ഡീലര്‍മാര്‍ക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കാന്‍ സെയില്‍-സൗത്ത് ഇന്ത്യന്‍ ബാങ്ക് ധാരണ

Spread the love

കൊച്ചി: രാജ്യത്തുടനീളമുള്ള സെയിലിന്റെ ഡീലര്‍മാര്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയും (സെയില്‍)സൗത്ത് ഇന്ത്യന്‍ ബാങ്കും ധാരണയിലെത്തി. സൗത്ത് ഇന്ത്യന്‍ ബാങ്കിനെ പ്രതിനിധീകരിച്ച് പ്രവീണ്‍ ജോയിയും (ഹെഡ്-ട്രാന്‍സാക്ഷന്‍ ബാങ്കിങ് ഗ്രൂപ്പ്) സെയിലിനെ പ്രതിനിധീകരിച്ച് സുരേന്ദ്ര കുമാര്‍ ശര്‍മയും (സിജിഎം-ഫിനാന്‍സ് ആന്റ് അക്കൗണ്ട്‌സ്) ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ജില്‍ജിത്ത് ജെ (എജിഎം & റീജനല്‍ ഹെഡ്-കൊല്‍ക്കത്ത, സൗത്ത് ഇന്ത്യന്‍ ബാങ്ക്), ചൈതലി ദേബ് (ജിഎം- ഫിനാന്‍സ് & അക്കൗണ്ട്‌സ്, സെയില്‍) എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

‘ഈ സഹകരണത്തിലൂടെ സെയില്‍ ഡീലര്‍മാര്‍ക്ക് പ്രവര്‍ത്തന മൂലധനത്തിനും പ്രത്യേകിച്ച് സ്റ്റീല്‍ സംഭരണത്തിനും ആവശ്യമായ സാമ്പത്തിക സഹായം നല്‍കാന്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് കഴിയും. രാജ്യത്തുടനീളമുള്ള 928 ബാങ്ക് ശാഖകള്‍ വഴി സെയിലിന്റെ എംഎസ്എംഇ, കോര്‍പറേറ്റ് ഉപഭോക്താക്കള്‍ക്ക് ഈ സേവനം നല്‍കാന്‍ കഴിയും. തങ്ങളുടെ ഭാവി ഇടപാടുകള്‍ കൈകാര്യം ചെയ്യാന്‍ ആവശ്യമായ സാമ്പത്തിക ഇടം ഈ സഹകരണത്തിലൂടെ ഡീലര്‍മാര്‍ക്ക് ലഭിക്കുമെന്ന് ഉറപ്പുണ്ട്. സ്റ്റീല്‍ വ്യവസായങ്ങളുടെ ഒരു പ്രധാനഘടകമായതിനാല്‍ ഈ കരാര്‍ സെയിലിനും കൂടുതല്‍ ഗുണം ചെയ്യും. ഇത് ഇന്ത്യയുടെ ഉരുക്ക് ഉല്‍പ്പാദനത്തിന് പ്രോത്സാഹനമാകുകയും കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന അടിസ്ഥാനസൗകര്യ, വ്യാവസായിക മുന്നേറ്റത്തെ സഹായിക്കുകയും ചെയ്യും,’ സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ മുരളി രാമകൃഷ്ണന്‍ പറഞ്ഞു.

അടിസ്ഥാന സൗകര്യങ്ങള്‍ക്കും വ്യാവസായിക വികസനത്തിനും സ്റ്റീല്‍ ഒരു അത്യന്താപേക്ഷിത ഘടകമാണ്. രാജ്യത്തെ എല്ലാ ജില്ലകളിലും ഗുണനിലവാരമുള്ള സ്റ്റീലിന്റെ ലഭ്യത ഉറപ്പാക്കുന്ന തലത്തില്‍ സെയിലിന് ഡീലര്‍മാരുടെ വിപുലമായ ശൃംഖലയുണ്ട്. സൗത്ത് ഇന്ത്യന്‍ ബാങ്കുമായുള്ള സഹകരണം മത്സരക്ഷമമായ നിരക്കില്‍ ഡീലര്‍മാര്‍ക്ക് മികച്ച ബദല്‍ സാമ്പത്തിക സഹായ വഴികള്‍ തുറക്കും. ഇത് സ്റ്റീലിന്റെ സുഗമമായ ലഭ്യത ഉറപ്പാക്കുകയും അതുവഴി വ്യവസായങ്ങളുടെ തടസമില്ലാത്ത പ്രവര്‍ത്തനത്തിന് സഹായകമാകുകയും ചെയ്യും. സെയില്‍ സിജിഎം-ഫിനാന്‍സ് ആന്റ് സിഎംഒ സുരേന്ദ്ര ശര്‍മ പറഞ്ഞു.

Photo caption:- സെയിലിന്റെ ഡീലര്‍മാര്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനുളള സെയില്‍-സൗത്ത് ഇന്ത്യന്‍ ബാങ്ക് ധാരണാപത്രം പ്രവീണ്‍ ജോയിയും (ഹെഡ്-ട്രാന്‍സാക്ഷന്‍ ബാങ്കിങ് ഗ്രൂപ്പ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് ) സുരേന്ദ്ര കുമാര്‍ ശര്‍മയും (സിജിഎം-ഫിനാന്‍സ് ആന്റ് അക്കൗണ്ട്സ്, സെയില്‍) പരസ്പരം കൈമാറുന്നു. ജില്‍ജിത്ത് ജെ (എജിഎം & റീജനല്‍ ഹെഡ്-കൊല്‍ക്കത്ത, സൗത്ത് ഇന്ത്യന്‍ ബാങ്ക്), ചൈതലി ദേബ് (ജിഎം- ഫിനാന്‍സ് & അക്കൗണ്ട്സ്, സെയില്‍) എന്നിവര്‍ സമീപം.

Report : Anthony PW

 

Author