കലാസൃഷ്‌ടികൾക്ക് ശാസ്ത്രജ്ഞന്മാരെക്കാളും സുഗമമായി സംവദിക്കാനാകും : മുരളി തുമ്മാരുകുടി

കൊച്ചി: കാലാവസ്ഥാവ്യതിയാനം പോലെ ഗൗരവപ്പെട്ട വിഷയങ്ങളിൽ പൊതുജനങ്ങളുമായി സംവദിക്കാനും അവബോധമുണ്ടാക്കാനും ശാസ്ത്രജ്ഞന്മാരെക്കാളും സുഗമമായി കലാപ്രവർത്തകർക്ക് സൃഷ്‌ടികളിലൂടെ കഴിയുമെന്ന് ജർമനിയിലെ ബോണിൽ യു എൻ ഇക്കോസിസ്റ്റം ഗ്ലോബൽ റെസ്റ്റോറേഷൻ പ്രോഗ്രാം ഡയറ്കടർ ദുരന്ത നിവാരണ വിദഗ്ദ്ധനുമായ മുരളി തുമ്മാരുകുടി. ഇത്തവണത്തെ ബിനാലെ അവതരണങ്ങളിൽ പലതിലും കാലാവസ്ഥ വ്യതിയാനം പ്രബലമായ പ്രമേയമാണ്. അത് കാലികമായി വളരെ പ്രധാനപ്പെട്ടതാണ്. പല പ്രതിഷ്ഠാപന(ഇൻസ്റ്റലേഷൻ)ങ്ങളിലും ഫോട്ടോഗ്രാഫുകളിലുമെല്ലാം കാലാവസ്ഥാമാറ്റത്തോടുള്ള ശക്തമായ പ്രതികരണങ്ങൾ കാണാം, വായിച്ചെടുക്കാം.

ഫോർട്ട്കൊച്ചി ആസ്‌പിൻവാൾ ഹൗസിൽ കൊച്ചി ബിനാലെ സന്ദർശിച്ചശേഷം പ്രതികരിക്കുകയായിരുന്നു മുരളി തുമ്മാരുകുടി. ധാരാളം ആളുകൾ കാണാൻ വരുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം. തുടക്കം മുതൽ ഇതുവരെ കൊച്ചി മുസിരിസ് ബിനാലെയ്ക്കെത്താതിരുന്നിട്ടില്ല. ലോകത്തെ പല ബിനാലെകളും കണ്ടിട്ടുണ്ട്. പക്ഷെ ഇത്രമാത്രം ജനപങ്കാളിത്തമുള്ള ബിനാലെ കൊച്ചിയിലേതുപോലെ ലോകത്ത് വേറെയില്ല. പ്രശസ്‌തമായ വെനീസ് ബിനാലെയിൽ പോലും ഇത്ര ജനപങ്കാളിത്തമില്ല. ഇത് വലിയൊ അതിശയമാണ്. സമകാലീന കലയ്ക്ക് ഇത്ര ജനപ്രിയതയും ജനങ്ങൾക്ക് കലയുമായി സമ്പർക്കവും ഇവിടെ സാധാരണമായിരുന്നില്ല. ബിനാലെയാണ് ആ സ്ഥിതി മാറ്റിയെടുത്തതെന്ന് മുരളി തുമ്മാരുകുടി അഭിപ്രായപ്പെട്ടു.

ആലപ്പുഴയിൽ നടന്ന ‘ലോകമേ തറവാട്’ പ്രദർശനത്തിൽ സാധാരണ നിലയ്ക്ക് ഉപയോഗശൂന്യമായി കിടന്ന പല സ്ഥലങ്ങളും പുതിയ മുഖം നൽകി കലാകാരന്മാർക്ക് ഇടമൊരുക്കുകയാണ് ചെയ്‌തത്‌. ആ പ്രദർശനം കോവിഡ് കാലത്ത് വീട്ടിൽ അടച്ചിരിക്കേണ്ടി വന്ന കലാകാരന്മാർക്ക് ഉൾപ്പെടെ നവോന്മേഷം പകർന്നു. പല അർത്ഥതലങ്ങൾ അതിനുണ്ട്. ജർമനിയിൽ നിന്നെത്തിയശേഷം നാട്ടിലെ ആദ്യത്തെ പരിപാടിയായി കൊച്ചി ബിനാലെ സന്ദർശനം നിശ്ചയിച്ചത് അത്രയ്ക്ക് പ്രാധാന്യം ഇതിനുള്ളതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

ഐഎഎസ് ട്രെയിനികളുടെ 10 അംഗ സംഘം ബിനാലെ കാണാനെത്തി. കേരള കേഡറിലെ ഒഡീഷ സ്വദേശി അനൂപ് ഖേര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ട്രെയിനികളാണ് ബിനാലെ സന്ദര്‍ശിച്ചത്. മസൂറിയിലെ ലാൽ ബഹാദൂർ ശാസ്ത്രി നാഷണൽ അഡ്‌മിനിസ്‌ട്രേഷൻ അക്കാദമിയിൽ നിന്ന് സ്റ്റഡി ടൂറിനായി കൊച്ചിയിലെത്തിയതാണിവര്‍.

സാധാരണ കലാപ്രദര്‍ശനങ്ങളില്‍ നിന്നും ഭിന്നമായി സമകാലിക പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ ചുറ്റുപാടുമുള്ള എന്തും കലാകാരന്മാരുടെ കാഴ്ചപ്പാടിലൂടെ സൃഷ്‌ടികളായി അവതരിപ്പിക്കാം എന്ന തിരിച്ചറിവാണ് ബിനാലെ കാഴ്ചകളെന്നു ടീം ലീഡറായ ആന്ധ്രാപ്രദേശ് സ്വദേശി ശ്രീപൂജ തിരുമണി പറഞ്ഞു.

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ, സി ആർ പി എഫ് ഐജി സി എച്ച് ലിംഗരാജ്, നരവംശ ശാസ്‌ത്രജ്‌ഞൻ അബുദാബി ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിലെ ഡോ ജോർജ് ജോസ് എന്നിവർ ബിനാലെയ്ക്കെത്തി.

Report : Aishwarya’

 

Leave Comment