‘കെ.കരുണാകരന്‍ സെന്‍റര്‍’ നിര്‍മ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം 13ന്

Spread the love

മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ലീഡര്‍ കെ. കരുണാകരന്‍റെ സ്മരണയ്ക്കായി നന്ദാവനം എ.ആര്‍ ക്യാമ്പിന് സമീപത്ത് പണിയുന്ന ബഹുനില കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം ജനുവരി 13ന് രാവിലെ 10 ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി നിര്‍വഹിക്കുമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി റ്റി.യു. രാധാകൃഷ്ണന്‍ അറിയിച്ചു.

കെ.പി.സി.സി പ്രസിഡന്‍റും കെ.കരുണാകരന്‍ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ കെ.സുധാകരന്‍ എംപി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കരുണാകരന്‍ സെന്‍ററിന്‍റെ ത്രീഡി മോഡല്‍ പ്രകാശനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നിര്‍മ്മാണ ധനശേഖരണാര്‍ത്ഥം പുറത്തിറക്കുന്ന കൂപ്പണിന്‍റെ സംസ്ഥാനതല വിതരണോദ്ഘാടനം മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നടത്തും.

ലോഗോ പ്രകാശനം യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസ്സന്‍ നിര്‍വഹിക്കും. കെ.കരുണാകരന്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ കെ.മുരളീധരന്‍ എംപി ആമുഖ പ്രസംഗം നടത്തും. ത്രീഡി മോഡല്‍ പത്മജാ വേണുഗോപാലും പ്രഥമ കൂപ്പണ്‍ ഡി.സി.സി പ്രസിഡന്റ് പാലോട് രവിയും ഏറ്റുവാങ്ങും.

കരുണാകരന്‍ സെന്‍ററിന്‍റെ പേരില്‍ 13 നില കെട്ടിടം പണി കഴിപ്പിക്കുന്നത് കെ. കരുണാകരന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് . ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടത്തില്‍ കെ.കരുണാകരന്‍ പഠനഗവേഷണ കേന്ദ്രം, ലീഡര്‍ഷിപ്പ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, അന്താരാഷ്ട്ര നിലവാരത്തിലുള്ള റഫറന്‍സ് ലൈബ്രറി, ചിത്രരചനാ ഇന്‍സ്റ്റിറ്റ്യൂട്ട്, കാരുണ്യ ഹെല്‍പ് ഡെസ്‌ക്, 700 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം, 250 പേര്‍ക്ക് ഇരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയവയാണ് വിഭാവനം ചെയ്തിരിക്കുന്നത്.

 

Author