പ്രകൃതിസംരക്ഷണവും ദുരന്തനിവാരണവും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും: മന്ത്രി വി ശിവൻകുട്ടി

Spread the love

പാഠ്യപദ്ധതി പരിഷ്‌കരിക്കുമ്പോൾ പ്രകൃതി സംരക്ഷണവും ദുരന്തനിവാരണവും ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്രകൃതി ദുരന്തങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പുതുതലമുറയെ ബോധവൽക്കരിക്കുന്നതിനും അവർക്കാവുന്ന ഇടപെടലുകൾ നടത്തുന്നതിനും എല്ലാ സ്‌കൂളുകളിലും പ്രകൃതിസംരക്ഷണ ക്ലബ്ബുകൾ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നിയമസഭാ പുസ്തകോത്സവത്തിന്റെ ഭാഗമായി ‘കാലാവസ്ഥയും ദുരന്തനിവാരണവും’ എന്ന വിഷയത്തിൽ യുണീസെഫ് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഉഷ്ണക്കാറ്റ്, പേമാരി ഉൾപ്പെടെയുള്ള പ്രകൃതി ദുരന്തങ്ങൾ സർവ്വസാധാരണമായിക്കൊണ്ടിരിക്കുകയാണ്. ആഗോളതാപനവും വർദ്ധിക്കുന്നുണ്ട്. സമുദ്ര നിരപ്പിലെ വ്യതിയാനം സാരമായി ബാധിക്കുന്നുണ്ട്. പ്രത്യാഘാതങ്ങൾ ഏറ്റുവാങ്ങുന്നതിനാൽ മുൻപെങ്ങും ഇല്ലാത്ത പ്രസക്തി ഈ വിഷയത്തിനുണ്ട്. മനുഷ്യരും പ്രകൃതിയും ഒത്തുപോകുന്ന ജീവിതക്രമത്തിലൂടേയും ശാസ്ത്രീയ മുൻകരുതൽ നടപടികളിലൂടേയും ദുരന്ത വ്യാപ്തി കുറയ്ക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

നിയമസഭയുടെ പുസ്തകോത്സവം സംസ്ഥാനത്തിനുമാത്രമല്ല, ദേശീയ തലത്തിലും മാതൃകയാണ്. വർത്തമാനകാലഘട്ടത്തിൽ സാങ്കേതികവിദ്യയുടെ മുന്നേറ്റമുണ്ടെങ്കിലും പുസ്തകം മരിക്കുന്നില്ല. പുസ്തകത്തിന് പകരംവയ്ക്കാൻ മറ്റൊന്നില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

വിവിധ തരത്തിലുള്ള പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യതയുള്ള സംസ്ഥാനമാണ് കേരളമെന്ന് യുണീസെഫ് കൺസൾട്ടന്റ് ജോ ജോൺ ജോർജ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനമാണ് ഇതിന് പ്രധാന കാരണം. പ്രകൃതി ദുരന്തങ്ങളെക്കുറിച്ചും മറ്റ് അപകടങ്ങളെക്കുറിച്ചും മുന്നറിയിപ്പ് നൽകി ദുരന്തസാധ്യത കുറയ്ക്കുന്ന തരത്തിൽ വിദ്യാർത്ഥികളും യുവജനങ്ങളും സജ്ജരാകണമെന്നും ‘ദുരന്ത നിവാരണത്തിൽ യുവജനങ്ങളുടെ പങ്ക്’  എന്ന വിഷയത്തിൽ  സംസാരിച്ച അദ്ദേഹം ആവശ്യപ്പെട്ടു.

സ്‌കൂൾ കുട്ടികൾക്കുള്ള സൗജന്യ പുസ്തകവിതരണത്തിന്റെ ഉദഘാടനം നിയമസഭാ സ്പീക്കർ എ എൻ ഷംസീർ നിർവ്വഹിച്ചു. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു.

Author