹരമാക്കി.
ചടങ്ങുകൾക്ക് പ്രസ് ക്ലബ് പ്രസിഡന്റ് സുനിൽ തൈമറ്റം, സെക്രട്ടറി രാജു പള്ളത്ത്, ട്രഷറർ ഷിജോ പൗലോസ്, അഡ്വൈസറി ബോർഡ് ചെയർ ബിജു കിഴക്കേക്കുറ്റ്, പ്രസിഡന്റ് ഇലെക്ട് സുനിൽ ട്രൈസ്റ്റാർ, മുൻ പ്രസിദ്‌ബാന്റുമാരായ മധു കൊട്ടാരക്കര, മാത്യു വർഗീസ്, ജോർജ് ജോസഫ്, മുൻ ജനറൽ സെക്രട്ടറി വിൻസന്റ് ഇമ്മാനുവൽ, ചാപ്റ്റർ ഭാരവാഹികളായ അനിൽ ആറന്മുള,ജോർജ് തെക്കേമല തുടങ്ങിയവർ നേതൃത്വം നൽകി.
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐ പി. സി.എൻ.എ) മാധ്യമ ശ്രീ അവാർഡ് നേടിയ ആർ . രാജഗോപാൽ മാധ്യമ രംഗത്ത് ഇന്ത്യ കണ്ട ഏറ്റവും പ്രമുഖരായ ചീഫ് എഡിറ്റർമാരിലൊരാളാണ്.
1989-ൽ വേണാട് പത്രിക എന്ന സായാഹ്ന പത്രത്തിലൂടെ ആരംഭിച്ച രാജഗോപാലിന്റെ മാധ്യമപ്രവർത്തന യാത്ര ചെന്നെത്തിയത് 1991ൽ ദി ഇക്കമോണിക് ടൈംസ് എന്ന പത്രത്തിലൂടെ ഇംഗ്ളീഷ് മാധ്യമരംഗത്ത് 1996-ൽ ജോയിന്റ് ന്യൂസ് എഡിറ്ററായി ദി ടെലിഗ്രാഫ് ദിനപത്രത്തിൽ എത്തിയ ശേഷം മാധ്യമ പ്രവർത്തകൻ എന്ന നിലയിലെ മികച്ച പ്രകടനം കാഴ്ചവെച്ച രാജഗോപാൽ പത്ത് വർഷം കൊണ്ട് രാജ്യത്തിന്റെ വടക്കൻ മേഖലയിലെ ഏറ്റവും പ്രമുഖ ഇംഗ്ളീഷ് ദിനപത്രമായ ദി ടെലഗ്രാഫിന്റെ ചീഫ് എഡിറ്ററായി.
ചങ്കുറപ്പുള്ള , ഭീഷണികൾക്ക് വഴങ്ങാത്ത, നട്ടെല്ലുള്ള ചീഫ് എഡിറ്ററായ രാജഗോപാലിന്റെ ആത്മവിശ്വാസവും ആത്മാർത്ഥതയും നവാഗതരായ മാധ്യമപ്രവർത്തകർക്കും മാതൃക തന്നെയെന്ന് പ്രസ് ക്ലബിന്റെ ആശംസയിൽ ചൂണ്ടിക്കാട്ടി
മാധ്യമരത്ന പുരസ്‌കാരത്തിന് അർഹനായ വി .ബി .പരമേശ്വരൻ ദേശാഭിമാനി റസിഡന്റ് എഡിറ്റർ ആണ്. കഴിഞ്ഞ 30 വര്‍ഷത്തിനിടയിലെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സംഭവ വികാസങ്ങളെ ലോകമലയാളികളെ അറിയിച്ച പ്രഗത്ഭനായ മാധ്യമപ്രവർത്തകൻ .
കണ്ണൂര്‍ ജില്ലയിലെ മൊറാഴ സ്വദേശിയായ പരമേശ്വരന്‍ 2001 ൽ ലഷ്കര്‍ ഇ തയ്ബ തീവ്രവാദികള്‍ പാര്‍ലമെന്‍റ് ആക്രമിക്കുമ്പോള്‍ അന്ന് പാര്‍ലമെന്‍റിനുള്ളില്‍ ഉണ്ടായിരുന്ന അപൂര്‍വ്വം മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു . 20 വര്‍ഷം ദില്ലിയിലും 12 വര്‍ഷം കേരളത്തിലുമായുള്ള 32 വര്‍ഷത്തെ മാധ്യമ പ്രവര്‍ത്തനത്തിലെ പരിചയസമ്പത്തിലൂടെ അദ്ദേഹം മലയാളിമനസുകളിൽ സ്ഥിര പ്രതിഷ്ഠനേടി
ദേശാഭിമാനി ദില്ലി ബ്യൂറോ ചീഫ് ആയും തിരുവനന്തപുരം ബ്യൂറോ ചീഫ് ആയും പ്രവര്‍ത്തിച്ചു.
Report : ജോര്‍ജ് ജോസഫ്