എഴുത്തിലുണ്ട് രാഷ്ട്രീയം: ടി. ഡി. രാമകൃഷ്ണൻ

Spread the love

എഴുത്തിനെ രാഷ്ട്രീയപ്രവർത്തനമായാണ് കാണുന്നതെന്ന് സാഹിത്യകാരൻ ടി.ഡി. രാമകൃഷ്ണൻ. നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് സമകാലീന നോവലിന്റെ സഞ്ചാരവഴികൾ എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. നിലവിലെ വ്യവസ്ഥയോടുള്ള തന്റെ കലഹങ്ങൾ തന്നെയാണ് എഴുത്തിലും പ്രതിഫലിക്കുന്നതെന്നും ടി.ഡി രാമകൃഷ്ണൻ പറഞ്ഞു.

പ്രമേയത്തിലും ആഖ്യാനരീതിയിലും പുതുമ നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് മലയാള നോവൽ സാഹിത്യം കടന്നുപോകുന്നതെന്ന് പരിപാടിയിൽ പങ്കെടുത്ത ജോർജ് ഓണക്കൂർ അഭിപ്രായപ്പെട്ടു. മനുഷ്യന്റെ ജൈവവും അജൈവവുമായ ഘടകങ്ങൾ ഇതിവൃത്തമാകുന്ന മലയാള കൃതികൾ ഇപ്പോൾ കൂടുതൽ വായിക്കാനാകുന്നുവെന്ന് കെ.വി. മോഹൻ കുമാർ പറഞ്ഞു. മലയാളസാഹിത്യവും എഴുത്തുകാരും ദേശാന്തരങ്ങൾ കടന്ന് ചെല്ലുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നതെന്ന് മോഡറേറ്ററായ വി.ജെ.ജെയിംസ് നിരീക്ഷിച്ചു. വെല്ലുവിളികൾ ഏറെയുണ്ടെങ്കിലും മലയാളത്തിലെ വിവർത്തനസാഹിത്യം മികച്ച ഘട്ടത്തിലൂടെ കടന്നുപോകുന്നതായി ഡോ. പ്രിയ കെ നായർ ചർച്ചയിൽ പങ്കെടുത്ത് പറഞ്ഞു.

Author