കേന്ദ്രസർക്കാരും ഉപരാഷ്ട്രപതിയും ജുഡീഷ്യറിയെ വിരട്ടരുത് : കെ സുധാകരൻ എംപി

Spread the love

ജുഡീഷ്യറിയെ വിരട്ടി പരിധിയിലാക്കാനാണ് കേന്ദ്രസർക്കാരും ഉപരാഷ്ട്രപതിയും ശ്രമിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരൻ എംപി. ജുഡീഷ്യറി സമർപ്പിക്കുന്ന കൊളീജ്യം നിർദ്ദേശങ്ങളെ എല്ലാം സർക്കാർ തള്ളിക്കളയുകയാണ്. ജുഡീഷ്യറിയെ ഒട്ടും തന്നെ അംഗീകരിച്ചു കൊടുക്കാതെ സംഘ പരിവാറിന്റെ അജണ്ട ജുഡീഷ്യറിയിൽ നടപ്പാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്.
ഭരണഘടനയുടെ അനുച്ഛേദം 50 അനുസരിച്ച് ജുഡീഷ്യറിയ്ക്കും ലെജിസ്ലേച്ചറിനും അധികാരം വിഭജിച്ചു നൽകിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്‍റെ ഈ നീക്കം ജുഡീഷ്യറിയുടെ അധികാരത്തിന് മേലുള്ള കടന്നു കയറ്റമാണ്.
നാഷണൽ ജുഡീഷ്യൽ അപ്പോയിൻമെന്റ് കമ്മീഷൻ ഭരണഘടനയുടെ അനുച്ഛേദം 124 എ പ്രകാരം നിലവിൽ വന്നത് സുപ്രീംകോടതി 2015 ഒക്ടോബർ 16ന് റദ്ദാക്കിയിരുന്നു. സുപ്രീംകോടതി വിധി ഭരണഘടനയുടെ അനുഛേദം 141 അനുസരിച്ച് രാജ്യത്തിന്‍റെ നിയമമാണ്. അതിനു പകരംകേന്ദ്രസർക്കാർ ഭരണഘടനാ വിരുദ്ധമല്ലാത്ത ഒരു നിയമം കൊണ്ടുവരേണ്ടതിന് പകരം ജുഡീഷ്യറിയെ ഭയപ്പെടുത്തി തങ്ങളുടെ കീഴിൽ കൊണ്ടുവരാൻ ശ്രമിക്കുന്നത്. ഇത് ഭരണഘടനാ വിരുദ്ധവും രാജ്യത്തിന്‍റെ നിലനിൽപ്പിന് തന്നെ ഭീഷണിയുമാണെന്ന് കെപിസിസി പ്രസിഡന്‍റ് ചൂണ്ടിക്കാട്ടി.

ലെജിസ്ലേച്ചറാണ് പരമാധികാരിയെന്ന ഉപരാഷ്ട്രപതി ജഗദീപ് ധൻകറുടെ പ്രസ്താവന ഭരണഘടനയെ കുറിച്ചുളള അറിവില്ലായ്മയും ജുഡീഷ്യറിയെ ചെറുതാക്കി കാണിക്കുന്നതിന് തുല്യവുമാണ്.സുപ്രീംകോടതിയെയും കൊളീജ്യം സംവിധാനത്തെയും കുറിച്ച് അദ്ദേഹം നടത്തുന്ന പരാമർശങ്ങൾ അസാധാരണവും കീഴ് വഴക്കങ്ങൾക്ക് വിരുദ്ധവുമാണ്.ഭരണഘടനയുടെ അനുച്ഛേദം 368 അനുസരിച്ച് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ ഭേദഗതി ചെയ്യാൻ പാടില്ലെന്ന് 1973 ൽ കേശഭാനന്ദഭാരതിയും കേരള സംസ്ഥാനവും തമ്മിലുള്ള കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. രാജ്യത്ത് ഭരണഘടനയാണ് പരമാധികാര രേഖയായി കണക്കാക്കുന്നത്. മറ്റെല്ലാ നിയമങ്ങളും അതിന്‍റെ കീഴിൽ മാത്രമേ നിലകൊള്ളുകയുള്ളൂ. അതിനാൽ ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കേണ്ട ബാധ്യത ഭരണഘടനാ പദവികളിൽ ഇരിക്കുന്നവർ പാലിക്കണമെന്നും കെ.സുധാകരന്‍ ആവശ്യപ്പെട്ടു.

Author