അപകട രഹിതവും ഗുണകരവുമായ ലഹരിയാണ് വായന : മുഖ്യമന്ത്രി

Spread the love

കേരളനിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കമായി.

ടി പത്മനാഭന് നിയമസഭ ലൈബ്രറി അവാർഡ് സമ്മാനിച്ചു.

മനസ്സിന്റെ ആരോഗ്യം ഇല്ലാതാകുമ്പോഴാണ് ലഹരി ഉപയോഗം വർദ്ധിക്കുന്നതെന്നും വായനയെന്ന ക്രിയാത്മക ലഹരിയിലേക്കാണ് സമൂഹം മാറേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. കാലം എങ്ങനെ മാറുന്നു എന്നറിയാൻ പ്രധാന ഉപാധി പുസ്തകങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ മന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയും സാഹിത്യകാരൻ ടി. പത്മനാഭനും ചേർന്ന് അക്ഷരദീപം തെളിയിച്ചു.

ചടങ്ങിൽ പ്രഥമ നിയമസഭാ ലൈബ്രറി അവാർഡ് ടി. പത്മനാഭന് മുഖ്യമന്ത്രി സമ്മാനിച്ചു. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ചെറുകഥകൾ കൊണ്ടുതന്നെ മലയാളത്തിന്റെ മഹാകഥാകാരനായ വ്യക്തിയാണ് ടി. പത്മനാഭനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഏഴ് പതിറ്റാണ്ടിനിപ്പുറവും ചെറുകഥാലോകത്ത് ടി. പത്മനാഭനെ വെല്ലാൻ ആർക്കും കഴിയില്ല എന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കൃതി. ലോകത്തിന്റെ തിന്മകളെയും അസഹിഷ്ണുതയെയും ടി പത്മനാഭൻ കഥകളിൽ അവതരിപ്പിച്ചിട്ടുണ്ട്. മാനവികമായ നന്മയും പ്രകാശവും നിറയുന്ന സാഹിത്യ സൃഷ്ടിയായതിനാലാണ് എന്നും പൂക്കുന്ന പൂമരമായി ടി പത്മനാഭൻ കലാരംഗത്തും അനുവാചകരുടെ ഹൃദയ രംഗത്തും ഉയർന്നുനിൽക്കുന്നത്. കോവിഡിന് ശേഷം നമ്മുടെ നാട്ടിൽ ഉത്സവങ്ങൾ എല്ലാം തിരിച്ചു വന്നിരിക്കുന്ന വേളയിൽ നിയമസഭ പുസ്തകോത്സവത്തിന് വേദിയാകുന്നു എന്നത് അങ്ങേയറ്റം സന്തോഷകരമാണ്. സാങ്കേതികവിദ്യയുടെ അതിപ്രസരത്തിന്റെ കാലത്ത് അച്ചടിച്ച പുസ്തകങ്ങളുടെ വായനയും നിലനിൽക്കണം. വായനശാലകളിലൂടെ രൂപപ്പെടുന്ന സാംസ്‌കാരിക കൂട്ടായ്മകൾ ഇല്ലാതാകരുത്. ഇ എം എസ്, ജോസഫ് മുണ്ടശ്ശേരി, സി അച്യുതമേനോൻ, ഇ കെ നായനാർ, സി.എച്ച്. മുഹമ്മദ് കോയ, തോപ്പിൽ ഭാസി, കടമ്മനിട്ട, എം.കെ. സാനു തുടങ്ങിയ നിരവധി എഴുത്തുകാരായ നിയമസഭാംഗങ്ങൾ കേരളത്തിന്റെ പ്രത്യേകതയാണ്. നമ്മുടെ സാംസ്‌കാരിക ഐക്യവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ പുസ്തകോത്സവം സഹായകമാകട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്പീക്കർ എ.എൻ. ഷംസീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സ്വാഗതം ആശംസിച്ചു. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, എം.എൽ.എ. മാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി. മോഹൻ, മാത്യു ടി തോമസ്, തോമസ് കെ തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു. നിയമസഭാ സെക്രട്ടറി എ.എം. ബഷീർ നന്ദി പറഞ്ഞു.

ആസാദി കാ അമൃത് മഹോത്സവത്തിന്റെയും കേരളനിയമസഭയുടെ ശതാബ്ദി ആഘോഷങ്ങളുടെയും ഭാഗമായാണ് ജനുവരി 9 മുതൽ 15 വരെ നിയമസഭാ സമുച്ചയത്തിൽ പുസ്തകോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. നൂറിലധികം പ്രസാധകരും വിശ്വപ്രസിദ്ധ എഴുത്തുകാരും ഉത്സവത്തിന്റെ വിവിധ വേദികളിൽ പങ്കാളികളാകും.

പുസ്തക പ്രകാശനങ്ങൾ, എഴുത്തുകാരുമായുള്ള സംവാദങ്ങൾ, പാനൽ ചർച്ചകൾ, വിഷൻ ടോക്കുകൾ തുടങ്ങി വായനാശീലം പ്രോത്സാഹിപ്പിക്കാൻ ഉതകുന്ന രീതിയിലുള്ള വിവിധ പരിപാടികൾ നടക്കും. കേരളത്തിലെ ലഹരി വിരുദ്ധ പ്രചാരണത്തിന് ഐക്യദാർഢ്യം പകർന്നു കൊണ്ട് വായനയാണ് ലഹരി എന്ന സന്ദേശമാണ് പുസ്തകോത്സവം മുന്നോട്ടുവെക്കുന്നത്. പുസ്തകോത്സവത്തോടനുബന്ധിച്ച് വിവിധ കലാസാംസ്‌കാരിക പരിപാടികൾ, കായിക പരിപാടികൾ, പ്രദർശനങ്ങൾ എന്നിവയും സംഘടിപ്പിക്കും.

Author