ബഫര്‍ സോണ്‍ പ്രക്ഷോഭം ഊര്‍ജ്ജിതമാക്കാന്‍ കെപിസിസി

Spread the love

ബഫര്‍ സോണ്‍ പ്രക്ഷോഭം ഊര്‍ജ്ജിതമാക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കെപിസിസി ഭാരവാഹി യോഗം തീരുമാനിച്ചു. ബഫര്‍ സോണ്‍ മേഖലയില്‍ കോണ്‍ഗ്രസ് സജീവമായി സമര രംഗത്തുണ്ട്. ബഫര്‍സോണ്‍ സംബന്ധിച്ച് നിലനില്‍ക്കുന്ന എല്ലാ ആശങ്കകള്‍ക്കും പ്രതിസന്ധികള്‍ക്കും അടിസ്ഥാനം പിണറായി സര്‍ക്കാരിന്‍റെ കാര്യക്ഷമത ഇല്ലായ്മയും അവധാനതയില്ലാത്ത തീരുമാനങ്ങളും മലയോര കര്‍ഷകരെ ശ്വാസം മുട്ടിക്കുകയാണ്.ഒരു ജനതയെയാകെ ഇരുട്ടില്‍ നിര്‍ത്തി നുണപ്രചരണം നടത്തുകയാണ് മുഖ്യമന്ത്രിയും സര്‍ക്കാരും.

ജനവാസ മേഖലകളെ ബഫര്‍ സോണില്‍ ഉള്‍പ്പെടുത്താനുള്ള മന്ത്രിസഭാ തീരുമാനവും തുടര്‍ന്നുള്ള ഉത്തരവും റദ്ദാക്കണമെന്നും 2013 ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൈക്കൊണ്ട സീറോ ബഫര്‍സോണ്‍ നടപ്പാക്കി ആ മേഖലയിലെ ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് ആവശ്യപ്പെട്ട് സണ്ണി ജോസഫ് എംഎല്‍എ കെപിസിസി യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചു. മാത്യു കുഴല്‍ നാടന്‍ എംഎല്‍എ പ്രമേയത്തെ പിന്താങ്ങി.ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ജനങ്ങളെ അണിനിരത്തിയുള്ള പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ സണ്ണി ജോസഫ് എംഎല്‍എ ചെയര്‍മാനായും മാത്യൂ കുഴല്‍ നാടന്‍ എംഎല്‍എ കണ്‍വീനറായും ഒരു കമ്മിറ്റിക്കും കെപിസിസി രൂപം നല്‍കി.

സംരക്ഷിത മേഖലയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങള്‍ക്ക് ചുറ്റുമുള്ള ഒരു കിലോ മീറ്റര്‍ ബഫര്‍സോണായി പ്രഖ്യാപിച്ച എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ഉത്തരവാണ് പ്രശ്നം കൂടുതല്‍ വഷളാക്കിയത്.എല്‍ഡിഎഫ് മുന്നണിയുടെ ഭാഗമായ കേരള കോണ്‍ഗ്രസ് ഈ വിഷയത്തില്‍ കുറ്റകരമായ മൗനം തുടരുകയാണ്.സഭയ്ക്ക് അകത്തും പുറത്തും കോണ്‍ഗ്രസും യുഡിഎഫ് നടത്തിയ ഇടപെടലിനെയും പ്രതിഷേധത്തെയും തുടര്‍ന്ന് ജനവാസ മേഖലകളെ ഒഴിവാക്കാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചെങ്കിലും ഒരു കിലോ മീറ്റര്‍ ബഫര്‍സോണ്‍ എന്ന ഉത്തരവ് റദ്ദാക്കന്‍ തയ്യാറാകാത്തത് സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്ന് കെപിസിസി യോഗം വിലയിരുത്തി.

കേന്ദ്രത്തിന് സമര്‍പ്പിക്കേണ്ട നിര്‍ദ്ദേശങ്ങളെയും പ്രസിദ്ധീകരിച്ച മാപ്പിനേയും സംബന്ധിച്ച് ഇപ്പോഴും കൃത്യതയോ വ്യക്തതയോ ഇല്ല.സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുള്ള മാപ്പ് പ്രകാരം ജനവാസ മേഖലകളും കൃഷിടിയങ്ങളും തോട്ടങ്ങളും വാണിജ്യകെട്ടിടങ്ങളുമടക്കം ബഫര്‍സോണില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇത് ആ മേഖലയിലെ ജനങ്ങളുടെ ജീവിതം പ്രതിസന്ധിയിലാക്കുകയും ആ മേഖലയുടെ വികസനത്തെ ഗുരുതരമായി ബാധിക്കുകയും ചെയ്യും.ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ പിടിവാശിയും ദുരഭിമാനവും വെടിയാന്‍ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.

Author