സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് (കെ.എ.എല്‍) പുറത്തിറക്കിയ ഇ – കാര്‍ട്ടുകളുടെ ലോഞ്ചിംഗും വിപണന ഉദ്ഘാടനവും വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിര്‍വഹിച്ചു. നിലവിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിനൊപ്പം കേന്ദ്ര സര്‍ക്കാര്‍ അടച്ചു പൂട്ടിയ സ്ഥാപനങ്ങളെക്കൂടി ഏറ്റെടുത്ത് സംരക്ഷിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ പൊതുമേഖലാ രംഗത്ത് ബദല്‍ സൃഷ്ടിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ സഹായത്തോടെ കെ.എ.എല്‍ ഒരു പുതിയ കുതിപ്പിനുള്ള തയ്യാറെടുപ്പിലാണ്. മാലിന്യ നിര്‍മാര്‍ജനത്തിന് ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലുള്ള ഇ – കാര്‍ട്ടുകളാണ് നിലവില്‍ പുറത്തിറക്കിയിരിക്കുന്നത്. ഇലക്ട്രിക് സ്‌കൂട്ടറുകളുടെ നിര്‍മാണവും കെ.എ.എല്ലിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. ഡല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതിനോടകം കെ.എ.എല്ലിന്റെ വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. കെ..എ.എല്‍ പുറത്തിറക്കുന്ന വാഹനങ്ങള്‍ക്ക് കൂടുതല്‍ സംസ്ഥാനങ്ങളിലെ വിപണികളില്‍ ഇടം പിടിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. ടെന്റര്‍ നടപടികളില്ലാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കെ.എ.എല്ലില്‍ നിന്നും ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതിനുളള ഉത്തരവായിട്ടുണ്ട്. കേരളത്തെ ഇലക്ട്രിക് വാഹന നിര്‍മ്മാണത്തിന്റെ ഹബ്ബായി വികസിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, കോഴിക്കോട് ഫെറോക്ക് മുന്‍സിപ്പാലിറ്റി എന്നിവര്‍ക്കുള്ള ഇ – കാര്‍ട്ടുകളുടെ താക്കോല്‍ വിതരണവും മന്ത്രി ചടങ്ങില്‍ നിര്‍വഹിച്ചു. മഹാരാഷ്ട്രയിലെ സ്വകാര്യ കമ്പനി നല്‍കിയ 100 ഓട്ടോറിക്ഷകളുടെ ഓര്‍ഡര്‍ ചടങ്ങില്‍ കെ.എ.എല്‍ മാനേജിംഗ് ഡയറക്ടര്‍ പി.വി. ശശീന്ദ്രന്‍ ഏറ്റുവാങ്ങി.
പൊതുമേഖലാ രംഗത്ത് രാജ്യത്തെ ആദ്യ ഇലക്ട്രിക് ഓട്ടോ റിക്ഷ പുറത്തിറക്കിയ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് ബാറ്ററി ഉള്‍പ്പെടെയുള്ള പോരായ്മകള്‍ പരിഹരിച്ചാണ് ഇ കാര്‍ട്ടുകള്‍ പുറത്തിറക്കിയത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ മാലിന്യ നീക്കത്തിനും ഇവ ഉപയോഗിക്കാന്‍ കഴിയും. തദ്ദേശീയമായി നിര്‍മിച്ച ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കേരള ഗ്രീന്‍ സ്ട്രീം ഇ – കാര്‍ട്ടിന് 2,765 എം.എം നീളവും 980 എം.എം വീതിയുമുണ്ട്. 2,200 എം.എം വീല്‍ ബേസും 145 എം.എം ഗ്രൗണ്ട് ക്ലിയറന്‍സും ഗ്രാമീണ റോഡുകളില്‍ പോലും വാഹനത്തിന് സുഗമമായി കടന്നുപോകാന്‍ സഹായിക്കും. വിവിധ തദ്ദേശസ്ഥാപനങ്ങള്‍ക്കും, സ്മാര്‍ട്ട് സിറ്റി, കുടുംബശ്രീ തുടങ്ങിയ പദ്ധതികള്‍ക്കും ഇ -കാര്‍ട്ടുകള്‍ വിപണനം നടത്താനാണ് കെ.എ.എല്‍ ലക്ഷ്യമിടുന്നത്. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അഞ്ചും ഫെറോക്ക് മുന്‍സിപ്പാലിറ്റി മൂന്നും ഇ – കാര്‍ട്ടുകള്‍ വാങ്ങിയിട്ടുണ്ട്. കൊച്ചിന്‍ സ്മാര്‍ട്ട് സിറ്റിയില്‍ നിന്നും ഇ – കാര്‍ട്ടുകള്‍ക്ക് ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും ഇതരസംസ്ഥാനങ്ങളിലും ആഫ്റ്റര്‍ സെയില്‍സ് സര്‍വ്വീസോടുകൂടിയ ഡീലര്‍ ശൃംഖല വേഗത്തില്‍ വികസിപ്പിച്ചുവരികയാണ്.
വി.കെ. പ്രശാന്ത് എം.എല്‍.എ അധ്യക്ഷനായ ചടങ്ങില്‍ കെ.ആന്‍സലന്‍ എം.എല്‍.എ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി, കെ..എ.എല്‍ ചെയര്‍മാന്‍ പുല്ലുവിള സ്റ്റാന്‍ലി, കെ.എ.എല്‍ മാനേജിംഗ് ഡയറക്ടര്‍ പി.വി. ശശീന്ദ്രന്‍ എന്നിവരും പങ്കെടുത്തു.