‘ഇവോൾവ് 2023’ അന്തർദേശീയ കോൺഫറൻസ് 19 മുതൽ

Spread the love

സംസ്ഥാന മോട്ടോർ വാഹന വകുപ്പ് സംഘടിപ്പിക്കുന്ന അന്തർദേശീയ കോൺഫറൻസ് ‘ഇവോൾവ് -2023’ ഇന്ന് (ജനുവരി 19) വൈകിട്ട് 6.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഹയാത്ത് റീജൻസിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രിമാരായ ആന്റണി രാജു, പി. രാജീവ്, കെ.എൻ. ബാലഗോപാൽ, കെ. രാജൻ, തമിഴ്‌നാട് ഗതാഗത മന്ത്രി എസ്.എസ്. ശിവശങ്കർ, പുതുച്ചേരി ഗതാഗത മന്ത്രി എസ്. ചന്ദിര പ്രിയങ്ക, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.

ജനുവരി 19 മുതൽ 21 വരെ തിരുവനന്തപുരം തൈക്കാട് ഹയാത്ത് റീജൻസിയിൽ അന്തർദേശീയ കോൺഫറൻസും തൈക്കാട് പോലീസ് ഗ്രൗണ്ടിൽ വെഹിക്കിൾ എക്‌സ്‌പോയും നടക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഫോസിൽ ഇന്ധനങ്ങളിൽ നിന്നും ഹരിത ഇന്ധനങ്ങളിലേക്കു ലോകം മാറുന്ന സാഹചര്യത്തിൽ സാങ്കേതിക വിദ്യകൾ, സാമ്പത്തിക നയം എന്നിവയെക്കുറിച്ചുള്ള വിവിധ സെഷനുകളിൽ ദേശീയ, അന്തർദേശീയ പ്രതിനിധികൾ പങ്കെടുക്കുകയും വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്യും.

കൂടുതലായി സി.എൻ.ജി, എൽ.എൻ ജി, എൽ പി.വി. തുടങ്ങിയ ഹരിത ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ വരേണ്ട സാഹചര്യത്തിൽ ബാറ്ററി ലഭ്യത, ചാർജിംഗ് സമയത്തിലെ ദൈർഘ്യം, ബാറ്ററികൈമാറ്റം, ചാർജിങ് സ്റ്റേഷനുകൾ എന്നിവ വിശദമായി ചർച്ച ചെയ്യും. സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കൂടി വരുന്നുവെന്നത് ആശാവഹമാണ്. വിവിധ കമ്പനികളുടെ വ്യത്യസ്ത ഇലക്ട്രിക്, ഹരിത ഇന്ധന വാഹനങ്ങളുടെ പ്രദർശനം, ഫിനാൻസ് സംബന്ധമായ സംശയങ്ങൾക്ക് ബാങ്ക് ശാഖ കൗണ്ടറുകൾ എന്നിവയും ഉണ്ടാകും. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്നും മന്ത്രി അറിയിച്ചു. ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ, അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ പി.എസ്. പ്രമോജ് ശങ്കർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Author