പാഠ്യപദ്ധതി പരിഷ്കരണം: നൈപുണ്യവികസനത്തിന് പ്രാധാന്യം നൽകുമെന്ന് മന്ത്രി വി.ശിവൻകുട്ടി

Spread the love

ഹയർസെക്കൻഡറി തലങ്ങളിൽ നൈപുണ്യ വികസനവും ഉൾപ്പെടുത്തി പാഠ്യപദ്ധതി പരിഷ്ക്കരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വി. ശിവൻ കുട്ടി പറഞ്ഞു. ചൊവ്വര ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പാഠ്യപദ്ധതിയിൽ കാലാനുസൃതമായി സമഗ്രമായ മാറ്റത്തിന് ഒരുങ്ങുകയാണ്. വിദ്യാഭ്യാസം കാലികമാണെങ്കിലും ഭാവി കേന്ദ്രീകൃതമായിരിക്കണം.പൊതുവിദ്യാഭ്യാസ രംഗത്ത് മികച്ച രീതിയിലുള്ള സമഗ്ര മാറ്റമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. മാതൃഭാഷയ്ക്കൊപ്പം തന്നെ ഇംഗ്ലീഷ് ഭാഷ ഉൾപ്പെടെയുള്ളവയ്ക്കും പാഠ്യപദ്ധതി പരിഷ്ക്കരണത്തിൽ പരിഗണന നൽകും. കേരളത്തിന്റെ വൈവിധ്യമായ സംസ്ക്കാരത്തിന് അനുയോജ്യമായ മാറ്റമാണ് പദ്ധതിയിൽ ഉൾപ്പെടുത്തുക. സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖലയിലെ വികസനത്തിനായി പ്രതിപക്ഷവും ഭരണപക്ഷവും ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിനായി കീഴ്മാട് ജി.യു.പി.എസ് സ്കൂളിന് പ്ലാൻ ഫണ്ടിൽ നിന്ന് രണ്ടുകോടി രൂപ അനുവദിച്ചതായും മന്ത്രി പ്രഖ്യാപിച്ചു.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അടിസ്ഥാന സൗകര്യ വികസനത്തിൽ ഉൾപ്പെടുത്തി കിഫ്ബി ഫണ്ടിൽ നിന്ന് ഒരു കോടി രൂപ അനുവദിച്ചാണ് സ്കൂളിന്റെ പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ഇരുനിലകളിലായി 6 ക്ലാസ് റൂമുകൾ അടങ്ങുന്നതാണ് കെട്ടിടം. സ്കൂളിൽ നിന്ന് വിരമിച്ച പ്രധാന അധ്യാപിക എൻ.സി മേഴ്സിയെ മന്ത്രിയുടെ നേതൃത്വത്തിൽ ആദരിച്ചു.

അൻവർ സാദാത്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. ബെന്നി ബഹന്നാൻ എം.പി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ എം.ജെ ജോമി, ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ.ഷബീറലി, ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി മാർട്ടിൻ, വൈസ് പ്രസിഡന്റ് സിന്ധു പാറപ്പുറം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ കെ.പി അനൂപ്, വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ആന്റണി വടക്കുംചേരി, ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ എൻ.സി ഉഷാകുമാരി, വാർഡ് അംഗം കെ.പി സുകുമാരൻ, പ്രിൻസിപ്പൽ വി.ടി വിനോദ് തുടങ്ങിയവർ പങ്കെടുത്തു.

Author