ആയുഷ് വിഭാഗങ്ങൾക്ക് ആരോഗ്യ മേഖലയിൽ കൂടുതൽ പ്രാധാന്യം നൽകും : മന്ത്രി

Spread the love

ആയുഷ് വിഭാഗങ്ങൾക്ക് ആരോഗ്യ മേഖലയിൽ കൂടുതൽ പ്രാധാന്യം നൽകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. നാടിന്റെ തനതു ചികിത്സാ രീതികൾക്കു വർത്തമാനകാലത്തു പ്രാധാന്യം വർധിച്ചുവരികയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നാഷണൽ ആയുഷ് മിഷന്റെയും സംസ്ഥാന ആയുഷ് വകുപ്പിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ദേശീയ സിദ്ധ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

രോഗം വരാതെയിരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുകയെന്നതിനാണ് ആരോഗ്യ വകുപ്പ് മുൻതൂക്കം നൽകുന്നതെന്നു മന്ത്രി പറഞ്ഞു. രോഗ ചികിത്സയ്ക്കുള്ളത്ര പ്രാധാന്യംതന്നെ രോഗം വരാതിരിക്കാനുള്ള മാർഗങ്ങൾ അവലംബിക്കുന്നതിനും നൽകണം. കഴിക്കുന്ന ആഹാരം ശുദ്ധവും പോഷകസമൃദ്ധവുമാണെന്ന് ഉറപ്പാക്കുന്നതാകണം ആരോഗ്യ സംരക്ഷണത്തിന്റെ ആദ്യ പടി. ഇതു മുൻനിർത്തി സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ വകുപ്പിനെ കൂടുതൽ ശാക്തീകരിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്.

ആഹാര രീതികൾക്ക് ആരോഗ്യ സംരക്ഷണത്തിൽ വലിയ പ്രാധാന്യമാണുള്ളത്. ആയുർവേദം, സിദ്ധ, യുനാനി, ചികിത്സാ സമ്പ്രദായങ്ങൾ മുന്നോട്ടുവയ്ക്കുന്ന പ്രധാന സന്ദേശംതന്നെ ഗുണനിലവാരമുള്ള ആഹാരരീതി സ്വായത്തമാക്കുകയെന്നതാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം വിമൻസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മയെ മന്ത്രി ആദരിച്ചു. സിദ്ധ ദിനാചരണത്തിന്റെ ഭാഗമായി അഞ്ചു ദിവസം നീളുന്ന പ്രദർശന വിപണന മേളയും തനതു ഭക്ഷ്യമേളയും സംഘടിപ്പിച്ചിട്ടുണ്ട്. വർക് ഷോപ്പുകൾ, സെമിനാറുകൾ, ആരോഗ്യകരമായ ഭക്ഷണ രീതികൾ പരിചയപ്പെടുത്തൽ, സിദ്ധ വൈദ്യത്തിലെ പരമ്പരാഗത ചികിത്സാ രീതികളെ അടിസ്ഥാനമാക്കിയുള്ള ചർച്ചകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.

ഉദ്ഘാടന ചടങ്ങിൽ വി.കെ. പ്രശാന്ത് എം.എൽ.എ. അധ്യക്ഷത വഹിച്ചു. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി ഗുരുരത്നം ജ്ഞാന തപസ്വി, ഔഷധി ചെയർപേഴ്സൺ ശോഭന ജോർജ്, നടൻ മധുപാൽ, ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ ഡോ. കെ.എസ്. പ്രിയ, സിദ്ധ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടർ ഡോ. എ. കനകരാജൻ, ഹോമിയോപ്പതി ഡയറക്ടർ ഡോ. എം.എൻ. വിജയാംബിക, പ്രിൻസിപ്പൽ കൺട്രോളിങ് ഓഫിസർ ഡോ. കെ. ബെറ്റി, നാഷണൽ ആയുഷ് മിഷൻ ഹോമിയോപ്പതി സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. ആർ. ജയനാരായണൻ, ഡോ. പി.ആർ. സജി തുടങ്ങിയവർ പങ്കെടുത്തു.

Author