മാധ്യമങ്ങള്‍ക്കും മെെക്കുകള്‍ക്കും മുന്നില്‍ കര്‍ഷക ക്ഷേമത്തെ കുറിച്ച് അധരവ്യായമം നടത്തുന്ന സിപിഎമ്മും എല്‍ഡിഎഫ് സര്‍ക്കാരും ആത്മാര്‍ത്ഥയുണ്ടെങ്കില്‍ കാര്‍ഷിക കടാശ്വാസ കമ്മീഷന് നല്‍കാനുള്ള കോടികളുടെ കുടിശ്ശിക ഉടന്‍ നല്‍കണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി.
കമ്മീഷന്‍ നല്‍കിയ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും ബാങ്കുകള്‍ക്കും നല്‍കേണ്ട തുക 400 കോടി കഴിഞ്ഞിട്ടും എല്‍ഡിഎഫ് സര്‍ക്കാരിന് അനങ്ങാപ്പാറ നയമാണ്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചെലവിനും ആര്‍ഭാടത്തിനുമായി കോടികള്‍ പൊടിക്കുമ്പോഴാണ് കര്‍ഷകരോടുള്ള കടുത്ത അവഗണനയും അനീതിയും സര്‍ക്കാര്‍ തുടരുന്നത്.ദുരിതം അനുഭവിക്കുന്ന കര്‍ഷകരെ സഹായിക്കാന്‍ എന്ന ഉദ്ദേശലക്ഷ്യത്തോടെ തുടങ്ങിയ കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥത കൊണ്ട് നോക്കുകുത്തിയായി മാറി.നിത്യനിദാന ചെലവുകള്‍ക്ക് പോലും സര്‍ക്കാര്‍ പണം അനുവദിക്കാതെ താഴിട്ട് പൂട്ടേണ്ട അവസ്ഥയിലാണ് കര്‍ഷക കടാശ്വാസ കമ്മീഷനെന്നും സുധാകരന്‍ പരിഹസിച്ചു.
കര്‍ഷകര്‍ക്ക് കമ്മീഷന്‍ അനുവദിക്കുന്ന സാമ്പത്തിക സഹായം സഹകരണ ബാങ്കുകള്‍ക്ക് സര്‍ക്കാരാണ് നല്‍കേണ്ടത്.എന്നാല്‍ കര്‍ഷകര്‍ അവരുടെ വിഹിതം അടച്ചിട്ടും സര്‍ക്കാര്‍ തുക അനുവദിക്കാത്തതിനാല്‍ കര്‍ഷകര്‍ ഇൗടായി നല്‍കിയ വസ്തുവിന്‍റെ ആധാരം ബാങ്കുകള്‍ തിരികെ നല്‍കുന്നില്ല. ഇത് കര്‍ഷകരുടെ ദുരിതം ഇരട്ടിയാക്കി. ബാങ്കുകളില്‍ നിന്നും ആധാരം ലഭിക്കാത്തിനാല്‍ കൃഷി, കുട്ടികളുടെ വിദ്യാഭ്യാസം,കല്യാണം ഉള്‍പ്പെടെയുള്ള മറ്റ് ആവശ്യങ്ങള്‍ക്ക് ലോണ്‍ എടുക്കാന്‍ കഴിയാത്ത ഗതികേടിലാണ് കര്‍ഷകന്‍.പ്രകൃതിക്ഷോഭം മൂലം കാര്‍ഷിക വിളകള്‍ നശിക്കുകയും വരുമാനം നഷ്ടമായി വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെയും വലിയ പ്രതിസന്ധിയിലാണ് കര്‍ഷകര്‍. കടം കേറി മുടിയുന്ന കര്‍ഷകന്‍ കയറിലും കീടനാശിനിയിലും ജീവിതം അവസാനിപ്പിക്കുമ്പോള്‍ മുതലക്കണ്ണീര്‍ ഒഴുക്കുക മാത്രമാണ് സര്‍ക്കാരും സിപിഎം നേതാക്കളും ചെയ്യുന്നത്. കര്‍ഷകരുടെ വിഷയത്തില്‍ സര്‍ക്കാരിന് ഒരു ഉത്കണ്ഠയുമില്ല. കര്‍ഷക വഞ്ചന അവസാനിപ്പിച്ച് കര്‍ഷകരെ ആത്മഹത്യയുടെ വക്കില്‍ നിന്ന് സംരക്ഷിക്കാന്‍ ആവശ്യമായ നടപടിക്ക് സര്‍ക്കാരും മുഖ്യമന്ത്രിയും തയ്യാറാകണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.