പശ്ചിമഘട്ടം പരിസ്ഥിതിലോലമാക്കിയവരുടെ കര്‍ഷകസ്‌നേഹം കാപഠ്യം : അഡ്വ.വി.സി. സെബാസ്റ്റ്യന്‍

Spread the love

കോട്ടയം: പശ്ചിമഘട്ടത്തെയൊന്നാകെ പരിസ്ഥിതിലോലമാക്കി വന്യജീവികള്‍ക്ക് കര്‍ഷകഭൂമിയിലേയ്ക്ക് കുടിയിറങ്ങുവാന്‍ അവസരം സൃഷ്ടിച്ചവരുടെയും പരിസ്ഥിതി മൗലികവാദികളുടെയും കര്‍ഷകസ്‌നേഹം കാപഠ്യമാണെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ വി.സി സെബാസ്റ്റ്യന്‍ പറഞ്ഞു.

ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ പരിസ്ഥിതിലോല റിപ്പോര്‍ട്ടുകളെത്തുടര്‍ന്നുണ്ടായ പ്രതിസന്ധികളും ഭീകരതയും ഇന്നും പശ്ചിമഘട്ടജനത അനുഭവിക്കുകയാണ്. അധികാരത്തിലിരുന്ന് പരിസ്ഥിതിലോല മേഖലകളും ബഫര്‍സോണും സൃഷ്ടിച്ചവരാണ് ഇന്ന് ബഫര്‍സോണിനെതിരെ സമരം ചെയ്ത് ജനങ്ങളെ

വിഢികളാക്കുന്നത്. 2011ല്‍ ബഫര്‍സോണ്‍ മാര്‍ഗ്ഗരേഖയും നിബന്ധനകളും സൃഷ്ടിച്ചത് കോണ്‍ഗ്രസ് നേതൃത്വ യുപിഎ സര്‍ക്കാരാണ്. 1980ലെ വനനിയമം റദ്ദുചെയ്യണമെന്നും വര്‍ദ്ധിച്ചുവരുന്ന വന്യജീവികളെ വിദേശരാജ്യങ്ങളിലേതുപോലെ ഉന്മൂലനം ചെയ്യണമെന്നും വന്യജീവികളെ വനത്തില്‍ സംരക്ഷിക്കണമെന്നും കര്‍ഷകസംഘടനകളുടെ നിരന്തരമായുള്ള ആവശ്യം അട്ടിമറിച്ച കപട പരിസ്ഥിതിവാദികളുടെ ഇപ്പോഴത്തെ നിലപാട് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്തിമവിജ്ഞാപനമിറക്കുക എന്ന തന്ത്രം മാത്രമാണ്. വന്യജീവി അക്രമങ്ങളെ അപലപിക്കുന്ന പരിസ്ഥിതി മൗലികവാദികള്‍ വനവല്‍ക്കരണത്തിനും ആഗോള കാര്‍ബണ്‍ ഫണ്ടിനുമായി പശ്ചിമഘട്ടജനതയെ തീറെഴുതിക്കൊടുത്ത് ലോകപൈതൃക സമിതിക്കുമുമ്പില്‍ സമര്‍പ്പിച്ചിരിക്കുന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കര്‍ഷക രക്ഷയെക്കരുതി പിന്‍വലിക്കാന്‍ തയ്യാറുണ്ടോയെന്ന് വ്യക്തമാക്കണം.

വിവിധ രാജ്യങ്ങളില്‍ നടപ്പിലാക്കുന്നതും ആഗോള അംഗീകാരമുള്ളതുമായ വന്യജീവികളുടെ വര്‍ദ്ധനവ് നിയന്ത്രിക്കുന്ന നിയമങ്ങള്‍ ഇന്ത്യയില്‍ നടപ്പിലാക്കുന്നതിന് യാതൊരു തടസ്സവുമില്ല. ഇതിനു ശ്രമിക്കാതെ കര്‍ഷകദ്രോഹസമീപനം സ്വീകരിക്കുന്ന ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതൃത്വങ്ങളെയും സംഘടിച്ചു നേരിടാന്‍ കര്‍ഷകരുള്‍പ്പെടെ പൊതുസമൂഹത്തിനാകണമെന്നും ജീവന്‍ രക്ഷിക്കാന്‍വേണ്ടി ജനങ്ങള്‍ നിയമം കൈയിലെടുക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നും വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.

അഡ്വ.വി.സി.സെബാസ്റ്റ്യന്‍
സെക്രട്ടറി ജനറല്‍, ഇന്‍ഫാം
+91 70126 41488

Author